'സൈബര്‍ തള്ള്കൊണ്ട് പരിഹരിക്കാനാവാത്ത എതിര്‍പ്പുണ്ട് ജനങ്ങള്‍ക്ക്; ക്യാപ്‌സ്യൂളുകളല്ല ഇനി വേണ്ടത്':കുറിപ്പ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പിണറായി സര്‍ക്കാരിന് വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഭരണത്തില്‍ ജനവിരുദ്ധമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നേട്ടങ്ങള്‍ക്കും മുകളിലാണ് ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.
നിലമ്പൂര്‍ യുഡിഎഫ് മണ്ഡലം ആയതു കൊണ്ടല്ല, സൈബര്‍ തള്ള് കൊണ്ടോ പരസ്യങ്ങള്‍ കൊണ്ടോ പരിഹരിക്കാനാവാത്ത, ഒരുപക്ഷേ പ്രത്യക്ഷമായി കാണാന്‍ പറ്റാത്തതിലും കൂടുതല്‍ എതിര്‍പ്പുണ്ട് ഗ്രൗണ്ടിലെന്നും അദ്ദേഹം വിലയിരുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ പ്രതികരണം.

നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം പ്രതികൂല സാഹചര്യത്തില്‍ നയത്തിലെയും ഭരണത്തിലെയും
തിരുത്തലുകളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ മോദി സര്‍ക്കാരാണ് കൂട്ടേണ്ടതെന്നു സമ്മതിച്ചാലും സംസ്ഥാനത്തിനും കൂട്ടാമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
നിലമ്പൂർ UDF മണ്ഡലം ആയതുകൊണ്ടല്ല,
നേരത്തേ LDF സ്ഥാനാർത്ഥിയായി ജയിച്ചയാൾ മത്സരിച്ചതുകൊണ്ടോ വോട്ട് പിടിച്ചതുകൊണ്ടോ പോലുമല്ല
LDF ന്റെ ഭരണവിലയിരുത്തലും രാഷ്ട്രീയവും ആവും പരിഗണിക്കപ്പെടുക എന്നാണ് LDF ഉടനീളം പറഞ്ഞിരുന്നത്. ഇതൊരു രാഷ്ട്രീയ സമരമായിരുന്നു.
ഭരണത്തിനുള്ള തിരിച്ചടി ആയിരിക്കും എന്നാണ് UDF ഉടനീളം പറഞ്ഞിരുന്നത്.
LDF നു കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥിയെ നിർത്തിയിട്ടും, LDF ന്റെ മുഴുവൻ ശക്തിയും പ്രചരണത്തിൽ പ്രയോഗിച്ചിട്ടും...
"പിണറായിസ"ത്തിനു എതിരെ ആണ് മത്സരം എന്ന് വ്യക്തമാക്കിയ PV അൻവറിനും 17,000 ഓളം വോട്ട് കിട്ടി. അത് കൂടി UDF നു കിട്ടിയ / LDF നു എതിരായ വോട്ടായി കണക്കാക്കണം.
ചിത്രം വ്യക്തമാണ്.
ഭരണത്തിൽ ജനവിരുദ്ധമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. എണ്ണിഎണ്ണി പറഞ്ഞ നേട്ടങ്ങൾ ഇല്ലെന്നല്ല. അതിനും മുകളിലാണ് ഭരണത്തോടുള്ള ജനങ്ങളുടെ എതിർപ്പ്. സൈബർ തള്ള് കൊണ്ടോ പരസ്യങ്ങൾ കൊണ്ടോ പരിഹരിക്കാനാവാത്ത, ഒരുപക്ഷേ പ്രത്യക്ഷമായി കാണാൻ പറ്റാത്തതിലും കൂടുതൽ എതിർപ്പുണ്ട് ഗ്രൗണ്ടിൽ.
എന്തുകൊണ്ട് തോറ്റു എന്നതിനുള്ള ന്യായീകരണ ക്യാപ്സ്യൂളുകൾ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്. ജനവികാരം മാനിച്ച് തിരുത്തലുകൾ ഉണ്ടാവട്ടെ.
എന്തൊക്കെയാണ് തിരുത്തലുകൾ വേണ്ടതെന്ന് അണികൾക്കും ജനങ്ങൾക്കും ഇടയിൽ LDF സത്യസന്ധമായി അന്വേഷിക്കട്ടെ.
ആശാ വർക്കർമാരുടെ കൂലി കൂട്ടിയാവട്ടെ ആദ്യ തിരുത്തൽ. മോദി സർക്കാരാണ് കൂട്ടേണ്ടത്, സമ്മതിച്ചു. എന്നാലും സംസ്ഥാനത്തിനും കൂട്ടാം. കൊടുക്കണം എന്ന് വിചാരിച്ചാൽ പത്തോ ഇരുപതോ കോടി രൂപയൊന്നും വർഷാ വർഷം കേരളാ ഖജനാവിന് ഒരു തുകയല്ല.
നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ, ആര്യാടൻ ഷൗക്കത്തിനു അഭിനന്ദനങ്ങൾ.












Click it and Unblock the Notifications