ചൂടുകാലത്ത് കെഎസ്ഇബിയുടെ 'സമ്മാനം'; ഏപ്രിലിലും സര്‍ചാര്‍ജ് ഈടാക്കും: യൂണിറ്റിന് ഏഴ് പൈസ
തിരുവനന്തപുരം: ചൂടുകാലത്ത് ഉപയോക്താക്കള്‍ക്ക് എട്ടിന്റെ പണി നല്‍കി കെഎസ്ഇബി. ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കാനൊരുങ്ങുകയാണ് വൈദ്യുതി ബോര്‍ഡ്. യൂണിറ്റിന് ഏഴ് പൈസയാണ് ഏപ്രിലില്‍ സര്‍ചാര്‍ജ് പിരിക്കുക. ഈ മാസം യൂണിറ്റിന് എട്ട് പൈസയായിരുന്നു സര്‍ചാര്‍ജ്. സംസ്ഥാനത്ത് ഡിസംബറില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന്റെ ആഘാതത്തിനു പിന്നാലെയാണ് ഉപഭോക്താക്കളുടെ മേല്‍ ഇരട്ടി പ്രഹരം ഏല്‍പ്പിച്ച് സര്‍ചാര്‍ജ് കൂടി ഈടാക്കുന്നത്.
ഫെബ്രുവരിയില്‍ 14.83 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായതായി കെഎസ്ഇബി അറിയിച്ചു. ഈ തുകയാണ് ഏപ്രിലില്‍ പിരിച്ചെടുക്കുന്നത്. പ്രതിമാസ ബില്ലിങ് ഏര്‍പ്പെടുത്തുന്നവര്‍ക്ക് ഈ മാസം യൂണിറ്റിന് ആറ് പൈസയും ദ്വൈമാസ ബില്ലിങ് ഏര്‍പ്പെടുത്തുന്നവര്‍ക്ക് എട്ട് പൈസയുമായിരുന്നു സര്‍ചാര്‍ജ്.

2024 ഡിസംബറില്‍ വൈദ്യുതി വാങ്ങിയതില്‍ 18.13 കോടിയുടെ അധിക ബാധ്യതയുണ്ടായതുകൊണ്ടാണ് ഫെബ്രുവരിയില്‍ സര്‍ചാര്‍ജ് പിരിച്ചത്. ഫെബ്രുവരിയില്‍ വൈദ്യുതി യൂണിറ്റിന് 10 പൈസ വെച്ചാണ് സര്‍ചാര്‍ജ് പിരിച്ചത്.
2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് വൈദ്യുതോല്‍പ്പാദനം കുറച്ചിട്ടുണ്ട്.












Click it and Unblock the Notifications