കേരളത്തില്‍ നിന്നും ഗള്‍ഫ് യാത്ര ഇനി 13 ന് ശേഷമോ? ഇന്നും എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
കണ്ണൂർ: രണ്ടാം ദിനവും എയർ ഇന്ത്യ എക്സപ്രസ് വിമാനങ്ങളുടെ റദ്ദാക്കല്‍. കണ്ണൂരില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട നാല് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളായിരുന്നു ഇവ. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം ലഭിക്കുന്നത്. ഇതോടെ പലരും വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
മേയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ വിസ കാലാവധി തീരുന്നവർ ഉള്‍പ്പെടേയുള്ളവർ യാത്രക്കാരിലുണ്ട്. രണ്ടാം ദിനവും വിമാനങ്ങള്‍ റദ്ദാക്കിയതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ സമരം നീണ്ടുപോകുമോ എന്ന ആശങ്കയും ശക്തമാണ്. ജീവനക്കാരുമായി മാനേജ്മെന്റ് ചർച്ച നടത്തുന്നുണ്ടെങ്കിലുംകൂട്ട അവധി എടുത്തുകൊണ്ടുള്ള സമരരീതി പിന്‍വലിച്ചതായി അറിയിച്ചിട്ടില്ല. ലഭ്യമായ ജീവനക്കാരെ വെച്ച് ചില സവർവ്വീസുകള്‍ എയർ ഇന്ത്യ നടത്തുന്നുമുണ്ട്.

ബുധനാഴ്ച കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള സർവ്വീസുകളെല്ലാം മുടങ്ങി. കൊച്ചിയില്‍ ഷാര്‍ജ, ദമാം, മസ്‌കറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചുമുള്ള അന്താരാഷ്ട്ര സര്‍വീസുകളും ബെംഗളൂരുവിലേക്കുള്ള ആഭ്യന്തര സര്‍വീസുമാണ് ഇന്നലെ റദ്ദാക്കിയത്. ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കുന്നത് കുറച്ചുപേർക്ക് ബോർഡിങ് പാസ് നല്‍കിയതിന് ശേഷമായിരുന്നു.
അതേസമയം, വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള വിവിധ എംപിമാർ പ്രതികരിക്കുകയും വ്യോമയാന മന്ത്രാലയത്തിന് കത്ത് എഴുതുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് സീനിയർ കാബിൻ ക്രൂ ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിനെ തുടർന്ന് കോഴിക്കോട് അടക്കം നാട്ടിലും വിദേശത്തുമായി വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്നത് വലിയ പ്രതിസന്ധികളാണെന്ന് കോഴിക്കോട് എംപി എംകെ രാഘവന്‍ ചൂണ്ടിക്കാട്ടി. നീതീകരിക്കാൻ ആകാത്ത സമീപനമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും യാത്രക്കാരോട് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൂ റിസോഴ്‌സ് മാനേജ്‌മെന്റിനെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ യാത്രക്കാർ നേരിടുന്ന പ്രതിസന്ധികൾ അടുത്ത ദിവസങ്ങളിലും തുടരുമോ എന്ന ആശങ്ക ഉണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാരുടെ പ്രശ്‌ന പരിഹാരങ്ങൾക്ക് മുൻഗണന നൽകി വിഷയത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം സെക്രട്ടറി വുംലുന്മാങ് വുഅൽനാം, എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാനും എയർ ഇന്ത്യ സി.ഐ.ഒയുമായ കാമ്പ്‌വെൽ വിൽസൺ, എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് എന്നിവരോട് ആവശ്യപ്പെട്ടാതായും എംപി അറിയിക്കുന്നു.
കോഴിക്കോട് മാത്രം ആയിരകണക്കിന് യാത്രക്കാരെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയുടെ വ്യാപ്തി വളരെ വലുതാണ്. പ്രതിസന്ധികൾ പരിഹരിക്കാൻ ഇടപെടൽ നടത്തുന്നതായി എക്സ്പ്രസ്സ് അധികൃതർ അറിയിക്കുന്നുണ്ട്. ആവശ്യം ഉന്നയിച്ച മുഴുവൻ യാത്രക്കാർക്കും ഏഴ് ദിവസത്തിനകം റീ ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യവും, അല്ലാത്തവർക്ക് പൂർണമായ റീഫണ്ടും ചെയ്ത് നൽകുന്നതായി കമ്പനി അധികൃതർ അറിയിച്ചു.
വിസാ കാലാവധി തീരുന്നവർ, അടിയന്തിരമായി തിരികെ ജോലിയിൽ പ്രവേശിക്കേണ്ടവർ, പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി നാട്ടിൽ എത്തേണ്ടവർ തുടങ്ങീ പെട്ടെന്ന് യാത്ര നടത്തേണ്ടവരെ മുൻഗണനാ ക്രമം അനുസരിച്ച് മറ്റ് വിമാന കമ്പനികളിൽ യാത്ര തുടരാനുള്ള സൗകര്യങ്ങളുൾപ്പടെ ആവശ്യമായ എല്ലാ സഹായങ്ങളും ഏർപ്പെടുത്തി നൽകാൻ എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർ സുജിത് ജോസഫ്, കാലിക്കറ്റ് എയർപോർട്ട് എയർലൈൻ ഓപ്പറേറ്റേഴ്‌സ് ചെയർമാൻ ഫാറൂഖ് ബാത, കാലിക്കറ്റ് എയർപോർട്ടിലെ വിവിധ എയർലൈൻ കമ്പനികളുടെ സ്റ്റേഷൻ മാനേജർമാർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ എയർപോർട്ട് ഡയറക്‌ടർക്കും എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർക്കും നിർദേശം നൽകിയിട്ടുണ്ട്. യാത്ര മുടങ്ങിയതോ മറ്റ് പ്രതിസന്ധികളോ നേരിടുന്നവർക്ക് ആവശ്യമായ സഹായങ്ങൾക്ക് എന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണകളും ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications