സെൻകുമാറിനെതിരായ പരാതി 70 ദിവസത്തോളം മുക്കി!! പിണറായി സഹിക്കുമോ? ഒടുവിൽ സിപിഎം നേതാവ് പൊക്കി!!
തന്റെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ സെൻകുമാർ എഴുതിയ ചില പരാമർശങ്ങൾക്കെതിരെയാണ് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നത്.
തിരുവനന്തപുരം: ഡിജിപി ടിപി സെൻകുമാറിനെതിരായ പരാതി സെക്രട്ടറിയേറ്റിൽ മുക്കി വച്ചത് 70 ദിവസത്തിലേറെ. ഒടുവിൽ പൊക്കിയത് സിപിഎം സംഘടനാ നേതാവ്. സെൻകുമാറിനെതിരെ എഐജി വി ഗോപാലകൃഷ്ണൻ നൽകിയിരുന്ന പരാതിയാണ് പൊതു ഭരണ വകുപ്പിലെ സി സെക്ഷനിലെ ജീവനക്കാർ മുക്കിയത്. സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
മാർച്ച് പകുതിയോടെയായിരുന്നു ഗോപാല കൃഷ്ണൻ സെൻകുമാറിനെതിരെ പരാതി നൽകിയിരുന്നത്. തന്റെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ സെൻകുമാർ എഴുതിയ ചില പരാമർശങ്ങൾക്കെതിരെയാണ് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നത്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും പരാതിയിൽ നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് വി ഗോപാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജനെ സമീപിക്കുകയായിരുന്നു.

ജയരാജൻ അന്വേഷിച്ചപ്പോൾ പരാതി ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ മറുപടി. തുടർന്നാണ് പരാതി കണ്ടെത്താൻ സിപിഎം സംഘടനാ നേതാവിനെ ചുമതലപ്പെടുത്തിയത്. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരോട് തിരക്കി. പൊതുഭരണ വകുപ്പിലെ സി സെക്ഷനിലുണ്ടെന്ന സൂചന ലഭിച്ചതോടെ അവിടെ പരാതി കൈകാര്യം ചെയ്യുന്ന സെക്ഷൻ ഓഫീസറോട് തിരക്കുകയായിരുന്നു.
എന്നാൽ തന്റെ കൈയ്യിൽ കിട്ടിയില്ലെന്നായിരുന്നു ഈ ഉദ്യോഗസ്ഥന്റെ മറുപടി. തുടർന്ന് കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ ഈ പരാതി കമ്പ്യൂട്ടറിൽ മറ്റൊരിടത്തേക്ക് മാറ്റിയിട്ടതായി കണ്ടെത്തിയിരുന്നു. ഇ ഓഫീസ് സംവിധാനം വഴിയാണ് ഫയൽനീക്കം നടക്കുന്നത്. അതിനാൽ അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെചീഫ് സെക്രട്ടറി വരെ പൊതുഭരണ വകുപ്പിലെ ആർക്കും ഈ ഫയലുകൾ കൈകാര്യം ചെയ്യാൻ കഴിയും.
പരിശോധനയിൽ പരാതി ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതിരിക്കാനാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടിരുന്നത്. ഇക്കാര്യം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. പിന്നെ മിന്നൽ വേഗത്തിൽ കാര്യങ്ങൾ നടത്തി സെൻകുമാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഈ സർക്കാർ വന്നതിനു ശേഷമാണ് ഇടത് ആഭിമുഖ്യമുള്ള നേതാവിനെ പൊതുഭരണ വകുപ്പിൽ നിയമിച്ചത്.
എന്നാൽ എന്തിനാണ് പരാതി പൂഴ്ത്തി വച്ചിരുന്നതെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കും.












Click it and Unblock the Notifications