ഉള്ളത് ഒരു രാജ്യസഭാ സീറ്റ്.. സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും പിന്നാലെ സീറ്റ് ചോദിച്ച് ആര്‍ജെഡിയും
തിരുവനന്തപുരം: എല്‍ ഡി എഫില്‍ ശേഷിക്കുന്ന ഒരു രാജ്യസഭാ സീറ്റില്‍ സി പി ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും പിന്നാലെ അവകാശവാദമുന്നയിച്ച് ആര്‍ ജെ ഡിയും. സിപിഎം നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എന്നിവരുടെ കാലാവധി അവസാനിക്കാനിരിക്കുകയാണ്.
ഈ വരുന്ന ഒഴിവില്‍ രണ്ട് സീറ്റിലേക്ക് എല്‍ ഡി എഫിന് ജയിപ്പിക്കാനാകും. ഒരു സീറ്റ് എന്തായാലും സി പി എമ്മിന് അവകാശപ്പെട്ടതാണ്. ശേഷിക്കുന്ന ഒരു സീറ്റിലേക്കാണ് മൂന്ന് കക്ഷികള്‍ രംഗത്തെത്തിയിരിക്കുന്നത്. എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭയില്‍ എത്തിക്കാനാണ് ആര്‍ ജെ ഡിയുടെ നീക്കം. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ആര്‍ ജെ ഡി വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ജൂലൈയില്‍ ആയിരിക്കും രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. അടുത്തിടെയാണ് എല്‍ ജെ ഡി, ആര്‍ ജെ ഡിയില്‍ ലയിച്ചത്. ഇതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി എല്‍ ഡി എഫിനോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. സ്ഥിരമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കക്ഷിയെന്ന നിലയില്‍ സീറ്റ് നല്‍കണം എന്നാണ് ആര്‍ ജെ ഡി പറയുന്നത്.
എന്നാല്‍ ലോക്‌സഭാ സീറ്റ് സി പി എം, സി പി ഐ, കേരള കോണ്‍ഗ്രസ് എം കക്ഷികള്‍ക്കാണ് അനുവദിച്ച് നല്‍കിയത്. ഇതിന് പിന്നാലെ സി പി എമ്മും ആര്‍ ജെ ഡിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആര്‍ ജെ ഡി നേതാക്കളായ ശ്രേയാംസ് കുമാറും വര്‍ഗീസ് ജോര്‍ജുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
രാജ്യസഭയിലേക്ക് രണ്ട് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഒരു സീറ്റ് സി പി എം എടുത്ത് രണ്ടാമത്തെ സീറ്റ് ഘടകകക്ഷിക്ക് നല്‍കുന്നതാണ് എല്‍ ഡി എഫിലെ പതിവ്. സി പി ഐ എം പി സന്തോഷ് കുമാറിന് 2028 വരെ കാലാവധിയുണ്ട്. ജോസ് കെ മാണി ആറ് വര്‍ഷം രാജ്യസഭാ എം പിയായതാണ്. കൂടാതെ കേരളാ കോണ്‍ഗ്രസ് എമ്മിന് സിറ്റിംഗ് സീറ്റ് എന്ന നിലയില്‍ കോട്ടയം ലോക്‌സഭാ സീറ്റും നല്‍കി.
ഈ സാഹചര്യത്തില്‍ ആര്‍ ജെ ഡിക്ക് രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ട് എന്നാണ് പാര്‍ട്ടി വാദം. പഞ്ചായത്ത് - കോര്‍പറേഷന്‍ തലങ്ങളില്‍ മെമ്പര്‍മാരുടെ എണ്ണത്തില്‍ എല്‍ ഡി എഫിലെ നാലാമത്തെ കക്ഷിയാണ് ആര്‍ ജെ ഡി എന്നും എന്നാല്‍ അത് അനുസരിച്ചുള്ള പ്രാധാന്യം പാര്‍ട്ടിക്ക് മന്ത്രിസഭയിലോ രാജ്യസഭയിലോ ലോക്‌സഭയിലോ ഇല്ല എന്നുമാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications