ആദിവാസി പുനരുദ്ധാരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നു
മാനന്തവാടി: ആദിവാസി പുനരുദ്ധാരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് വന്‍തോതില്‍ ദുരുപയോഗം ചെയ്തതിന് തെളിവ്. സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ മൂലമാണ് ഫണ്ട് വിനിയോഗം സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകാതെ പോയത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കുളത്താടയിലെ റോഡരികില്‍ കാണുന്ന ഓട്ടോറിക്ഷയും, വാട്ടര്‍ ടാങ്കും മാത്രം കണ്ടാല്‍ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നടപ്പാക്കിയ രണ്ട് പദ്ധതികളുടെ ദയനീയ അവസ്ഥ ബോധ്യമാകും.
അര്‍ഹതപ്പെട്ട പലരും ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശരായി മടങ്ങുമ്പോഴാണ് പട്ടികവര്‍ഗ വിഭാഗത്തിന്റെ വികസനം മുന്നില്‍ കണ്ട് നടത്തിയ പദ്ധതികള്‍ കാടു കയറിയും തിരുമ്പെടുത്തും നശിക്കുന്നത്. പാളിപ്പോയ ഇത്തരം പദ്ധതികള്‍ സര്‍ക്കാരിനുണ്ടാക്കുന്നത് സാമ്പത്തിക നഷ്ടം മാത്രമാണ്. മേലെ കുളത്താടയില്‍ നിന്നും വാളാടേക്കുള്ള റോഡരികിലാണ് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വരള്‍ച്ചാ പദ്ധതിയിലുള്‍പ്പെടുത്തി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കുടിവെള്ള പദ്ധതിക്കായി ടാങ്ക് നിര്‍മിച്ചത്. സമീപത്തുള്ള ചിറക്കൊല്ലി ആദിവാസി കോളനിയിലേക്ക് വെള്ളമെത്തിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

പത്തായിരം ലിറ്ററോളം വെള്ളം സംഭരിക്കാനുള്ള ടാങ്കാണ് റോഡരുകില്‍ സ്ഥാപിച്ചത്. എന്നാല്‍ കുടിവെള്ളപദ്ധതി ഇതുവരെ നടപ്പായില്ല. ടാങ്ക് സ്ഥാപിക്കാനായി നിര്‍മിച്ച ഇരുമ്പ് സ്റ്റാന്‍ഡും കുടിവെള്ള ടാങ്കും ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. ഇതിനു തൊട്ടടുത്തായി തിരുമ്പെടുത്തു നശിക്കുന്ന ഒരു ഓട്ടോറിക്ഷയും കാണാന്‍ സാധിക്കും. 2014 ഏപ്രില്‍ 30 ന് മാനന്തവാടി സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും രജിസ്ട്രേഷന്‍ കഴിഞ്ഞ് നിരത്തിലിറക്കിയ ഓട്ടോറിക്ഷയാണിത്.
സമീപത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതിക്ക് സര്‍ക്കാര്‍ നല്‍കിയ ഓട്ടോറിക്ഷയാണ് ഇങ്ങനെ നശിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തെ 500 പട്ടികവര്‍ഗ വനിതകള്‍ക്ക് ഓട്ടോറിക്ഷകള്‍ അനുവദിച്ചിരുന്നു. വയനാട്ടില്‍ നൂറ് ആദിവാസി സ്ത്രീകള്‍ക്കാണ് ഇത്തരത്തില്‍ ഓട്ടോറിക്ഷകള്‍ ലഭിച്ചത്. സംസ്ഥാനത്ത് നല്‍കിയതിന്റെ അഞ്ചിലൊന്ന് വയനാട്ടില്‍ നല്‍കിയെങ്കിലും അവയുടെയൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. മിക്ക ഓട്ടോറിക്ഷകളും ആദ്യകാലങ്ങളില്‍ പുരുഷന്മാരാണ് ഓടിച്ചിരുന്നത്. അത് പാടില്ലെന്ന ഉത്തരവ് വന്നതോടെ പല ഓട്ടോറിക്ഷകലും വീടിന്റെ വിറകു പുരയിലും റോഡോരത്തുമായി നിരത്തിലിറങ്ങാതെ തുരുമ്പെടുക്കാന്‍ തുടങ്ങി.

പട്ടികവര്‍ഗ ക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതികള്‍ തുരുമ്പെടുത്ത് നശിക്കുമ്പോള്‍ പട്ടികവര്‍ഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആരോപണം. അര്‍ഹതപ്പെട്ട പലരും ഉപജീവനത്തിനായി നട്ടം തിരിയുമ്പോഴാണ് സര്‍ക്കാര്‍ അനുവദിച്ച ഓട്ടോറിക്ഷ തുരുമ്പെടുത്ത് നശിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പദ്ധതികള്‍ മിക്കവയും തിരിച്ചടിയാവുന്നുണ്ട്. സൗജന്യമായി ലഭിക്കുന്നതിനാല്‍ അവയുടെ വിലയറിയാതെ അനുവദിച്ച പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന ആരോപണമുണ്ട്.
ഉപജീവനത്തിനായി അനുവദിച്ച പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ അവയുടെ പണം ഗുണഭോക്താക്കളില്‍ നിന്നും സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. റോഡോരത്ത് സ്ഥാപിച്ച ടാങ്കും തുരുമ്പെടുത്ത് നശിക്കുന്ന ഓട്ടോറിക്ഷയും കാരണം പലപ്പോഴായി ഇവിടെ വാഹനാപകടങ്ങളും ഉണ്ടായിട്ടുണ്ട്.
കുളത്താടയിലെ റോഡരികിലെ ഓട്ടോറിക്ഷയും, വാട്ടര്‍ ടാങ്കും












Click it and Unblock the Notifications