ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയുടേയും ആഹ്വാനം; മാതൃകയായി വീണ്ടും കേരളം
മലപ്പുറം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളം കടന്നുപോയത് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയായിരുന്നു. എന്നാല്‍ അപ്പോഴെല്ലാം കേരളം മുഴുവന്‍ (അപൂര്‍വ്വം ചിലരൊഴികെ) ഒറ്റക്കെട്ടായി നിന്ന് എല്ലാത്തിനേയും നേരിട്ടു. കൊവിഡ് പ്രതിസന്ധികാലത്തും കേരളം ആ മാതൃക തുടര്‍ന്നു.
അതിപ്പോഴും തുടരുകയാണ്. സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ പണം കൊടുത്ത് വാങ്ങണം എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, ആരും ആഹ്വാനം ചെയ്യാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമൊഴുക്കിയവരാണ് മലയാളികള്‍. ഇപ്പോള്‍ അതിനെ പിന്തുണച്ചത് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും എത്തിയിരിക്കുകയാണ്. എങ്ങനെയാണ് കേരളം വ്യത്യസ്തമാകുന്നത് എന്ന് നോക്കാം...

കൂടെയുണ്ട് കേരളം
സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ പണം കൊടുത്ത് വാങ്ങണം എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിറകെയായിരുന്നു മലയാളികളുടെ പുതിയ ചലഞ്ച്. മുഖ്യമന്ത്രിയോ സര്‍ക്കാരോ ആവശ്യപ്പെടാതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമൊഴുകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

രണ്ട് ഡോസിന്റെ തുക
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ 400 രൂപ നിരക്കിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കുക. സൗജന്യമായി ലഭിച്ച രണ്ട് ഡോസ് വാക്‌സിന്‌റെ തുക കണക്കാക്കി 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചുകൊണ്ട് ചിലര്‍ തുടങ്ങിവച്ചു. ബാക്കിയുള്ളവര്‍ അത് ഏറ്റെടുക്കുകയും ചെയ്തു.

പികെ കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭവാന ചെയ്യണം എന്നാണ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് മുസ്ലീം ലീഗ്.

ചെന്നിത്തല നേരത്തേ പറഞ്ഞു
കൊവിഡ് വാക്‌സിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കോണ്‍ഗ്രസും യുഡിഎഫ് ഘടകക്ഷികളും കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനോട് യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പുറംതിരിഞ്ഞ് നില്‍ക്കുന്നത്
ഇത്തരം നീക്കങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് ബിജെപി മാത്രമാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാനം വാക്‌സിന്‍ വാങ്ങണം എന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞത്. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം ആരോഗ്യകരമായ മത്സരം ആണ് ഉണ്ടാക്കുക എന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്.

രാഷ്ട്രീയം കളിക്കുന്നത് ആര്
മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്‌സിന്റെ കാര്യത്തിലും രാഷ്ട്രീയ കളിക്കുകയാണെന്ന ആരോപണം ആണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. ഓഖി ദുരന്തത്തിലും പ്രളയത്തിലും ഇത് ആവര്‍ത്തിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. എന്തായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ ബിജെപി ഇതുവരെ സ്വാഗതം ചെയ്തിട്ടില്ല.

ഇടത് ഹാന്‍ഡിലുകള്‍ തുടങ്ങി
സോഷ്യല്‍ മീഡിയയിലെ ഇടത് ഹാന്‍ഡിലുകള്‍ ആയിരുന്നു വാക്‌സിന്റെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്നതിന് തുടക്കമിട്ടത്. ഇപ്പോള്‍ രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും കൂടി ഇതിന് പിന്തുണ പ്രഖ്യാപിച്ചതോടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന സംഭാവന ഇനിയും കൂടുമെന്ന് ഉറപ്പിക്കാം.

കാവല്‍ സര്‍ക്കാരിന്റെ ദൃഢനിശ്ചയം
മുഖ്യമന്ത്രി പിണറായി വിജയന്റേത് ഒരു കാവല്‍ സര്‍ക്കാര്‍ മാത്രമാണ്. തിരഞ്ഞെടുപ്പ് ഫലം വരണം കേരളം ആര് ഭരിക്കും എന്നറിയാന്‍. എന്നാല്‍ കാവല്‍ സര്‍ക്കാരിന്റെ പരിമിതകള്‍ എല്ലാം മറികടന്നുകൊണ്ടാണ് കൊവിഡ് പ്രതിരോധ നടപടികള്‍. കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ മേഖല 200 കോടി
വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ള സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സഹകരണ മേഖലയില്‍ നിന്ന് ആദ്യഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വലിയ ബാധ്യത
വാക്‌സിനുകള്‍ പണം കൊടുത്ത് വാങ്ങേണ്ടി വരുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ഉറപ്പാണ്. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കുന്ന വാക്‌സിന്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 400 രൂപയ്ക്ക് വില്‍ക്കുന്നത്. ഈ പ്രതിസന്ധിയില്‍ സര്‍ക്കാരിന് കൈത്താങ്ങാകാനാണ് മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications