'നിയമം കണ്ണ് കെട്ടിയിട്ടാണ്. ആയിക്കോട്ടെ, പക്ഷെ നീതി വേണ്ടെന്നല്ലല്ലോ?'
ഒരു ഏഴുവയസ്സുകാരി നരകയാതന അനുഭവിച്ച് മരിച്ച കേസിൽ പന്ത്രണ്ട് വർഷത്തിന് ശേഷം ശിക്ഷാവിധി വന്നിരിക്കുന്നു. അദിതിയെ കൊന്ന അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാനമ്മ റംലത്ത് എന്ന ദേവിക അന്തർജനത്തിനും ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു.
രണ്ടു പേരും രണ്ട് ലക്ഷം രൂപ വീതം പിഴയുമടക്കണം.പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് .കേരളത്തെ മുഴുവൻ കരയിച്ച് പോയ അദിതിക്ക് ഒടുവിൽ നിയമം അനുശാസിക്കുന്ന നീതി കിട്ടിയിരിക്കുന്നു. പന്ത്രണ്ട് കൊല്ലമെന്ന വലിയ വൈകലിന്റെ നീതിനിഷേധം അപ്പോഴും ബാക്കിയാകുന്നു.

ബിലാത്തിക്കുളം ബി.ഇ.എം യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അദിതിയുടെ മരണം നരകയാതന അനുഭവിച്ചായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഉരുട്ടിക്കൊലക്ക് സമാനമായ പാടുകളാണ് അദിതിയുടെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തില്‍ നഖത്തിന്‌റെ പാടുകള്‍. ദിവസങ്ങൾക്ക് മുമ്പ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടമാണ് ഭക്ഷണത്തിന്റേതായി ആമാശയത്തിലുണ്ടായിരുന്നത്.
തിരുവമ്പാടി തട്ടക്കാട്ട് ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയായിരുന്നു അദിതിയുടെ അച്ഛന്‍. കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയിലായിരുന്നു താമസം. അമ്മ ശ്രീജ അപകടത്തിൽ മരിച്ചതോടെയാണ് അദിതിയുടെയും സഹോദരൻ അരുണിന്റെയും ജീവിതത്തിന്റെ നിറങ്ങളെല്ലാം പോയിത്തുടങ്ങിയത്. രണ്ടാനമ്മയായി ദേവിക അന്തർജനം എത്തിയതോടെ ആ കുഞ്ഞ് ജീവിതങ്ങളിൽ നിലവിളികളും പതിവായി. പട്ടിണിയും മർദനവും സ്ഥിരമായി.
സ്കൂളിലെത്തുമ്പോഴായിരുന്നു ആ കുഞ്ഞുങ്ങൾക്ക് ഇത്തിരി നല്ല നേരം കിട്ടിയത്. പരാതി പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതിയിട്ടാണോ അതോ കുഞ്ഞുങ്ങൾക്കുമുള്ള അഭിമാനപ്രശ്നം കൊണ്ടാണോ അതോ ദയവില്ലാത്ത ആളായിരുന്നിട്ടും അച്ഛനെ സ്നേഹിച്ചത് കൊണ്ടാണോ , കാരണം എന്തായാലും വീട്ടിൽ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ചോ വേദനയെ കുറിച്ചോ അദിതിയോ അരുണോ ഒന്നും സ്കൂളിൽ മിണ്ടിയില്ല. നന്നായി കവിത ചൊല്ലുമായിരുന്ന അദിതിയുടെ ഉള്ളിൽ സങ്കടക്കടൽ ആർത്തലക്കുന്നത് അധ്യാപകർ ആരും അറിഞ്ഞില്ല. കുട്ടികളുടെ ക്ഷീണത്തിന് കാരണം ഭയങ്കര പീഡനമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.
അച്ഛനും രണ്ടാനമ്മയും അദിതിയേയും അരുണിനേയും സ്ഥിരമായി മര്‍ദ്ദിക്കുന്നത് ചില അയല്‍ക്കാര്‍ക്കറിയാമായിരുന്നു എന്നാണ് അന്ന് പുറത്ത് വന്ന വിവരം. റെസിഡൻസ് അസോസിയേഷനിൽ പെട്ട ചിലരെത്തി ഇങ്ങനെ തല്ലരുത് കുട്ടികളെ എന്നും പറഞ്ഞത്രെ. അവരിലാരോ പറഞ്ഞിട്ടാകണം, ചൈൽഡ് ലൈൻ പ്രവർത്തകരും വീട്ടിലെത്തിയിരുന്നു. പട്ടിയെ അഴിച്ച് വിട്ട് ഓടിച്ചും വീടിനു മുകളിൽ മറ ഉയർത്തിക്കെട്ടിയും സുബ്രഹ്മണ്യവും ദേവികയും കരുണയുടെ കരങ്ങളെയും കണ്ണുകളെയും അദിതിയിലും അരുണിലും എത്തുന്നത് തടഞ്ഞു. കുട്ടികൾക്ക് ഭക്ഷണം കൊടുത്തില്ലെങ്കിലും പട്ടിക്ക് നല്ല തീറ്റ കൊടുത്തും ആരെയും അകത്ത് കടത്താതെ മറച്ചും അവർ രണ്ട് പേരും കുട്ടികളുടെ മേൽ പീഡനം തുടർന്നു.
അച്ഛനും ഇല്ലാതിരുന്ന സമയത്താണ് അദിതിക്ക് പൊള്ളേലൽക്കുന്നത്. പേസ്റ്റ് തേക്കുക എന്നതിനപ്പുറം ചികിത്സയുണ്ടായില്ല. കൊടുംവേദന കടിച്ച് പിടിച്ച് നടക്കുന്നതിനിടെ ആ കുഞ്ഞ് അറിയാതെ മൂത്രമൊഴിച്ച് പോയി. വൃത്തിയില്ലാത്ത അസത്തെന്ന് പറഞ്ഞ് സ്വന്തം അച്ഛൻ ആ കുഞ്ഞിനെ പട്ടിക കൊണ്ട് അടിച്ചു. വീണു പോയ അവൾ എഴുന്നേൽക്കാതെയായപ്പോഴാണ് ആശുപത്രിയിൽ കൊണ്ടു പോയത്. ആ കുഞ്ഞുശരീരം കണ്ട ഡോക്ടർമാർ ഞെട്ടി. അങ്ങനെ അദിതിയുടെ വേദന ലോകമറിഞ്ഞു. പക്ഷേ വല്ലാതെ വൈകിപ്പോയിരുന്നു. ആശുപത്രിയിലെത്തി രണ്ടാം ദിവസം കുട്ടി മരിച്ചു. 2013 ഏപ്രിലിൽ.
പിന്നെ ലോകം വിരമറിഞ്ഞു. പ്രതിഷേധമായി. തെളിവെടുപ്പിന് കൊന്ന സുബ്രഹ്മണ്യനേയും ദേവികയേയും നാട്ടുകാര്‍ വളഞ്ഞു. പിന്നാലെ പല കഥകൾ വന്നു. ദേവികയുടെ യഥാർത്ഥ പേര് റംലത്ത് എന്നാണ്, വിഗ്രഹമോഷണമായിരുന്നു ലക്ഷ്യം, മുമ്പൊരു കേസിൽ റംലത്ത് പ്രതിയായിരുന്നു.അങ്ങനെ പല കഥകൾ. അതിന് പഞ്ഞമുണ്ടായില്ല. ആ കഥകളിൽ ചോദ്യമില്ല എന്ന് പറഞ്ഞ് മാറ്റിവെക്കാമെങ്കിലും കുഞ്ഞ് അദിതി ബാക്കി വെച്ച ചോദ്യങ്ങളുണ്ട്. അത് ഇപ്പോഴും പ്രസക്തമാണ്. അത് ഇന്നും നമ്മുടെ മനഃസാക്ഷിയെ വേദനിപ്പിക്കും. നമ്മുടെ ഉള്ള് കീറിമുറിക്കും.
ഒരിക്കൽ വന്ന് ചോദിച്ചു എന്നത് ശരി തന്നെ. മറുപടി തൃപ്തികരമല്ല എന്നറിഞ്ഞിട്ടും വേദന സഹിക്കുന്നത് എന്തിനെന്ന് പോലും അറിയാൻ കഴിയാതെ രണ്ട് കുഞ്ഞുങ്ങളുണ്ട് അടച്ചിട്ട വാതിലിനപ്പുറം എന്നറിഞ്ഞിട്ടും കൂടുതൽ പരിശോധനകൾക്കോ അന്വേഷണങ്ങൾക്കോ ആരും മുതിരാതിരുന്നത് എന്ത് കൊണ്ടാകും? ഒരിക്കൽ പട്ടിയെ പേടിച്ച് ഓടിയ ചൈൻഡ് ലൈൻ പ്രവർത്തകർ പിന്നെ ഒരിക്കൽ കൂടി എന്തേ വന്നില്ല? ഏഴു വയസ്സുകാരിയെ പട്ടിക കൊണ്ടടിച്ച് നിലത്ത് വീഴ്ത്താനും പട്ടിണിക്കിടാനും ഒരു മനുഷ്യന് എങ്ങനെ കഴിയുന്നു? ഈ കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി എന്തടിസ്ഥാനത്തിലാകും വിലയിരുത്തിയിട്ടുണ്ടാവുക? ഇത്രയും വലിയ ക്രൂരത കൊലപാതകമല്ലെങ്കിൽ വേറെ എന്താണ്? നിയമം കണ്ണ് കെട്ടിയിട്ടാണ്. ആയിക്കോട്ടെ. നീതി വേണ്ടെന്നല്ലല്ലോ. അദിതിയെ ഇഞ്ചിഞ്ചായി കൊന്നവർക്ക് ശിക്ഷ വിധിക്കാൻ 12 കൊല്ലം വൈകിയത് എന്തേ?
ഇടക്കെപ്പോഴോ അമ്മയുടെ വീട്ടിൽ പോയതു കൊണ്ടാണ് അരുൺ ദയനീയ വിധിയിൽ നിന്ന് ഒരു പക്ഷേ രക്ഷപ്പെട്ടത്. സഹോദരിയുടെ കൂട്ടും പോയതിന് പിന്നാലെ അരുൺ ചെറിയച്ഛന്റേയും അച്ഛമ്മയുടെയും തണലിലേക്കും പുതിയ താമസത്തിലേക്കും സ്കൂളിലേക്കും മാറിയിരുന്നു. പന്ത്രണ്ട് വർഷം കൊണ്ട് അരുൺ മുതിർന്നിട്ടുണ്ട്. പക്ഷേ അവന്റെ ഉള്ളിൽ ഇപ്പോഴും കരയുന്ന അനിയത്തിക്കുട്ടിയുണ്ടാകും എന്നുറപ്പല്ലേ? അച്ഛനും രണ്ടാനമ്മയും ഏൽപിച്ച മുറിവുകൾ ഉൾചങ്ങലയാകാതിരിക്കാൻ ആ കുട്ടി എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും? കഷ്ടപ്പെടുന്നുണ്ടാകും? ഇന്നിപ്പോൾ ശിക്ഷാവിധിയുടെ വാർത്ത വരുമ്പോൾ ആ പീഡനപർവവും ആ വേദനയും മൊത്തത്തിൽ ഒന്ന് റീവൈൻഡ് ആകുമ്പോൾ ആ മനസ്സ് പിടയുന്നുണ്ടാകില്ലേ? യഥാർത്ഥത്തിൽ സുബ്രഹ്മണ്യവും റംലത്തും കൊന്നത് അദിതിയെ മാത്രമല്ല. അരുൺ എന്ന കുഞ്ഞിനെ കൂടിയാണ്. പറക്കമുറ്റും മുമ്പ് വേദനയുടെ ചിറകിലേറി വല്ലാതെ മുതിർന്ന് പോകേണ്ടി വന്ന മനസ്സ് മരവിച്ച് പോയ ഒരു ബാല്യം കൂടിയാണ് അവർ രണ്ട് പേരും ഇല്ലാതാക്കിയത്.
നമുക്ക് അദിതിക്കായി എന്ത് ചെയ്യാനാകും? കഥകളിൽ പറയുന്ന പോലെ ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങളിൽ ഒന്ന് ആ കുഞ്ഞായിരിക്കുമെന്ന് സമാധാനിക്കാം. വേദനകളില്ലാത്ത ലോകത്ത് അമ്മ ശ്രീജക്കൊപ്പം അദിതി സുഖമായിരിക്കുന്നു എന്ന് ആശ്വസിക്കാം. അതോ ഭാവനകൾ നൽകുന്ന സമാശ്വാസത്തിന് പകരം അയൽപക്കങ്ങളിൽ നിന്ന് അടക്കിപ്പിടിച്ച് കുഞ്ഞ് കരച്ചിലുകൾ ഉയരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണോ? ഇല്ല എന്ന ഒറ്റ ഉത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിക്കാതിരിക്കാം. ഒരിക്കൽ പേടിച്ച് ഓടിയാലും സംശയമുണ്ടെങ്കിൽ തിരിച്ചുവരാം. നമുക്ക് അറിയില്ലാലോ, ദുർബലമായ തേങ്ങലുകൾ അടക്കിപ്പിടിച്ച് ഏതെങ്കിലും അദിതി എവിടെയെങ്കിലും കരയുന്നുണ്ടോ എന്ന്. അങ്ങനെയുള്ള കുട്ടികളെ മരണമെന്ന അന്തിമനീതിക്കായി വിട്ടുകൊടുക്കാതെ തിരിച്ചുപിടിക്കുന്നതാണ് മനുഷ്യത്വമുള്ളവർക്ക് ഈ നാടിന് അദിതിക്കായി ചെയ്യാൻ കഴിയുന്ന പ്രായശ്ചിത്തം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications