തത്തമംഗലത്തും സ്‌കൂളിലെ പുല്‍ക്കൂട് തകര്‍ത്തു; പിന്നില്‍ നല്ലേപ്പിള്ളിയിലെ സംഘം തന്നെ? സംശയിച്ച് മന്ത്രി
പാലക്കാട്: ക്രിസ്മസ് ആഘോഷത്തിനിടെ പാലക്കാട് ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഒരേ സംഘം തന്നെയാണ് എന്ന് സംശയിക്കുന്നതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ട് ആക്രമണങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ബോധപൂര്‍വം നടത്തിയതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. നല്ലേപ്പള്ളി, തത്തമംഗലം എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. നല്ലേപ്പിള്ളി സ്‌കൂളില്‍ വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വിഎച്ച്പി ജില്ലാ ഭാരവാഹി അടക്കമുള്ള നേതാക്കള്‍ എത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പ്രധാനാധ്യാപിക അടക്കം അധ്യാപകരെ കുട്ടികളുടെ മുന്നില്‍വെച്ച് അസഭ്യം പറയുകയും ചെയ്തു. പ്രധാനാധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ പൊലീസ് ആണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തത്തമംഗലം സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നിര്‍മിച്ച പുല്‍ക്കൂട് തകര്‍ത്തതായി കണ്ടെത്തിയത്.
തത്തമംഗലം ജി ബി യു പി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച സ്ഥാപിച്ച പുല്‍ക്കൂട് ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരാണ് പുല്‍ക്കൂട് തകര്‍ത്തതെന്ന് നിലവില്‍ വ്യക്തമല്ല. ഗേറ്റിനുള്ളില്‍ ഉണ്ടായിരുന്ന പുല്‍ക്കൂട് നീളമുള്ള വടി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സാമൂഹ്യവിരുദ്ധരായിരിക്കാം പുല്‍ക്കൂട് തകര്‍ത്തത് എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
അതേസമയം നല്ലേപള്ളിയിലെ അതേ സംഘം തന്നെയാണോ തത്തമംഗലത്തെ ആക്രമണത്തിന് പിന്നിലെന്നത് അന്വേഷിക്കും എന്നാണ് മന്ത്രി പറയുന്നത്. അതിനിടെ ക്രിസ്മസ് ആഘോഷത്തിന് നേരെ നടന്ന ആക്രമണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. നല്ലേപ്പിള്ളിയിലെ ആക്രമണത്തില്‍ അറസ്റ്റിലായ മൂന്നില്‍ രണ്ട് പേരും ബിജെപിക്കാരാണ് എന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു.
ബിജെപിയുടെ ക്രിസ്മസ് സ്‌നേഹം അഭിനയമാണ് എന്ന് പറഞ്ഞ സന്ദീപ് വാര്യര്‍ ആസൂത്രിതമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ട് എന്നും ആരോപിച്ചു. ആക്രമണം നടന്ന നല്ലേപ്പിള്ളി സ്‌കൂളില്‍ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും സൗഹൃദ കരോള്‍ സംഘടിപ്പിച്ചു. അതേസമയം ആക്രമണത്തെ ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ജോര്‍ജ് കുര്യന്‍ അപലപിച്ചു.












Click it and Unblock the Notifications