എഐ ക്യാമറ: പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം; സോഫ്റ്റ് വെയറിൽ പ്രശ്നം, നോട്ടീസും അയച്ചില്ല
തിരുവനന്തപുരം: ഐഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം. ജൂൺ അഞ്ച് മുതൽ ആണ് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സംസ്ഥാനത്ത് എഐ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത്.
പ്രവർത്തിച്ച് തുടങ്ങിയിട്ട് രണ്ട് ദിവസം ആയിട്ടും ഇതുവരെ നോട്ടീസ് അയക്കാൻ പോലും കഴിഞ്ഞിട്ടില്ല. പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഇന്ന് പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ട്രയൽ റണ്ണിന് ശേഷം ആണ് ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയത്.

ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾ ഓരോ കൺട്രോൾ റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം പരിവാഹൻ സോഫ്റ്റുവെയറിലേക്ക് അയക്കും. വാഹന ഉടമക്ക് എസ്എംഎസ് അയക്കുന്നതും ചലാൻ തയ്യാറാക്കുന്നതും നാഷണൽ ഇൻഫോമാറ്റിക് സെൻററിൻറെ കീഴിലുള്ള സോഫ്റ്റ് വെയർ വഴി ആണ്.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ നിയമലംഘനങ്ങൾ കണ്ടെത്തി സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്തിരുന്നു. എന്നാൽ ആർക്കും എസ്എംഎസ് പോയില്ല. ചലാനും തയ്യാറായിരുന്നില്ല. ഇത്രയും അധികം നിയലംഘനങ്ങൾ ഒരുമിച്ച് അപ് ലോഡ് ചെയ്യുമ്പോൾ സോഫ്റ്റുവെയറിൽ മാറ്റം വരുത്താൻ എൻഐസി സമയം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
ഇന്നലെ രാത്രിയോടെ ഈ സാങ്കേതിക പ്രശ്നം പരിഹരിക്കും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇതുവരെ പരിഹരിച്ചിട്ടില്ല. ഒരു ദിവസം 25,000 പേർക്ക് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്ന് ദിവസത്തെ നിയമതടസ്സങ്ങൾ ഒരുമിച്ചാകുമ്പോൾ കൺട്രോൾ റൂമുകളിൽ നിന്നും തപാൽ വഴി നോട്ടീസ് അയക്കുന്നത് എത്രത്തോളം സാധ്യമാകും എന്നത് സംശയമാണ്.
അതുകൊണ്ട് കൺട്രോൾ റൂമിലെ പരിശോധനയിൽ കൃത്യമായി നിയമലംഘനങ്ങൾ തെളിഞ്ഞിട്ടുളളവർക്ക് മാത്രം നോട്ടീസ് നൽകിയാൽ മതി എന്നാണ് നിർദ്ദേശം. ക്യാമറയിൽ നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലേക്കാണ് ആദ്യം പോവുക. അവിടെ നിന്നാണ് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറുന്നത്..
സംശയം ഉള്ളവയിൽ നോട്ടീസ് അയക്കില്ല. ക്യാമറ വഴി വരുന്ന ദൃശ്യങ്ങളിൽ ചില പൊരുത്തക്കേടുകളും ഉണ്ട്. അത്തരം പ്രശ്നങ്ങൾ കാലക്രമേണ പരിഹരിക്കും എന്നാണ് കെൽട്രോൺ പറയുന്നത്. സിസിടിവി ക്യാമറിയിൽ കിട്ടുന്നതിനെക്കാൾ വ്യക്തമായി എഐ ക്യാമറിയിൽ ചിത്രങ്ങൾ ലഭിക്കും എന്നാണ് പറയുന്നത്. സേഫ് കേരള പദ്ധിതി പ്രകാരം 726 ക്യാമറകളാണ് സ്ഥാപിച്ചത്












Click it and Unblock the Notifications