ജാതി മതിൽ പ്രശ്നത്തിന് പിന്നാലെ വടയമ്പാടിയിൽ വീണ്ടും സംഘർഷം
കോലഞ്ചേരി: ജാതിമതിൽ പ്രശ്നത്തിന് പിന്നാലെ വടയമ്പാടിയിൽ വീണ്ടും സംഘർഷം. ജാതിമതിൽ വിഷയം രാജ്യവ്യാപകമായി ചർച്ചയായതിനു പിന്നാലെ അത് സൃഷ്ടിച്ച പ്രശ്നങ്ങൾ കെട്ടടങ്ങും മുൻപെയാണ് വീണ്ടും സംഘർഷം ഉണ്ടായത്.
അംബേദ്കറിന്റെ ജന്മദിനമായ ഇന്നലെ സമരക്കാർ ചേർന്ന് ജന്മദിനാഘോഷം നടത്താൻ തീരുമാനിച്ചിരുന്നു. വിവാദമായ മൈതാനത്തുവെച്ചാണ് യോഗം സംഘടപ്പിക്കുവാൻ നിശ്ചയിച്ചിരുന്നത്.

യോഗം നടത്തുന്നതിന് വേണ്ടി കലക്റ്റർ അനുവാദം നൽകിയിരുന്നെങ്കിലും യോഗ ദിവസത്തിന്റെ തലേന്ന് അനുവാദം പിൻവലിക്കുന്നതായി കലക്റ്റർ അറിയിക്കുകയായിരുന്നു. പകരമായി മൈതാനത്തോട് ചേർന്നുള്ള കെപിഎംഎസിന്റെ കെട്ടിടത്തിൽ നടത്താൻ നിർദേശിക്കുകയായിരുന്നു. കുന്നത്തുനാട് എംഎൽഎ വി.പി സജീന്ദ്രനും സിപിഐ ദേശീയ മഹിളാ ഫെഡറേഷൻ സെക്രട്ടറി ആനി രാജയും യോഗത്തിൽ പങ്കെടുക്കാമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ എംഎൽഎ യോഗത്തിന് എത്തിയില്ല. ആനി രാജാ യോഗത്തിന് വന്നപ്പോൾ വിവാദമായ മൈതാനത്തു തന്നെ യോഗം ചേരണം എന്ന് നിർബന്ധിച്ചതിന്റെ ഭാഗമായി സംഘാടകർ ചേർന്ന് മൈതാനത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയുമായിരുന്നു. പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടതിനാൽ വലിയ സംഘർഷം ഒഴിവാകുകയായിരുന്നു.












Click it and Unblock the Notifications