എഐ ക്യാമറ: നടക്കുന്നത് വന്‍ കൊള്ള; പദ്ധതിക്ക് വേണ്ടിയിരുന്നത് 75.32 കോടി മാത്രം: ചെന്നിത്തല
തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തില്‍ സർക്കാറിനെതിരെ കൂടുതല്‍ ആരോപണവുമായി രമേശ് ചെന്നിത്തല എം എല്‍ എ. സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ളയെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പത്രസമ്മേളനത്തിലൂടെ ആരോപിച്ചത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇത്, കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇത് നടത്തിയിരിക്കുന്നത്. എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിക്കുന്നു.
എല്ലാ ചട്ടങ്ങളേയും കാറ്റില്‍ പറത്തിയുള്ള പദ്ധതിയാണ് ഇത്. . പദ്ധതിക്ക് അനുമതി നൽകി ഏപ്രിൽ 12 ന് ക്യാബിനറ്റ് ഉത്തരവ് തന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നൽകുകയാണോ മന്ത്രിസഭ ചെയ്യേണ്ടത് ? തെറ്റ് സംഭവിച്ചു എന്ന് ബോധ്യപ്പെട്ടിട്ടും പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭയുടെ വലിയ പിഴവാണ്. കരാർ റദ്ദ് ചെയ്ത് ഉത്തരവാദികളെ ശിക്ഷിക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രി പി രാജീവ് കൊള്ളയെ വെള്ള പൂശി, കള്ളന്മാർക്ക് കവചം ഒരുക്കുകയാണ്. 75.32 കോടിയാണ് പദ്ധതി നടപ്പിലാക്കാൻ വേണ്ടത്. രേഖകൾ അനുസരിച്ച് 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണുള്ളത്. ഇങ്ങനെയായിരുന്നെങ്കില്‍ കോടികള്‍ ലാഭമായേനെ. കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് സർക്കാരിൽ ഉണ്ടായിരുന്നതിനേക്കാൾ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്.
പ്രസാദിയോ എന്ന കമ്പനിയെ കുറിച്ച് അന്വേഷണം വേണം. ഈ കമ്പനിക്ക് വിദേശത്ത് അടക്കം ബിസിനസ് ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണം നടന്നപ്പോള്‍ അതൊന്നും ഇല്ലെന്ന് ബോധ്യമായി. ആരാണ് കമ്പനിയുടെ ഉടമയായ രാംജിത്. മുഖ്യമന്ത്രിയുമായി ഇദ്ദേഹത്തിനുള്ള ബന്ധം എന്ത്, എത്രതവണ ക്ലിഫ് ഹൗസ് സന്ദർശിച്ചുവെന്നതടക്കമുള്ള വിവരങ്ങളെല്ലാം പുറത്ത് വരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, എ ഐ ക്യാമറ ഇടപാടിലെ അഴിമതി സംബന്ധിച്ചുള്ള രേഖകൾ സമർത്ഥിച്ചുള്ള എന്റെ വെളിപ്പെടുത്തൽ ചർച്ച വിഷയമായിരിക്കെ കെൽട്രോൺ എം.ഡിയുടെ വിശദീകരണം വെളുക്കാൻ തേച്ചത് പണ്ടായി എന്നു പറഞ്ഞതു പോലെയായി എന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സേഫ് കേരള പദ്ധതി 151 കോടി രൂപയിൽ നിന്നും 232 കോടിയാക്കി വർദ്ധിപ്പിച്ച നടപടി കെൽട്രോണിന്റെ മറ്റു ചിലവുക്കൾ കൂടി ഉൾപ്പെടുത്തിയതിനാലാണ് എന്ന തരത്തിലുള്ളത് ശരിയല്ല. സർക്കാർ ഉത്തരവ് മറികടന്ന് ആരെ സഹായിക്കാനാണ് സ്വകാര്യ കമ്പനിക്ക് ടെണ്ടർ നൽകിയത് എന്ന ചോദ്യം നിലനിൽക്കുകയാണ്. അഴിമതിയെ ന്യായീകരിക്കാനല്ലാതെ തെറ്റ് തിരുത്താൻ ഇവർ തയ്യാറകുന്നില്ല..
ഇത്തരത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ ഓരോ അഴിമതി പുറത്തു കൊണ്ടു വന്നപോൾ രാജാവിനെക്കാൾ വലിയ രാജഭക്തിയോടെ അഴിമതികളെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ കേരളം അത്ര പെട്ടെന്ന് മറക്കില്ല , സമാനമായ രീതിയിലാണ് കെൽട്രോൺ എം ഡി അഴിമതിയെ ന്യായീകരിക്കുന്നത് ,കെൽട്രോൺ എംഡി നാരായണ മൂർത്തി ക്ക് ശിവശങ്കരൻ്റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ. റോഡ് സുരക്ഷയെ ആരും എതിർക്കുന്നതേയില്ല അതിന്റെ പേരിലുള്ള ക്യാമറ കണ്ണുകൾ ഉന്നതരെ സ്പർശിക്കാതെ പാവപ്പെട്ടവരെ മാത്രം ഉന്നം വയ്ക്കുന്നതാണ് ഖേദകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications