കൈതോലപ്പായയില്‍ പണം കടത്ത്: പരാതിയുമായി കോണ്‍ഗ്രസ്, എഡിജിപി അന്വേഷിക്കും
തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കടത്തി എന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ആരോപണം എ ഡി ജി പി അന്വേഷിക്കും. കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ദേശാഭിമാനി മുന്‍ അസോസേിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചാലക്കുടി എം പിയുമായ ബെന്നി ബെഹനാനാണ് ഡി ജി പിക്ക് പരാതി നല്‍കിയത്.
ഈ പരാതി ഡി ജി പി ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് കൈമാറുകയായിരുന്നു. സി പി എമ്മിന്റെ ഒരു ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസില്‍ 2 ദിവസം ചെലവിട്ട് സമ്പന്നരില്‍ നിന്നും പണം കൈപ്പറ്റി എന്നും അതില്‍ രണ്ട് കോടിയിലേറെ രൂപ എണ്ണി തിട്ടപ്പെടുത്തുന്നതിന് താന്‍ സാക്ഷി ആണെന്നും ആയിരുന്നു ശക്തിധരന്റെ ആരോപണം. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നും ശക്തിധരന്‍ ആരോപിച്ചിരുന്നു.

നിലവിലെ മന്ത്രിസഭയിലെ ഒരംഗവും ആ കാറില്‍ ഉണ്ടായിരുന്നു എന്നും ശക്തിധരന്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം ബി ജെ പിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് തേച്ചുമായ്ച്ച് കളയാനാണ് എ ഡി ജി പിയെ ഏല്‍പ്പിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശക്തിധരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. മുഖ്യമന്ത്രിക്ക് റിയല്‍ എസ്റ്റേറ്റുകാരുമായി ചേര്‍ന്ന് 1500 ഏക്കര്‍ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണത്തില്‍ പ്രതികരിക്കാന്‍ സി പി എം നേതാക്കളാരും ഇതുവരെ തയ്യാറായിട്ടില്ല.
കെ പി സി സി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും എതിരെ കേസുകളുടെ കുരുക്ക് സര്‍ക്കാര്‍ മുറുക്കുമ്പോഴാണ് മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 'ലീഡ്' എന്ന ഓണ്‍ലൈനില്‍ ആണ് കേരളത്തില്‍ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉന്നത ലോബി പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇതും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.












Click it and Unblock the Notifications