'ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ, നിങ്ങക്കെന്താ കോങ്ക്രസ്സേ'? എസ്എഫ്ഐയെ ഭിത്തിയിലൊട്ടിച്ച് ജയശങ്കർ!
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ ഗുണ്ടായിസം നടപ്പിലാക്കുന്നു എന്നുളള പരാതികൾ നേരത്തെ മുതൽക്കേ തന്നെ ഉയർന്ന് വന്നിരുന്നു. മറ്റ് വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും എതിർ ശബ്ദം ഉയർത്തുന്നവരെ അടിച്ചൊതുക്കുന്നു എന്നുമുളള ആരോപണങ്ങൾ എസ്എഫ്ഐക്കെതിരെ ഉയരുന്നു. എതിർക്കുന്നവരെ മർദ്ദിക്കാൻ എസ്എഫ്ഐക്ക് ഇടിമുറി വരെയുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ക്യാംപസ്സിലെ എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ സംഘടനാ നേതാക്കൾ തന്നെ ആക്രമിച്ചതോടെ കോളേജ് ഒന്നാകെ എസ്എഫ്ഐക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
കോളേജിന് പുറത്തും എസ്എഫ്ഐക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അഡ്വക്കേറ്റ് എ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ എസ്എഫ്ഐയെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ്. പോസ്റ്റ് വായിക്കാം: '' സ്വാതന്ത്ര്യം! ജനാധിപത്യം!! സോഷ്യലിസം!!! സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വിദ്യാഭ്യാസ രംഗത്തെ സകല അനഭിലഷണീയ പ്രവൃത്തികൾക്കും എതിരെ പൊരുതുന്ന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ്എഫ്ഐ. സെയ്താലി മുതൽ അഭിമന്യു വരെ അനവധി രക്തസാക്ഷികളുടെ ധീര പാരമ്പര്യമുളള സംഘടന.

വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തറവാടാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. ഭരണകൂട ഭീകരതയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുളള ഒരു വിപ്ലവകാരിയാണ് യൂണിറ്റ് സെക്രട്ടറി സഖാവ് നസീം. വർഗശത്രുക്കളുടെ പേടിസ്വപ്നം. പ്രിൻസിപ്പാളും അധ്യാപക- അനധ്യാപക- വിദ്യാർത്ഥി സുഹൃത്തുക്കളും നസീം സഖാവിനു കപ്പം കൊടുത്താണ് കഴിഞ്ഞു കൂടുന്നത്. കോടിയേരി സഖാവിൻ്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിൻതുടരുന്നത്.
ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ സെക്രട്ടറി തീരുമാനിക്കും. അത് ലംഘിക്കുന്നവർക്ക് തക്ക പാരിതോഷികം നൽകി ആദരിക്കും. അഖിലിൻ്റെ കാര്യത്തിലും അത്രയേ ഉണ്ടായിട്ടുളളൂ. അതു വച്ച് എസ്എഫ്ഐയെ പുളുത്താമെന്ന് സംഘി- കൊങ്ങി- മൂരി- സുഡാപി സംഘടനകളും മാമാ മാധ്യമങ്ങളും കരുതേണ്ട. തീയിൽ കുരുത്ത പ്രസ്ഥാനം വെയിലത്ത് വാടില്ല. ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ, നിങ്ങക്കെന്താ കോങ്ക്രസ്സേ?? എന്നാണ് ജയശങ്കറിന്റെ പോസ്റ്റ്.












Click it and Unblock the Notifications