എഐ ക്യാമറ; ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന്,ആരോപണവുമായി ശോഭ സുരേന്ദ്രൻ
എ ഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ക്യാമറ ഇടപാടില്‍ ടെന്‍ഡര്‍ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ പിതാവിന്റെ ബിനാമിക്കാണെന്ന് ശോഭ ആരോപിച്ചു. തൃശൂരിൽ വാർത്താസമ്മേളനത്തിലായിരുന്നു ശോഭയുടെ ആരോപണം.
'കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്തെ പ്രധാനപ്പെട്ട ടെന്‍ഡര്‍ നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കും മകനും താത്പര്യമുള്ളവര്‍ക്കാണ്. മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പനാണ് പ്രകാശ് ബാബു. പ്രകാശ് ബാബുവിനാണ് ഈ ക്യാമറയുടെ ടെൻഡര്‍ ബിനാമി പേരില്‍ നല്‍കിയിട്ടുള്ളത്. ഫിസിക്കലായി പ്രകാശ് ബാബു ടെൻഡറിന് ഹാജരാകുന്നില്ല.

വീഡിയോ കോൺഫന്‍സിങ്ങിലൂടെ പ്രകാശ്ബാബുവിന്റെ വളരെ വേണ്ടപ്പെട്ടായാള്‍ ഹാജരാകുന്നു ഈ ടെൻഡര്‍ വിളിക്കുന്നു.മുഖ്യമന്ത്രി പറയണം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അച്ഛനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ഈ ക്യാമറ ടെൻഡര്‍ നല്‍കിയിട്ടുള്ളത്?
കേരളത്തിലെ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ പേര് അറിയാത്തതല്ല.കണ്ണൂർക്കാരനായ ഒരു ഉന്നതനാണ് ക്യാമറയുടെ ടെൻഡർ നൽകിയിട്ടുള്ളത് എന്ന് പറയുമ്പോഴും ഈ പേര് മറച്ചുവയ്ക്കാന്‍ വേണ്ടിയിട്ട് കേരളത്തിന്റെ പ്രതിപക്ഷം പരിശ്രമിക്കുന്നുവെന്നതാണ്. വലിയൊരു തീവെട്ടിക്കൊള്ള നടത്തുകയും തീവെട്ടിക്കൊള്ളയ്ക്ക് കാരണക്കാരനായ മുഖ്യമന്ത്രിയെ വെള്ളപ്പൂശാനാണ് പ്രതിപക്ഷം സഹകരിക്കുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിച്ചത്. അതുകൊണ്ട് കേന്ദ്ര ഏജന്‍സി ഐഎ ക്യാമറ വിവാദം അന്വേഷിക്കണം.
ക്യാമറ വിവാദം എന്നത് കേരളത്തിൽ പുത്തരിയായിട്ടുള്ള സംഭവം അല്ല. പക്ഷേ ഇവിടെ വളരെ വ്യക്തമായും സുതാര്യമായും ഓൺലൈൻ ടെന്റഡറിലൂടെ പദ്ധതികൾ ആവിഷ്കരിക്കുകയും കേരളത്തിലെ ജനങ്ങളുടെ നൻമയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യേണ്ട സർക്കാർ വഴിവിട്ട നീക്കങ്ങളിലൂടെ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പൊതുസമൂഹത്തിൽ നിന്നും ഇതിനെതിരെ ശബ്ദം ഉയർന്ന് വരുമെന്ന കാര്യത്തിൽ തർക്കമില്ല.
കേന്ദ്ര ഏജൻസികൾ ഈ വിവാദം അന്വേഷിച്ചാൽ അതിനാവശ്യമായ രേഖകൾ കൈമാറാൻ സാധിക്കുന്ന ആളുകൾ കേരളത്തിൽ ഉണ്ട്. പ്രിസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും പ്രകാശ് ബാബുവെന്ന വ്യക്തിയുമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ബിജെപി അധ്യക്ഷനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻറെ പ്രതികരണം. മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും ശോഭ പറഞ്ഞു.












Click it and Unblock the Notifications