കെവി തോമസ് അച്ചടക്കം ലംഘിച്ചു, കാരണം കാണിക്കൽ നോട്ടീസ് നൽകി എഐസിസി, ഒരാഴ്ചയ്ക്കകം മറുപടി
ദില്ലി: പാര്‍ട്ടി വിലക്ക് മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എഐസിസി അച്ചടക്ക സമിതി. കെവി തോമസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായി താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസിന് ഒരാഴ്ചയ്ക്കുളളില്‍ കെവി തോമസ് മറുപടി നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അതിന് ശേഷം എഐസിസി അച്ചടക്ക സമിതി വീണ്ടും യോഗം ചേര്‍ന്ന് നടപടി തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍ ദില്ലിയില്‍ മാധ്യമങ്ങളെ അറിയിച്ചു.
കെവി തോമസ് അച്ചടക്ക ലംഘനം നടത്തിയെന്നും ഉടനെ തന്നെ കടുത്ത നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും വിലക്കിയിട്ടും സിപിഎം സെമിനാറില്‍ കെവി തോമസ് പങ്കെടുത്തതോടെ ഇനി പാര്‍ട്ടിക്ക് അദ്ദേഹത്തെ വേണ്ട എന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ കെവി തോമസിന് എതിരെ രംഗത്ത് വന്നിരുന്നു.

എഐസിസി അച്ചടക്ക സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ പ്രതികരിച്ച് കെവി തോമസ് രംഗത്ത് വന്നിട്ടുണ്ട്. നോട്ടീസ് നല്‍കുന്നതാണ് കോണ്‍ഗ്രസ് രീതിയെന്നും അച്ചടക്ക സമിതിയിലുളളതെല്ലാം താന്‍ അംഗീകരിക്കുന്ന നേതാക്കള്‍ ആണെന്നും കെവി തോമസ് പറഞ്ഞു. അജണ്ടയുളളത് തനിക്കല്ല പരാതി നല്‍കിയവര്‍ക്കാണ്. അച്ചടക്ക സമിതി ചേര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ ആക്ഷേപിച്ച് പറയേണ്ട കാര്യമെന്തായിരുന്നുവെന്ന് കെവി തോമസ് ചോദിച്ചു.
'നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കും. തനിക്ക് പറയാനുളള എല്ലാ കാര്യങ്ങളും പറയും. 2018 മുതലുളള കാര്യങ്ങള്‍ പറയാനുണ്ട്. താന്‍ പറയാത്ത കാര്യം തനിക്ക് എതിരെ കൊണ്ടുവന്നു. മോദി നല്ല പ്രധാനമന്ത്രിയാണ് എന്നതൊക്കെ താന്‍ പറയാത്ത കാര്യങ്ങളാണ്. അത് മുതലുളള എല്ലാ സംഭവങ്ങളും പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് കോണ്‍ഗ്രസുകാരാണ്. ഈ ഏര്‍പ്പാട് നിര്‍ത്തണം എന്ന് സുധാകരനോട് തന്നെ താന്‍ പറഞ്ഞിട്ടുളളതാണ്. എന്ത് ചെയ്യാന്‍ പറ്റും, ആളുകളല്ലേ നമ്മളല്ലല്ലോ എന്നാണ് സുധാകരന്‍ പറഞ്ഞത്' എന്നും കെവി തോമസ് പറഞ്ഞു.
Recommended Video

'തന്നെ മാത്രമല്ല ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒക്കെ ആക്രമിക്കാറുണ്ട്. ഇതൊക്കെ അവസാനിപ്പിക്കേണ്ടതുണ്ട്. നോട്ടീസിന് മറുപടി കൊടുക്കാന്‍ തനിക്ക് 48 മണിക്കൂര്‍ പോലും വേണ്ട. അച്ചടക്ക സമിതി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. താന്‍ പാര്‍ട്ടിയില്‍ നിന്ന് പോകില്ല'. കോണ്‍ഗ്രസുകാരന്‍ തന്നെയാണ് എന്നും കെവി തോമസ് പറഞ്ഞു.












Click it and Unblock the Notifications