എയർ ഇന്ത്യ കാരണം സ്വപ്ന തുല്യമായ ജോലി നഷ്ടമായി: പാലാ സ്വദേശിക്ക് 50000 രൂപ നഷ്ടപരിഹാരം
കോട്ടയം: മുൻകൂർ അറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 50,000 രൂപ പിഴ ചുമത്തി. പാലാ സ്വദേശി മാത്യൂസ് ജോസഫിന്റെ പരാതിയെ തുടർന്നാണ് കമ്മീഷൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ജൂലൈ 23-ന് ജോലിയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30-ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ആ ദിവസം വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. ഇതിനെ തുടർന്ന്, രാത്രി 8:32-ന് പുറപ്പെട്ട മറ്റൊരു വിമാനത്തിൽ മാത്രമാണ് അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിച്ചത്. ഈ വൈകലിന്റെ ഫലമായി, മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതിനാൽ, അദ്ദേഹത്തിന് കപ്പലിൽ ലഭിച്ചിരുന്ന ജോലി അവസരവും നഷ്ടപ്പെട്ടു.

തുടർന്ന് മാത്യൂസ് ജോസഫ് എയർ ഇന്ത്യയുടെ അശ്രദ്ധ മൂലം തനിക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയർലൈനിന്റെ കസ്റ്റമർ കെയർ മെയിൽ വഴി ബന്ധപ്പെട്ടിരുന്നു. എന്നാൽ, അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു.
കമ്മീഷന്റെ മുന്നിൽ, വിമാനം റദ്ദാക്കിയ വിവരം പരാതിക്കാരനെ അറിയിച്ചതിന് തെളിവ് ഹാജരാക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ആദ്യം ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതും, ബദൽ വിമാനം വൈകിയതും മൂലം മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാൻ കഴിയാതെ വന്നതിനാൽ പരാതിക്കാരന് ഗുരുതരമായ നഷ്ടം സംഭവിച്ചതായി കമ്മീഷൻ വിലയിരുത്തി.
എയർ ഇന്ത്യയുടെ സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരന് നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ (പ്രസിഡന്റ്), ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളായ കമ്മീഷൻ ഉത്തരവിട്ടു. ഈ ഉത്തരവ്, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിമാനക്കമ്പനികൾ ഉപഭോക്താക്കളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഉറപ്പാക്കുന്നതിനുള്ള ഒരു മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നു.
നേരത്തെ അർഹമായ സേവനം ലഭ്യമാക്കാത്ത കുവൈത്ത് എയർവേഴ്സിനെ നിയമപരമായി നേരിട്ട മലപ്പുറം സ്വദേശികള്‍ക്കും ലക്ഷങ്ങളുടെ നഷ്ടപരിഹാരം ലഭിച്ചിരുന്നു. കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് ഡോക്ടർ ദമ്പതികള്‍ക്ക് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചിരിക്കുന്നത്. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലായിരുന്നു നടപടി.












Click it and Unblock the Notifications