തിരുവനന്തപുരം ഉള്‍പ്പെടെ 7 വിമാനത്താവളങ്ങളില്‍ എഐ ഹെല്‍പ്പ്ഡെസ്‌ക്; സേവനം മലയാളത്തിലും
മുംബൈ: രാജ്യത്തെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന പാസഞ്ചര്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. വിവിധ ഭാഷകളില്‍ യാത്രക്കാരോട് സംവദിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കാണ് ആരംഭിക്കുന്നത്. രാജ്യത്ത് നിലവില്‍ ഏഴ് വിമാനത്താവളങ്ങളാണ് അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട്‌സിന് കീഴിലുള്ളത്.
മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. യാത്രക്കാര്‍ക്കുള്ള ഫ്‌ളൈറ്റ് അപ്‌ഡേറ്റുകള്‍, ബാഗേജ് സ്റ്റാറ്റസ്, വിമാനത്താവളത്തിലെ സേവനങ്ങള്‍, ഗേറ്റ് നമ്പര്‍ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്ന് ലഭിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ എഐ ചാറ്റ്‌ബോട്ടില്‍ നിന്ന് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലും സേവനം ലഭ്യമാകും.
ഈ സംവിധാനം വികസിപ്പിക്കുന്നതിനായി .... എന്ന എഐ സൊല്യൂഷന്‍സ് ടെക് സ്ഥാപനവുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് അറിയിച്ചു. അദാനിയുടെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്ക് എഐ ഹെല്‍പ്പ് ഡെസ്‌ക് തല്‍ക്ഷണം വിവരങ്ങള്‍ വിവിധ ഭാഷകളില്‍ കൈമാറും. വോയിസ്, ചാറ്റ്, വെബ്, മൊബൈല്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ ഈ സിസ്റ്റം പ്രവര്‍ത്തിക്കും.
വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം ഞൊടിയിടയില്‍ നല്‍കുന്ന എഐ ചാറ്റ്‌ബോട്ട് സേവനം ആരംഭിക്കുന്നത് എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. വിമാനത്താവളങ്ങളിലെ ആശയവിനിമയത്തിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും യാത്രക്കാര്‍ക്കും മികച്ച അനുഭവം നല്‍കുന്നതിനും ഈ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അദാനിയുടെ എട്ടാമത്തെ വിമാനത്താവളമായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഉടന്‍ എഐ പാസഞ്ചര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പരമ്പരാഗത ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ചുവടുമാറുന്നത് വിമാനത്താവളങ്ങളുടെ ചെലവ് കുറയ്ക്കുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. എഐ പ്ലാറ്റ്‌ഫോം ഡാറ്റ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് തിരക്കില്ലാത്ത ഗേറ്റുകളിലേക്കും ലോഞ്ചുകളിലേക്കുമൊക്കെ പോകാന്‍ സാധിക്കും. യാത്രക്കാര്‍ പോകേണ്ടതിനു സമീപമുള്ള ഭക്ഷണ, പാനീയ ഓപ്ഷനുകളും ഇവയില്‍ ഉണ്ടാകും.
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പ്രധാനപ്പെട്ട വിവരങ്ങളും ഹെല്‍പ് ഡെസ്‌ക് ഉപയോഗിക്കും.












Click it and Unblock the Notifications