എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; പകരം സാധ്യത ഇവർക്ക്
പിവി അൻവർ എം എൽ എയുടെ ആരോപണങ്ങൾക്ക് പിന്നാലെ എ ഡി ജി പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാൻ സർക്കാർ. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനോ അല്ലെങ്കിൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്കോ ആയിരിക്കും പകരം ചുമതല. അൻവറിന്റെ ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
അജിത് കുമാറിന് ക്രമസമാധാന ബറ്റാലിയൻ ചുമതലയുണ്ട്. ഇത് നിലനിർത്തിയേക്കുമെന്നാണ് സൂചന. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികൾ ആലോചിക്കുന്നുണ്ട്. ജയിൽ ഡിജിപിയാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവി കെ പത്മകുമാറിന്റെ നേതൃത്വത്തിലായിരിക്കും അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ പേരും പരിഗണനയിൽ ഉണ്ട്.

ഇന്ന് പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിനിടെയായിരുന്നു അൻവർ എം എൽ എയുടെ ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.'എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. അച്ചടക്കം പ്രധാനമാണ്. അത് തടസപ്പെടുത്തുന്ന നടപടികൾ വെച്ച് പൊറുപ്പിക്കില്ല വിഷയം ഉന്നത ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുമെന്നും ഇത് സംബന്ധിച്ച് ഉടൻ ഉത്തരവ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പോലീസ് സേനയിൽ ചില പുഴുക്കുത്തുകളുണ്ട്. ഇത്തരക്കാരാണ് പോലീസ് സേനയുടെ സത്പേരിന് കളങ്കം ഉണ്ടാക്കുന്നത്.ഇത്തക്കാർ സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഇങ്ങനെയുള്ളവർ സേനയിൽ വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അജിത് കുമാർ പോലീസിലെ കൊടും ക്രിമിനൽ ആണെന്നായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ ആരോപിച്ചത്. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണ്. ഡാൻസാഫ് പ്രവർത്തിക്കുന്നത് സ്വർണ്ണക്കടത്ത് ലോബിയുമായി ചേർന്നാണ്. ദാവൂദ് ഇബ്രാഹിം മോഡൽ ഓപ്പറേഷനാണ് അജിത് കുമാർ നടത്തുന്നത് സ്വർണകടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നൊരാളെ ഒരു വർഷം മുൻപ് കാണാതായിട്ടുണ്ട്. കൊന്നുകളഞ്ഞു എന്നാണ് കരുതുന്നത്. കൊള്ളയുടെയെല്ലാം തലപ്പത്ത് അജിത് കുമാർ ആണ്', എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.
അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരേയും പിവി അൻവർ ആരോപണം ഉയർത്തിയിരുന്നു. അദ്ദേഹത്തിനെതിരെ എന്ത് നടപടിയുണ്ടാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications