തമിഴ്‌നാട്ടിൽ തീരുമാനമായി... ഇനി കേരളത്തിൽ മമ്മൂട്ടിയും മോഹൻലാലും ബാക്കി; അധികം വൈകില്ല ആ തീരുമാനം?
ചെന്നൈ/തിരുവനന്തപുരം: സിനിമ താരങ്ങള്‍ രാഷ്ട്രീയ നേതാക്കളും ജനനേതാക്കളും ആകുന്ന കാഴ്ച തമിഴ് രാഷ്ട്രീയത്തില്‍ ഒരു പുതുമയൊന്നും അല്ല. എംജിആര്‍ മുതല്‍ ജയലളിതവരെയുള്ള ഉദാഹരണങ്ങള്‍ നിരന്ന് കിടക്കുകയാണ്. എന്നാല്‍ ഇത്രനാളും കേരളം ഇതില്‍ നിന്ന് വിഭിന്നമായിരുന്നു. പക്ഷേ, ഇപ്പോള്‍ കേരളവും മാറുകയാണ്.
ഈ കാലഘട്ടത്തിലെ തെന്നിന്ത്യയിലെ ഏറ്റവും വലിയ താരങ്ങളാണ് കമല്‍ഹാസനും രജനികാന്തും. രണ്ട് പേരും ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇത് സിനിമാക്കാരുടെ രാഷ്ട്രീയകാലം ആണെന്ന വിലയിരുത്തലും പലരും നടത്തുന്നുണ്ട്.
തമിഴകത്ത് രജനിയും കമലും എന്നത് പോലെ തന്നെയാണ് കേരളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും. രണ്ട് പേരുടേയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പലപല വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. എന്തായാലും അങ്ങനെ ഒരു തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല.

സുരേഷ് ഗോപി ഇറങ്ങിക്കഴിഞ്ഞു
സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ മലയാളം സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. മുമ്പ് കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപി ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. ഒടുവില്‍ രാജ്യസഭ എംപിയും ആയി അദ്ദേഹം.

മമ്മൂട്ടിയും മോഹന്‍ലാലും
മലയാളത്തിലെ എക്കാലത്തേും മികച്ച സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ട് പേരും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരാണ്. അവര്‍ അത് പരസ്യമായി പ്രഖ്യാപിച്ച് രാഷ്ട്രീയ വേദികളിലേക്ക് ഇറങ്ങിവരുമോ എന്നാണ് ഇനി അറിയേണ്ടത്.

ഒറ്റയ്‌ക്കൊറ്റയ്ക്ക്
കമല്‍ഹാസന്‍ ആയാലും രജനികാന്ത് ആയാലും സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയാണ് ചെയ്തത്. തമിഴക രാഷ്ട്രീയത്തില്‍ അതിനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ കേരളത്തിലേക്ക് വന്നാല്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മുന്നില്‍ അത്തരും ഒരു സാധ്യത പോലും നിലനില്‍ക്കുന്നില്ല എന്നതാണ് സത്യം.

മമ്മൂട്ടിയുടെ രാഷ്ട്രീയം
മമ്മൂട്ടിയുടെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പം ആണെന്ന് പലതവണ വെളിപ്പെട്ടിട്ടുള്ളതാണ്. സിപിഎം നേതൃത്വം നല്‍കുന്ന കൈരളി-പീപ്പിള്‍ ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണ് മമ്മൂട്ടി. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ്.

സ്ഥാനാര്‍ത്ഥിയാക്കാന്‍
മമ്മൂട്ടി സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന രീതിയില്‍ പലതവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തരം പ്രചാരണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ മമ്മൂട്ടിയ്ക്ക് പകരം മത്സരിച്ചത് ഇന്നസെന്റ് ആയിരുന്നു എന്ന് മാത്രം.

രാജ്യസഭയിലേക്ക്
മമ്മൂട്ടി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും എന്ന രീതിയിലുള്ള പ്രചാരണം ഇപ്പോഴും ശക്തമാണ്. സിപിഎമ്മിന്റെ നോമിനി ആയിട്ടായിരിക്കും മമ്മൂട്ടി രാജ്യസഭ എംപിയാവുക എന്നാണ് പലരും പറയുന്നത്. എന്നാല്‍ സിപിഎമ്മോ മമ്മൂട്ടിയോ ഇക്കാര്യം ഇതുവരെ പറഞ്ഞിട്ടില്ല.

മോഹന്‍ലാലിന്റെ രാഷ്ട്രീയം
മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാടുകള്‍ അടുത്തിടെ ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഘപരിവാര്‍ അനുകൂല നിലപാടുകളാണ് മോഹന്‍ലാല്‍ എടുക്കുന്നത് എന്നാണ് ആക്ഷേപം. എങ്കിലും മോഹന്‍ലാല്‍ ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് പരസ്യമായി പറഞ്ഞിട്ടില്ല.

ഭാവിയില്‍ സംഭവിക്കാം
മോഹന്‍ലാലും രാഷ്ട്രീയ നിലപാടുകളുമായി രംഗത്ത് വരാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും ഇപ്പോള്‍ തന്നെ സംഘപരിവാര്‍ പാളയത്തിലാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങാനും മോഹന്‍ലാല്‍ തയ്യാറായിരുന്നു.

ആ പരിപ്പ് ഇവിടെ വേവില്ല
എന്തായാലും തമിഴകത്തെ ഫാന്‍സ് കൂട്ടങ്ങളുടെ സ്വാധീനമൊന്നും കേരളത്തിലെ ഫാന്‍സിന് സൃഷ്ടിക്കാന്‍ സാധിക്കുകയില്ല. അത് പ്രതീക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയാല്‍ മോഹന്‍ലാലിനായാലും മമ്മൂട്ടിക്കായാലും അത് കേരളത്തില്‍ തിരിച്ചടി മാത്രമേ നല്‍കുകയുള്ളൂ എന്ന് ഉറപ്പാണ്.

കാലം മാറുമ്പോള്‍
കാലം മാറുമ്പോള്‍ കോലവും മാറും. പണ്ട് തമിഴിലും തെലുങ്കിലും മാത്രം കണ്ടിരുന്ന രീതിയിലുള്ള താരാരാധന ഇപ്പോള്‍ കേരളത്തിലും എത്തിയിട്ടുണ്ട്. ഒരുപക്ഷേ, വിദൂരഭാവിയില്‍ കേരളത്തിലും സമാനമായ കാര്യങ്ങള്‍ സംഭവിച്ചേക്കാം.












Click it and Unblock the Notifications