'കൈ' പിടിച്ച സന്ദീപിനെ കൈവിട്ട് ഫോളോവേഴ്‌സ്, കുത്തനെ കുറഞ്ഞു.. രക്ഷക്കെത്തി കോണ്‍ഗ്രസും ലീഗും
കോഴിക്കോട്: ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ തിരിച്ചടി. ബിജെപി വിട്ടതിന് പിന്നാലെ സന്ദീപിനെ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സും കൈയൊഴിയുകയാണ്. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് 48 മണിക്കൂറിനുള്ളില്‍ 12000 ത്തിലേറെ ഫോളോവേഴ്‌സിനെയാണ് സന്ദീപ് വാര്യര്‍ക്ക് ഫേസ്ബുക്കില്‍ നഷ്ടമായിരിക്കുന്നത്.
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സന്ദീപ് വാര്യര്‍ പാര്‍ട്ടി വക്താവും ചാനല്‍ ചര്‍ച്ചയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു. സോഷ്യല്‍ മീഡിയയിലും എതിരാളികളുടെ വാദങ്ങളെ ഖണ്ഡിക്കുന്ന പല പോസ്റ്റുകളും അദ്ദേഹം പങ്ക് വെക്കാറുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്തെ ബിജെപിയുടെ ഉന്നത നേതാക്കളായ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍, ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്ക് സമാനമായ പിന്തുണ സോഷ്യല്‍ മീഡിയയില്‍ സന്ദീപിനുണ്ടായിരുന്നു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലെത്തുന്നത്. ആ സമയം സന്ദീപിന് 3.17 ലക്ഷം ഫോളോവേഴ്‌സായിരുന്നു ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത്. അന്ന് രാത്രി തന്നെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തിരുന്നു. ഈ സമയമായപ്പോഴേക്കും അദ്ദേഹത്തിന് 9000 ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു.
ഇന്ന് രാവിലെ വരെ 17000 ത്തിലേറെ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ട് 2.99 ലക്ഷം ഫോളോവേഴ്‌സ് എന്ന നിലയില്‍ സന്ദീപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് എത്തിയിരുന്നു. എന്നാല്‍ ബിജെപിക്കാര്‍ കൈയൊഴിഞ്ഞ സന്ദീപിനെ സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയാണ്. ഇന്ന് രാവിലെ 2.99 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സന്ദീപിന്റെ അക്കൗണ്ട് ഇപ്പോള്‍ വീണ്ടും 3.10 ലക്ഷം ഫോളോവേഴ്‌സ് എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സന്ദീപിന്റെ അക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. അതേസമയം ബിജെപി ബന്ധം ഉപേക്ഷിച്ചെങ്കിലും സന്ദീപിന്റെ ഫേസ്ബുക്ക് യൂസര്‍നെയിമില്‍ ഇപ്പോഴും ബിജെപി ഉണ്ട് എന്നതാണ് രസകരായ കാര്യം. Sandeepvarierbjp എന്നാണ് സന്ദീപിന്റെ ഫേസ്ബുക്ക് യൂസര്‍നെയിം. ബിജെപി സംസ്ഥാന നേതാക്കളില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കാണ്.
1.8 മില്യണ്‍ ഫോളോവേഴ്‌സാണ് ഫേസ്ബുക്കില്‍ സുരേഷ് ഗോപിക്കുള്ളത്. എന്നാല്‍ സിനിമതാരം എന്നത് കൂടി പരിഗണിച്ചാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ സുരേഷ് ഗോപി മുന്നില്‍ നില്‍ക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ 5.78 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്. മുന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന വി മുരളീധരന് 3.02 ലക്ഷം ഫോളോവേഴ്‌സും ശോഭ സുരേന്ദ്രന് 3.86 ലക്ഷം ഫോളോവേഴ്‌സും ആണ് ഉള്ളത്. ബിജെപിയുടെ മറ്റൊരു ജനപ്രിയ വക്താവ് സന്ദീപ് വാചസ്പതിക്ക് 1.96 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.












Click it and Unblock the Notifications