നിങ്ങള്‍ കളിക്കുന്ന നാടകം പൊതുരംഗത്തിന് ഒന്നടങ്കം അപമാനകരമാണ്; വ്യാജ പ്രചാരകരെ തിരിച്ചറിയുക
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കണ്ണൂരില്‍ നടന്ന കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. മന്ത്രിക്ക് നേരെ യാതൊരു കയ്യേറ്റ ശ്രമവും ഉണ്ടായിട്ടില്ലെന്നാണ് കെഎസ്യുവിന്റെ നിലപാട്. എന്നാല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ കയ്യേറ്റ ശ്രമത്തിലാണ് മന്ത്രിക്ക് കഴുത്തിന് പരിക്കേറ്റതെന്നാണ് സിപിഎം നേതാക്കളുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് വലിയ വാദപ്രതിവാദങ്ങളാണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ തമ്മില്‍ നടത്തുന്നത്. ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങില്‍ ആരോഗ്യമന്ത്രി കഴുത്തിന് ക്ഷതം ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇത് മന്ത്രിയുടെ നാടകമാണെന്ന് വാദവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. മന്ത്രി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ദീപ്തി മേരി വര്‍ഗീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം:
പ്രിയപ്പെട്ട വീണ ജോർജ്,
എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ നിങ്ങൾ ഇപ്പോൾ കളിക്കുന്ന നാണംകെട്ട നാടകം നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ പ്രസ്ഥാനത്തിന് മാത്രമല്ല കേരളത്തിൻ്റെ പൊതുരംഗത്തിന് ഒന്നടങ്കം അപമാനകരമാണ്. നിങ്ങൾക്കെതിരെ കെഎസ്‌യു അടക്കമുള്ള പ്രതിപക്ഷത്തെ സംഘടനകൾ സമരം ചെയ്യുന്നത് ആരോഗ്യവകുപ്പിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ വീഴ്ചകളുടെ പേരിലാണ്. അത്തരം സമരങ്ങൾ ജനാധിപത്യത്തിൽ അനിവാര്യമാണ്. പ്രതിഷേധക്കാർ ഉയർത്തുന്നത് ജനങ്ങളുടെ ശബ്ദമാണ്. വീഴ്ചകൾ പരിശോധിച്ചു തിരുത്താനും തുടർച്ചയായി ആവർത്തിക്കുമ്പോൾ പദവിയിൽ നിന്നും മാറി നിൽക്കാനുമുള്ള രാഷ്ട്രീയ ഔന്നത്യമാണ് നിങ്ങൾ കാണിക്കേണ്ടിയിരിക്കുന്നത്.

അതിനുപകരം ജനാധിപത്യപരമായി സമരം ചെയ്യുന്ന സമരക്കാർക്ക് നേരെ ആക്രോശിച്ച് പാഞ്ഞടുക്കുന്ന മന്ത്രി കേരള സമൂഹത്തിന് ഭൂഷണമല്ല. പോലീസുകാർ നിങ്ങളെ ബലം പ്രയോഗിച്ചു നീക്കം ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സമരക്കാർ നിങ്ങളുടെ ഏഴയലത്ത് വന്നിട്ടില്ല. എന്നിട്ടും കെഎസ്‌യുവിന്റെ പ്രവർത്തകർ നിങ്ങളെ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്തി നാടിനെ കലാപകലുഷിതമാക്കാൻ നോക്കുന്ന നിങ്ങൾക്ക് എന്ത് രാഷ്ട്രീയ ധാർമികതയാണ് ഉള്ളത് ?
നിങ്ങൾ മാത്രമല്ല സിപിഎമ്മിലെ നിങ്ങളുടെ സഹപ്രവർത്തകർ ഒന്നടങ്കം ജനങ്ങളുടെ കൺമുമ്പിൽ ഉള്ള ദൃശ്യങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ജനങ്ങളോട് ഒരു നാണവുമില്ലാതെ കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ആ ദൃശ്യങ്ങൾ കണ്ട മുഴുവൻ ജനത്തിനും മനസ്സിലായിരിക്കുന്നു.
നമ്മുടെ കൺമുമ്പിൽ കാണുന്ന ദൃശ്യങ്ങളിൽ വരെ ഇതുപോലെ കള്ളം പറയുന്ന ഒരു പാർട്ടി എത്രമാത്രം കള്ളങ്ങൾ ആയിരിക്കും ഭരണത്തിൽ ചെയ്തിട്ടുണ്ടാവുക?
എത്രമാത്രം കൊള്ളകൾ ആയിരിക്കും ഭരണത്തിൽ നടത്തിയിട്ടുണ്ടാകുക?
രാഷ്ട്രീയ ധാർമികതയും സത്യസന്ധതയും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ കൂട്ടത്തെ തിരിച്ചറിയാൻ കേരള സമൂഹത്തിന് ഒരു സംഭവം കൂടി കിട്ടിയിരിക്കുകയാണ്.
പ്രിയപ്പെട്ട ജനങ്ങളേ,
നിങ്ങൾ തന്നെ ഈ വ്യാജ പ്രചാരകരെ തിരിച്ചറിയുക, വിലയിരുത്തുക












Click it and Unblock the Notifications