എഐ ക്യാമറ: പ്രതിഷേധം ഫലിച്ചു; 12 വയസ് വരേയുള്ള കുട്ടികൾക്ക് ഇളവ്, പക്ഷെ കേന്ദ്രം പറഞ്ഞാല്‍ പിഴ വരും
തിരുവനന്തപുരം: എ ഐ ക്യാമറ നിയമങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് വരുന്നത് സംസ്ഥാന ഗതാഗത വകുപ്പ്. 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെയായിരിക്കും ഇളവ്. പൊതുവികാരം ഉയർന്ന് വന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമത്തില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്നും ആന്റണി രാജു അറിയിച്ചു.
കുട്ടികളാണെങ്കിലും ഇരുചക്ര വാഹനത്തില്‍ മൂന്ന് പേർ സഞ്ചരിച്ചാല്‍ പിഴ ഈടാക്കുമെന്ന പ്രഖ്യാപനം നേരത്തെ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. ഇതേ തുടർന്നാണ് നിയമം നടപ്പിലാക്കുന്നതില്‍ പുനഃരാലോചനയ്ക്കായി സംസ്ഥാന സർക്കാർ തയ്യാറായിരിക്കുന്നത്. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ടെന്നും, കേന്ദ്രത്തില്‍ നിന്ന് തീരുമാനം വരുന്ന മുറയ്ക്ക് പിഴ ഈടാക്കണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആകെ പുതുതായി 732 എഐ ട്രാഫിക് ക്യാറകളാണ് ഗതാഗത വകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകള്‍ ഇതിനോടകം തന്നെ പ്രവർത്തനം തുടങ്ങിയെങ്കിലും ജൂണ്‍ മാസം അഞ്ച് മുതല്‍ പിഴയീടാക്കാനാണ് ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തില്‍ തീരുമാനമായത്. നേരത്തെ മെയ് അഞ്ച് മുതല്‍ പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നുവെങ്കിലും വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
ഒരു മാസത്തേക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതിന് ശേഷമാണ് അടുത്തമാസം അഞ്ച് മുതല്‍ സർക്കാർ പിഴ ഈടാക്കാന്‍ ആരംഭിച്ചിരിക്കുന്നത്. 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളില്‍ 675 എണ്ണം ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് , ടൂവീലറിലെ ട്രിപ്പിള്‍ എന്നിവക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ചതാണ് എന്നാണ് എഐ ക്യാമറകള്‍ നിരീക്ഷിക്കുന്ന സംസ്ഥാന കണ്‍ട്രോള്‍ റൂമിന്റെ മേധാവി ആര്‍ടിഒ കെ അജിത് കുമാര്‍ നേരത്തെ അറിയിച്ചത്.
ക്യാമറ ഒപ്പയെടുക്കുന്ന ചിത്രങ്ങള്‍ ഓപ്പറേറ്ററും ഇന്‍സ്‌പെക്ടറും പരിശോധിച്ച ശേഷമായിരിക്കും പിഴ നടപടികളിലേക്ക് കടക്കുക. ഒരു ദിവസം 30000 ചലാനുകള്‍ വരെ ഇത്തരത്തില്‍ അയക്കാനും ശേഷിയുണ്ട്. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചാലും പിഴ ഈടാക്കും.
വാഹനങ്ങളുടെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിടുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 250 രൂപയാണ് പിഴ. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപയും. അമിതവേഗതയില്‍ കാര്‍ ഓടിച്ചാല്‍ 1500 രൂപയും ടൂവീലറില്‍ രണ്ട് പേരില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചാല്‍ 2000 രൂപയും പിഴ ഒടുക്കേണ്ടി വരും.












Click it and Unblock the Notifications