അഫാന് അമ്മ ഷമിയോടും പക; കൊലയ്ക്ക് ശേഷം വീടിന് തീയിടാൻ പദ്ധതിയിട്ടു
വെഞ്ഞാറമൂട് കൊലപാതക കേസ് പ്രതി അഫാന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് പോലീസ്. അമ്മയേയും കാമുകിയേയും സഹോദരനേയും കൊലപ്പെടുത്തിയത് പക മൂലമാണെന്നാണ് അഫാൻ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ കാമുകി ഫർസാനയോട് തനിക്ക് പകയുണ്ടായിരുന്നുവെന്നാണ് അഫാൻ ഇപ്പോൾ പറയുന്നത്.
പണയം വെയ്ക്കാൻ വാങ്ങിയ തന്റെ സ്വർണമാല ഫർസാന തിരികെ ചോദിച്ചതാണ് അഫാനെ ചൊടിപ്പിച്ചത്. അമ്മ ഷമിയോടും അഫാന് പക ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചത് അമ്മ ഷെമിയാണെന്നാണ് പോലീസ് കരുതുന്നത്. കുടുംബത്തിന് 65 ലക്ഷത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. അതും 3 വർഷം കൊണ്ടാണ് ഇത്രയും കടം കുടുംബം വാങ്ങിക്കൂട്ടിയത്. പണമായും ആധാരമായും സ്വർണാഭരണങ്ങളുമായെല്ലാം ഷെമി പലരോടും കടം വാങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പലിശക്കാരിൽ നിന്നും കടം എടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി സാമ്പത്തിക ഇടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് ഷെമിയാണെന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴി. അതുകൊണ്ട് തന്നെ ഈ പണം എന്തിന് വാങ്ങിയെന്നും എങ്ങനെ വിനിയോഗിച്ചുവെന്നുമുള്ള കാര്യങ്ങൾ ഷെമിയോട് ചോദിച്ചറിയാനൊരുങ്ങുകയാണ് പോലീസ്. ഷെമി ഇപ്പോൾ ആശുപത്രിയിൽ തുടരുകയാണ്. ബോധം വന്നപ്പോൾ മകനെ കുറ്റപ്പെടുത്താൻ ഇവർ തയ്യാറായിരുന്നില്ല. താൻ കട്ടിലിൽ നിന്ന് വീണാണ് തലക്കും കഴുത്തിനുമെല്ലാം പരിക്കേറ്റതെന്നായിരുന്നു ഇവരുടെ മൊഴി.
അതേസമയം എല്ലാവരേയും കൊലപ്പെടുത്തി വീടിന് തീയിടാനായിരുന്നു അഫാന്റെ പദ്ധതി. പോലീസ് സ്റ്റേഷനിലേക്ക് പോകും മുൻപ് ഗ്യാസ് സിലിണ്ടർ തുറന്നിട്ടത് ഈ ലക്ഷ്യത്തോടെയായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു കൊലകൾ ഓരോന്നും നടത്തിയതെന്നും പോലീസ് പറയുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് അറിയിച്ചാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികയ്ക്ക് അടിച്ച് കൊന്നത്. കൊല നടത്തുന്നതിനിടയിൽ ആരെങ്കിലും വന്നാൽ അവരെ ആക്രമിക്കാൻ മുളകുപൊടിയടക്കം വാങ്ങി സൂക്ഷിച്ചതായും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അസാധാരണമായ രീതിയിലാണ് അഫാൻ പലപ്പോഴും പെരുമാറുന്നതത്രേ. ഒരുതരത്തിലുള്ള കുറ്റബോധവും ഇതുവരെ അഫാൻ പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വെച്ച് പല നാടകങ്ങളും അഫാൻ കളിച്ചിരുന്നു. തെളിവെടുപ്പിന് പോകാതിരിക്കാൻ ശുചി മുറിയുടെ മതിൽ ചാടി മറിഞ്ഞെങ്കിലും ഇയാൾക്ക് പരിക്കുകളൊന്നും പറ്റിയിരുന്നില്ല. ഭക്ഷണകാര്യത്തിൽ വലിയ ഡിമാന്റാണ് അഫാൻ ഉയർത്തുന്നത്. ഉച്ച ഭക്ഷണത്തിന് മീൻ ആവശ്യപ്പെട്ടിരുന്നത്രേ. വൈകീട്ട് നാലിന് കട്ടൻ ചായ കുടിച്ചില്ലെങ്കിൽ തലവേദനയെടുക്കുമെന്നും അത് നിർബന്ധമാണെന്നും അഫാൻ പറഞ്ഞതായും പോലീസ് പറയുന്നു.












Click it and Unblock the Notifications