'കേരള മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കും'; പഠിക്കാൻ മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷ്ണർ കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷ്ണർ കേരളത്തിൽ. ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ ആണ് കേരളത്തിലെത്തിയത്. വിവേക് ഭീമാൻവറുമായി കൂടിക്കാഴ്ച നടത്തിയെന്നും കേരള മാതൃകയിൽ എഐ ക്യാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ജൂൺ, ജുലൈ മാസങ്ങളിൽ എ ഐ ക്യാമറയെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നുളള സർക്കാർ പ്രതിനിധിയും കേരളത്തിൽ എത്തിയത്. കൂടിക്കാഴ്ചയെ കുറിച്ച് മന്ത്രി പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

'സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ ഐഎഎസ് തിരുവനന്തപുരത്ത് വന്ന് സന്ദർശിച്ചു. കേരള മാതൃകയിൽ എഐ ക്യാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. എ ഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നിവ സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായിചർച്ച നടത്തി.എ ഐ ക്യാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ജൂൺ, ജുലൈ മാസങ്ങളിൽ എഐ ക്യാമറയെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ വന്നിരുന്നു. എഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങൾ ഇതേ മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും എഐ ക്യാമറ പദ്ധതി വൻ വിജയമാണെന്നാണ് വ്യക്തമാകുന്നത്', മന്ത്രി കുറിച്ചു.
നേരത്തേ അപകട നിരക്കുകൾ കുറഞ്ഞത് വ്യക്തമാക്കിക്കൊണ്ടുള്ള വിവരങ്ങൾ സർക്കാർ പങ്കിട്ടിരുന്നു. 2022 ജൂലൈയിൽ 313 പേർ വാഹനാപകടങ്ങളിൽ മരിച്ചപ്പോൾ 2023 ജൂലൈയിൽ 67 പേർ മാത്രമാണ് മരണപ്പെട്ടതെന്നായുരുന്നു കണക്കുകൾ. പരിക്കേറ്റവരുടെ എണ്ണം 2022 ജൂലൈയിൽ 3992 ആയിരുന്നപ്പോൾ 2023 ജൂലൈയിൽ 1329 ആയി കുറഞ്ഞു. കാലയളവിലെ അപകടങ്ങളുടെ എണ്ണം 3316ൽ നിന്ന് 1201 ആയും കുറഞ്ഞു എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications