പൂരം കലക്കിയത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് അജിത് കുമാര്‍; തിരുവമ്പാടി ദേവസ്വത്തിന് വിമര്‍ശനം
തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍. പൂരം കലക്കല്‍ അന്വേഷിച്ച് ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അജിത് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവമ്പാടി ദേവസ്വത്തെ രൂക്ഷ വിമര്‍ശിച്ച് കൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരെടുത്ത് കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് എന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ബി ജെ പിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആര്‍ എസ് എസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകള്‍ മൊഴിയുടെ രൂപത്തില്‍ അനുബന്ധമായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദേവസ്വത്തിലെ ചിലര്‍ ഗൂഢാലോചന നടത്തി പൂര നാളില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട്.

തല്‍പരകക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചെന്നാണ് അജിത് കുമാറിന്റെ കണ്ടെത്തല്‍. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അനുവദിക്കാതിരുന്നാല്‍ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരം നിര്‍ത്തിവെപ്പിച്ച് സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നും അജിത് കുമാര്‍ പറയുന്നു.
പൂരം അട്ടിമറിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തല്‍പര കക്ഷികള്‍ ഉപയോഗിച്ചു എന്നാണ് കണ്ടെത്തല്‍. 'പൊലീസ് നിയമപരമായാണു പ്രവര്‍ത്തിച്ചത്. അതേസമയം കമ്മീഷണര്‍ അങ്കിത് അശോകന്റെ പ്രവര്‍ത്തനത്തോടുള്ള നീരസം ചില പൊലീസ് ഉദ്യോഗസ്ഥര്‍ പൂരക്കാര്യത്തില്‍ ഉപയോഗപ്പെടുത്തി. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അട്ടിമറി സൂചനകളൊന്നും നല്‍കിയിരുന്നില്ല.
പൂരം നടത്തുകയല്ല, തൊടുന്യായം പറഞ്ഞു പൂരം അട്ടിമറിക്കുകയായിരുന്നു ഉദ്ദേശ്യം,' റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഡിജിപിക്ക് അജിത് കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഡി ജി പി ഈ റിപ്പോര്‍ട്ട് തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോള്‍ അജിത് കുമാര്‍ എന്ത് ചെയ്‌തെന്നായിരുന്നു ഡിജിപിയുടെ വിമര്‍ശനം. അതേസമയം പൂരം കലക്കലില്‍ ത്രതല അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
എഡിജിപിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് വിശദമായി അന്വേഷിച്ചു കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാനുള്ള ചുമതല ഇന്റലിജന്‍സ് മേധാവിക്കാണ്. അജിത് കുമാറിന് വീഴ്ച സംഭവിച്ചോ എന്ന് ഡിജിപി നേരിട്ടാണ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications