എഐ ക്യാമറ: ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്
കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളും ബോധവത്ക്കരണങ്ങളും ഒന്നും ഒരുക്കാതെ ട്രാഫിക് പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരള സർക്കാർ എ ഐ ക്യാമറ വഴി ജനങ്ങളെ പിഴിയാനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണെന്നും ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.
ഇടത് സർക്കാരിൻ്റെ തെറ്റായ നയം സംസ്ഥാനത്തിന് നൽകിയ പ്രതിസന്ധി മറികടക്കാൻ നികുതി വർദ്ധിപ്പിച്ചതിന് പുറമെയാണ് അടിസ്ഥാന കാര്യങ്ങൾ ഒന്നും സജ്ജീകരിക്കാതെയുള്ള ഈ ട്രാഫിക് പരിഷ്കരണം. റോഡുകൾ പലയിടത്തും ഈ ട്രാഫിക് നിയമങ്ങൾക്ക് യോജിച്ച വിധമല്ലുള്ളത്. പാർക്കിങ് സൗകര്യങ്ങൾ ഇല്ല. വേഗതയുടെയും മറ്റും പരിധിയെ കുറിച്ചും ഇപ്പോഴും കൃത്യമായ ധാരണയില്ല.

ദേശീയ പാതകളിലെ വേഗപരിധി സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം 2018-ൽ ഇറക്കിയ വിജ്ഞാപനത്തിൽ ഒരു കണക്കും കേരള സർക്കാരിൻ്റെ 2014-ലേ വിജ്ഞാപന പ്രകാരം മറ്റൊരു നിരക്കുമാണുള്ളത്. സംസ്ഥാനത്തെ നിരക്ക് കേന്ദ്രത്തിൻ്റെ നിരക്കിന് തുല്യമാക്കണമെന്ന് കേന്ദ്ര ട്രാൻസ്പോർട്ട് കമ്മീഷണർ ശിപാർശ ചെയ്തിട്ടും സംസ്ഥാനം ഇതുവരെ അത് പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പിഴ അടക്കുന്നതിൽ നിന്ന് വി ഐ പികളെ ഒഴിവാക്കാൻ തീരുമാനിക്കുകയും പിഴ അടയ്ക്കാൻ ബാധ്യതപ്പെട്ട, അഥവാ സാധാരണക്കാരുടെ പിഴ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ഈടാക്കാൻ ആലോചിക്കുകയും ചെയ്യുന്ന സർക്കാരിൻ്റെ നടപടികളിൽ നിന്ന് തന്നെ സാധാരണക്കാരോടുള്ള മനോഭാവം വ്യക്തമാണ്.
ലോണിൻ്റെ തിരിച്ചടവിനും മറ്റുമായി അടച്ച പണത്തിൽ നിന്ന് സർക്കാർ ഇങ്ങനെ ഫൈൻ ഈടാക്കിയാൽ ആളുകൾക്ക് അധിക ബാധ്യതകൾ ഉൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട്, ഇത്തരം ദ്രോഹ നടപടികൾ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
അതേസമയം, മേയ് 19 വരെ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണിരാജു അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഉൾപ്പെടുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാർഡ് ഡ്രൈവിംഗ് ലൈസൻസുകളുടെയും ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലയളവ് ബോധവത്ക്കരണ മുന്നറിയിപ്പ് മാസമായി ആചരിക്കും. ഈ സമയം നിയമം ലംഘിക്കുന്നവരുടെ മൊബൈലിൽ ഇതേക്കുറിച്ച് സന്ദേശമെത്തും. നിയമലംഘനത്തിന്റെ പിഴ എത്രയാണെന്ന അറിയിപ്പുമുണ്ടാവും. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്ര ചെയ്യരുതെന്നത് കേന്ദ്ര നിയമമാണെന്നും ഇതിൽ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി. അമിത വേഗത കണ്ടെത്താനുള്ള നാലു മൊബൈൽ യൂണിറ്റുകളും നിരത്തിലെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications