'കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല'
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിയുടെ പരാജയത്തില്‍ പരിഹാസവുമായി അഡ്വ ജയശങ്കര്‍.കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല, എന്ന പാട്ട് പോലെയായി കേരളത്തിൽ ഇടതുമുന്നണിയുടെ കാര്യം എന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ 19 ലും യുഡിഎഫാണ് വിജയിച്ചത്. ഇതിന് പിന്നാലെയാണ് ജയശങ്കറിന്റെ പോസ്റ്റ്. കുറിപ്പ് വായിക്കാം
കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയായി കേരളത്തിൽ ഇടതുമുന്നണിയുടെ കാര്യം.
സമ്പത്ത് തോറ്റു, രാജേഷ് തോറ്റു, വീണയും തോറ്റു, പികെ ബിജു ദയനീയമായി തോറ്റു. ആരിഫ് മാത്രം തോറ്റില്ല.വിനയവും മര്യാദയുമുളള പൊതു പ്രവർത്തകനാണ് സഖാവ് എഎം ആരിഫ്.
മസിലു പിടുത്തം ഒട്ടുമില്ല. ഇടതുപക്ഷത്തിനു നല്ല മേധാവിത്തമുളള മണ്ഡലമാണ് ആലപ്പുഴ. എംവി ഗോവിന്ദൻ മാസ്റ്ററുടെയും മരാമത്ത് മന്ത്രി ജി സുധാകരൻ്റെയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനവും ആരിഫിന് ഗുണമായി.
ആരിഫ് പാട്ടും പാടി ജയിക്കും എന്നായിരുന്നു നവോത്ഥാന നായകൻ വെളളാപ്പളളി നടേശൻ പ്രവചിച്ചത്. തോറ്റാൽ തല മൊട്ടയടിക്കും എന്നൊരു ഭീഷണിയും മുഴക്കിയിരുന്നു.പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശൻ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുളള അവസരം നഷ്ടപ്പെട്ടു.