എഐ ക്യാമറ: 'അപകടമരണങ്ങള്‍ കുറഞ്ഞു', പിഴയായി ലഭിച്ചത് 81.78 ലക്ഷം രൂപയെന്ന് ആന്റണി രാജു
തിരുവനന്തപുരം: എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ സ്ഥാപിച്ചതോടെ സംസ്ഥാനത്ത് അപകട മരണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലെ അപകടങ്ങളുടെ എണ്ണവും അപകട മരണങ്ങളും പകുതിയിലേറെയായി കുറക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് ആന്റണി രാജു ചൂണ്ടിക്കാട്ടി. 2022 ജൂണില്‍ 344 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
എന്നാല്‍ ഈ വര്‍ഷം ജൂണില്‍ ഇത് 140 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 റോഡ് അപകടങ്ങള്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ അത് 1278 ആയി കുറഞ്ഞെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ മാസം മാത്രം 20,42,542 നിയമലംഘനങ്ങള്‍ ആണ് റോഡ് ക്യാമറയില്‍ കണ്ടെത്തിയത്. ഇതില്‍ പരിശോധനകള്‍ക്ക് ശേഷം പിഴ ചുമത്തി നോട്ടീസ് അയച്ചത് 1.77 ലക്ഷം പേര്‍ക്കാണ്.

ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിഴയായി 7.94 കോടി രൂപ ലഭിക്കണം. എന്നാല്‍ ഇതുവരെ 81.78 ലക്ഷം രൂപ ലഭിച്ചിട്ടുള്ളത്. അതിനിടെ ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെയും റോഡ് ക്യാമറകളുടെ പരിധിയില്‍ കൊണ്ടുവരും എന്ന് ആന്റണി രാജു വ്യക്തമാക്കി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ നിന്ന് വാഹനങ്ങളുടെ വിവരങ്ങള്‍ കെല്‍ട്രോണിനു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമലംഘനങ്ങളുടെ പേരില്‍ ചുമത്തുന്ന പിഴയ്‌ക്കെതിരെ ഓണ്‍ലൈനിലൂടെ പരാതി പറയുന്ന സംവിധാനം അടുത്ത നമാസം അഞ്ചിന് ആരംഭിക്കും എന്നും പിഴ നോട്ടീസ് അയയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകള്‍ ജൂലൈ 31 നകം മാറ്റി സ്ഥാപിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
നോ പാര്‍ക്കിംഗ് എന്ന് മാര്‍ക്ക് ചെയ്ത സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകളിലൂടെ പിടികൂടും. നോ പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്താന്‍ വിവിധ വകുപ്പുകളുടെ യോഗം ബുധനാഴ്ച ചേരാനും തീരുമാനമായിട്ടുണ്ട്. റോഡുകളിലെ വേഗപരിധി കൂട്ടിയ പശ്ചാത്തലത്തില്‍ അത് വ്യക്തമാക്കി കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications