Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയും മഹാരാഷ്ട്രയും വരെ വീണു.. പക്ഷെ കേരളം ഇപ്പോഴും ഒവൈസിക്ക് ബാലികേറാമല തന്നെ!

ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ അഥവാ എഐഎംഐഎം എന്ന പാര്‍ട്ടി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. അസദുദ്ദീന്‍ ഒവൈസി നയിക്കുന്ന എഐഎംഐഎം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രധാനപ്പെട്ട പല തിരഞ്ഞെടുപ്പ് വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അതെല്ലാം വിവിധ സംസ്ഥാനങ്ങളില്‍ ആണ് എന്നതിനാല്‍ തന്നെ എഐഎംഐഎമ്മിനെ പ്രാദേശിക പാര്‍ട്ടി എന്ന് വിളിച്ച് തഴയാനാകില്ല.

മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അവരുടെ സാന്നിധ്യം തുടര്‍ച്ചയായി പാര്‍ട്ടി നിലനിര്‍ത്തി പോരുന്നു. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനും ആണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ പാര്‍ട്ടി വളരെ ശക്തമാണെങ്കിലും ഉയര്‍ന്ന മുസ്ലീം ജനസംഖ്യ ഉണ്ടായിരുന്നിട്ട് പോലും കേരളം അവര്‍ക്കിപ്പോഴും ബാലികേറാമലയാണ് എന്നതാണ് വിരോധാഭാസം.

AIMIM

ആറു പതിറ്റാണ്ടിലേറെയായി, ഹൈദരാബാദ് എഐഎംഐഎമ്മിന്റെ അചഞ്ചലമായ അടിത്തറയാണ്. സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസിയുടെ കാലഘട്ടം മുതല്‍ അസദുദ്ദീന്‍ ഒവൈസിയുടെ നിലവിലെ നേതൃത്വം വരെ, പാര്‍ട്ടി ഹൈദരാബാദ് പാര്‍ലമെന്റ് സീറ്റിനെ അജയ്യമായ ഒരു കോട്ടയാക്കി മാറ്റി. ബിജെപിയും മറ്റ് ദേശീയ പാര്‍ട്ടികളും തീവ്രമായി ശ്രമിച്ചിട്ടും എഐഎംഐഎം സ്ഥിരമായി ഏഴ് നിയമസഭാ മണ്ഡലങ്ങളും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ജിഎച്ച്എംസി) ഏകദേശം 50 ഡിവിഷനുകളും നിലനിര്‍ത്തുന്നു.

തെലങ്കാനയില്‍, രാഷ്ട്രീയ അതിജീവനത്തിന്റെ വഴിയാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. അധികാരത്തിലുള്ള ഏത് പാര്‍ട്ടിയുമായും അത് ബിആര്‍എസായാലും നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരായാലും തന്ത്രപരമായ 'സൗഹൃദ' ബന്ധം നിലനിര്‍ത്തിക്കൊണ്ട്, പാര്‍ട്ടിയുടെ പ്രധാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. മഹാരാഷ്ട്രയിലേക്കും വളരെ പെട്ടെന്നാണ് പാര്‍ട്ടി പടര്‍ന്ന് കയറിയത്.

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ആദ്യമായി എംപി സീറ്റ് നേടിയ ശേഷം, 2019 ല്‍ പാര്‍ട്ടി രണ്ട് നിയമസഭാ സീറ്റുകള്‍ നേടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. അടുത്തിടെ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച പാര്‍ട്ടി, സീമാഞ്ചല്‍ മേഖലയില്‍ അഞ്ച് സീറ്റുകള്‍ നേടി. ഉയര്‍ന്ന രാഷ്ട്രീയ പ്രാധാന്യമുള്ള ഹിന്ദി-ബെല്‍റ്റ് രാഷ്ട്രീയത്തില്‍ മത്സരിക്കാനുള്ള കരുത്ത് ഇതിനോടകം എഐഎംഐഎം തെളിയിച്ചു.

ഉത്തര്‍പ്രദേശിലും ഗുജറാത്തിലും പാര്‍ട്ടി തദ്ദേശ സ്വയംഭരണ മുനിസിപ്പാലിറ്റികളില്‍, പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷ വാര്‍ഡുകളില്‍, കടന്നുകയറി. ഇത് പരമ്പരാഗത 'മതേതര' പാര്‍ട്ടികള്‍ക്ക് ഒരു ബദലായി സ്വയം സ്ഥാപിച്ചു. ഇങ്ങനെയൊക്കൊണെങ്കിലും കേരളത്തിലേക്ക് കടക്കാന്‍ എഐഎംഐഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ല. തമിഴ്നാട് (വാണിയമ്പാടി), കര്‍ണാടക (ഹുബ്ലി-ബെല്‍ഗാം) എന്നിവിടങ്ങളില്‍ എഐഎംഐഎം വിജയം നേടിയിട്ടുണ്ടെങ്കിലും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് അവര്‍ വിട്ടുനിന്നു.

ഗണ്യമായ മുസ്ലീം വോട്ടര്‍മാര്‍ ഇവിടെയുണ്ടെങ്കിലും എഐഎംഐഎമ്മിന് തടസമാകുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ കരുത്താണ്. മുഖ്യധാരാ പാര്‍ട്ടികളാല്‍ മുസ്ലീങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന് തോന്നുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരള രാഷ്ട്രീയത്തില്‍ ലീഗിന് വലിയ സ്വാധീനമുണ്ട്. 1948 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് മുസ്ലീം ലീഗ്.

1976 മുതല്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്ന ലീഗിനെ കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കറെന്ന് പലകുറി വിശേഷിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന് പലകുറി ശക്തമായ തിരിച്ചടി നേരിട്ടിട്ടും യുഡിഎഫിനെ പിടിച്ചുനിര്‍ത്തുന്നത് തങ്ങളുടെ ശക്തിദുര്‍ഗങ്ങളില്‍ മുസ്ലീം ലീഗ് നിലനിര്‍ത്തുന്ന അപ്രമാദിത്യം കാരണമാണ്.

മൂന്ന് ലോക്സഭാ എംപിമാരും രണ്ട് രാജ്യസഭാ അംഗങ്ങളും ആണ് കേരളത്തില്‍ നിന്ന് ലീഗിനുള്ളത്. അതിനാല്‍ തന്നെ കേരളത്തില്‍ പ്രവേശിക്കുന്നത് എഐഎംഐഎമ്മിന് ഒരു കടുത്ത പോരാട്ടമായിരിക്കും. മാത്രമല്ല, ദേശീയ തലത്തില്‍ ഒരേ പ്രത്യയശാസ്ത്രം പിന്തുടരുന്ന ഇരു പാര്‍ട്ടികളുടെയും ഐക്യത്തിന് കോട്ടം വരുത്തുമെന്നും വിശകലന വിദഗ്ധര്‍ കരുതുന്നു.

നതൃത്വ ശൂന്യത ഉള്ളിടത്ത് വികസിപ്പിക്കുക എന്നതാണ് അസദുദ്ദീന്‍ ഒവൈസിയുടെ ലക്ഷ്യം. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെട്ടതായി തോന്നിയ ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍, എഐഎംഐഎം അതിന്റെ ഇടം കണ്ടെത്തി. എന്നാല്‍ ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ മുസ്ലീം ലീഗ് സ്ഥിരതയുള്ളതും ശക്തവുമായ ഒരു രാഷ്ട്രീയ ഐഡന്റിറ്റി നല്‍കുന്ന കേരളത്തി നിലവില്‍ എഐഎംഐഎമ്മിന് റോളൊന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+