ആദിത്യയും വിജയപഥത്തില്‍: അഭിമാനമായി കേരളത്തിലെ ഈ നാല് പൊതുമേഖല സ്ഥാപനങ്ങള്‍
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം വിജയകരമായി പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ കരസ്ഥമാക്കിയത് മറ്റൊരു അഭിമാനനേട്ടം. കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു
കെൽട്രോൺ, എസ് ഐ എഫ് എൽ, ടി സി സി, കെ എ എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പി എസ് എല്‍ വി സി 57 ആദിത്യ എൽ1 മിഷന്റെ ഭാഗമായി പി എസ് എല്‍ വി റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്.

ആദിത്യ എൽ1 വിക്ഷേപണ വാഹനമായ പി എസ് എല്‍ വിയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ് ഐ എഫ് എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15CDV6 ഡോം ഫോർജിംഗ്‌സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിംഗുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ് ഐ എഫ് എൽ തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടി സി സിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നതും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണെന്നും വ്യവസായ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ആദിത്യയെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുന്ന പി എസ് എല്‍ വി റോക്കറ്റിന്റെ നിർണായക ഭാഗങ്ങളായ ലിക്വിഡ് എൻജിനുകൾ വികസിപ്പിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെൻ്ററിലാണ്. ആദിത്യ എൽ-1 റോക്കറ്റിലെ പ്രധാന പേലോഡായ (ശാസ്ത്ര ഉപകരണം) പാപ്പ നിർമ്മിച്ചിരിക്കുന്നത് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻ്ററിലുമാണ്.












Click it and Unblock the Notifications