അഞ്ച് തവണ മത്സരിച്ചു, കെകെ ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി നിർത്താൻ നീക്കം; നികേഷ് വരുമോ?
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് കെകെ ശൈലജയെ മാറ്റി നിർത്തിയേക്കുമെന്ന് വിവരം. സ്ഥാനാർത്ഥികളുടെ സാധ്യത ലിസ്‌റ്റിൽ തന്റെ അതൃപ്‌തി മുൻ ആരോഗ്യമന്ത്രി അറിയിച്ചതായാണ് സൂചന. മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതോടെ ജനകീയ മുഖമായ കെകെ ശൈലജ വരുന്ന തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാവില്ലെന്ന അഭ്യൂഹങ്ങൾ സജീവമാണ്. പേരാവൂരിലാണ് കെകെ ശൈലജയെ പരിഗണിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആയിരിക്കും ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.

അത് മാത്രമല്ല ശൈലജ ഇനി മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന തലത്തിലെ ചില നേതാക്കൾ അഭിപ്രായം അറിയിച്ചതായാണ് വിവരം. അഞ്ച് വട്ടം ജനവിധി തേടിയ പാർട്ടി പ്രവർത്തക എന്ന നിലയിൽ പുതുമുഖങ്ങൾക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കട്ടെ എന്നാണ് ചിലർ മുന്നോട്ട് വച്ച നിർദ്ദേശം. അത് അനുസരിച്ച് മുൻ മന്ത്രിയെ മാറ്റി നിർത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രത്യേകിച്ച് ശൈലജയും ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചയ്ക്ക് ഇല്ലെന്ന് അറിയിച്ച സ്ഥിതിക്ക്.
അതിനിടെ മട്ടന്നൂരിൽ നികേഷ് കുമാർ മത്സരിക്കുമോ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. മുൻപ് അഴിക്കോട് മണ്ഡലത്തിൽ 2016ൽ മത്സരിച്ച നികേഷ് കുമാർ അന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയോട് തോറ്റിരുന്നു. അതിന് ശേഷം അടുത്തകാലത്തായി പാർട്ടിയുടെ സൈബർ വിഭാഗത്തിന്റെ ചുമതല നിർവഹിക്കുന്ന നികേഷിന് ജയ സാധ്യതയുള്ള മണ്ഡലം തന്നെ നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ തളിപ്പറമ്പ് മണ്ഡലത്തിലാണ് നികേഷിന് കൂടുതൽ സാധ്യത എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെ മത്സരിപ്പിക്കാനാണ്. നികേഷിനെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ ഇപ്പോഴുള്ളത്. അങ്ങനെ എങ്കിൽ മട്ടന്നൂരിൽ ശൈലജയ്ക്ക് പകരമായി മറ്റൊരു മുതിർന്ന നേതാവ് തന്നെ വരുമെന്നാണ് വിവരം.
അതിനിടെ തളിപ്പറമ്പിൽ പരിഗണിച്ചിരുന്ന സുകന്യയുടെ പേരിനോടും പാർട്ടിക്കുള്ളിൽ നിന്ന് കടുത്ത വിയോജിപ്പ് ഉയർന്നിട്ടുണ്ട്. സുകന്യയെ വെട്ടാനാണ് പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. ഇത് സംസ്ഥാന സമിതി അംഗീകരിച്ചാൽ ഇവിടെ നികേഷ് കുമാറിന് തന്നെയാവും പകരം നറുക്ക് വീഴുകയെന്നാണ് കരുതുന്നത്.
നിലവിൽ കണ്ണൂരിലെ സാധ്യത ലിസ്‌റ്റിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുത്തിട്ടുണ്ടെന്നാണ് വിവരം. കെകെ ശൈലജയെ പോലെയുള്ള മുതിർന്ന നേതാക്കളെ മാറ്റി നിർത്തുമ്പോൾ അത് പാർട്ടിക്ക് തിരിച്ചടിയാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications