വിമാനത്തിലും മിന്നല്‍ പണിമുടക്ക്:പ്രവാസികള്‍ക്ക് എട്ടിന്റെ പണി, സർവ്വീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാർ കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കുടങ്ങിക്കിടക്കുകയാണ്. കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളാണ് ആദ്യം റദ്ദാക്കിയത്. അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കുകയായിരുന്നു.
കണ്ണൂരിന് പിന്നാലെ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടേണ്ട നാല് വിമാനങ്ങളുടെ സർവ്വീസും റദ്ദാക്കി. നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കപവൈറ്റ് വിടങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവ്വീസ് നടത്തേണ്ട വിമാനങ്ങളും റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റദ്ദാക്കിയത് 12 വിമാനങ്ങളാണ്. റാസൽ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്ന സൂചനയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. വിമാന സർവ്വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലിയ രീതിയില്‍ വലച്ചു. വിവരം അറിഞ്ഞ യാത്രക്കാർ വിമാനത്താവളത്തില്‍ വലിയ പ്രതിഷേധം നടത്തി. രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് യാത്രക്കാർ അറിയിച്ചത്. യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനും അവസരമുണ്ടാകുമെന്നാണ് എയർ ഇന്ത്യ നല്‍കുന്ന വിശദീകരണം.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ് യാത്ര റദ്ദാക്കാൻ കാരണമെന്നായിരുന്നു വിഷയത്തിൽ അധികൃതർ നൽകിയ വിശദീകരണമെന്ന തരത്തിലുള്ള വാർത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയതായുള്ള എയർ എന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
പണിമുടക്ക് ആഭ്യന്തര സർവ്വീസുകളേയും ബാധിച്ചിട്ടുണ്ട്. അതേസമയം വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ എക്സ് പേജിലും യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഇന്ന് യുഎഇയില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെന്നാണ് ഒരു പ്രവാസി വ്യക്തമാക്കുന്നത്. യു എ ഇയില്‍ എത്തിയതിന് ശേഷം മറ്റ് രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റുകളില്‍ യാത്രചെയ്യേണ്ടവരും യാത്രക്കാരിലുണ്ട്.












Click it and Unblock the Notifications