"വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; അഡ്വ ജയശങ്കര്‍
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാം ദിവസം പിന്നിട്ടിരിക്കുകയാണ്. ബിഷപ്പിനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കി മുഖം രക്ഷിക്കാനാണ് പോലീസിന്‍റേയും സര്‍ക്കാരിന്‍റേയും ശ്രമം.
ഇതിനിടെ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ തളളി കേരള കാത്തോലിക് ബിഷപ് കൗണ്‍സില്‍ രംഗത്തെത്തി. ഫ്രാങ്രോ മുളയ്ക്കലിനെതിരായ പീഡനാരോപണത്തിന്‍റെ മറവില്‍ അഞ്ച് കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തി സ്ഥാപിത താല്‍പര്യക്കാരും ചില മാധ്യമങ്ങളുമാണ് സമരം നടത്തുന്നതെന്നായിരുന്നു സഭയുടെ വാദം. സഭാ നിലപാടിനെ പരസ്യമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

77 ദിവസം
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 77 ദിവസം കഴിഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നാടെങ്ങും പ്രതിഷേധം നടക്കുകയാണ്. 2014-16 ഘട്ടക്കില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

തെളിവുകള്‍
കന്യാസ്ത്രീയുടെ രഹസ്യ മൊഴിക്ക് പുറമെ നാടുകുന്ന് മഠത്തിലെ സന്ദര്‍ശക രജിസ്റ്ററിലും ബിഷപ്പിന്‍റെ പേര് കണ്ടെത്തിയിരുന്നു. വൈദ്യ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ബിഷപ്പിനെ കുരുക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

തള്ളി കെസിബിസി
അതേസമയം കന്യാസ്ത്രീകളെ തള്ളി കെസിബിസി രംഗത്തെത്തി. മാധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാർമികമാണെന്നും അന്വേഷണോദ്യോസ്ഥരെ സമ്മർദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും സഭയെ കല്ലെറിയാനുമുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് കെസി ബിസിയുടെ ആരോപണം.

ദൈവ ദൂഷണമാണ്
എന്നാല്‍ സഭയുടെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍ രംഗത്തെത്തി. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-
അല്പം വൈകിയെങ്കിലും കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) നിലപാട് വ്യക്തമാക്കി.
കന്യാസ്ത്രീ സമരം അനാവശ്യമാണ്, സഭാ വിരുദ്ധമാണ്, കടുത്ത അച്ചടക്ക ലംഘനവുമാണ്. സമരത്തിൽ പങ്കെടുക്കുന്നവരും അനുഭാവം പ്രകടിപ്പിക്കുന്നവരും ഫലത്തിൽ ദൈവദൂഷണമാണ് ചെയ്യുന്നത്.

ഇന്നോ ഇന്നലയോ തുടങ്ങിയതല്ല
വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല. അത് ദൈവാനുഗ്രഹമായി സ്വീകരിക്കാതെ പീഡനമായി ദുർവ്യാഖ്യാനം ചെയ്യുന്നത് വലിയ പളളിക്കുറ്റമാണ്.

കുലുങ്ങില്ല
ബെനഡിക്ട് ഓണംകുളത്തിൻ്റെയും റോബിൻ വടക്കുംചേരിയുടെയും വീരപാരമ്പര്യമാണ് സീറോ മലബാർ സഭയ്ക്കുളളത്. ഹൈക്കോടതി ജങ്ഷനിൽ ഒന്നു രണ്ടു കന്യാസ്ത്രീകൾ സത്യഗ്രഹം ഇരുന്നാലോ കെമാൽ പാഷയും പിടി തോമസും ഐക്യദാർഢ്യം പ്രഖ്യാപിച്ചാലോ തിരുസഭ കുലുങ്ങില്ല.

ചാമരം വീശും
അബ്രഹാമിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവമായ യഹോവ ഫ്രാങ്കോ പിതാവിനെ മഹത്വപ്പെടുത്തും. മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും അവനു കിന്നരം വായിക്കും, അന്വേഷണ ഉദ്യോഗസ്ഥർ ചാമരം വീശും.

നിപതിക്കും
നിർദോഷിയായ സഭാ പിതാവിനെതിരെ ദുരാരോപണം ഉന്നയിച്ച കന്യാസ്ത്രീ വേഷധാരികളോ, ഗന്ധകത്തീയാളുന്ന നിത്യ നരകത്തിൽ നിപതിക്കും.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications