നിരപരാധിയെന്ന് കണ്ടാല്‍ തിരിച്ചുവരാനാകില്ല; മുകേഷിന്റെ രാജി ആവശ്യത്തില്‍ എഐവൈഎഫ്
കോഴിക്കോട്: ലൈംഗികാരോപണത്തില്‍ കേസെടുത്ത നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണമോ എന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് എഐവൈഎഫ് സെക്രട്ടറി ടിടി ജിസ്‌മോന്‍ വണ്‍ഇന്ത്യ മലയാളത്തോട്. ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുള്ള നടന്‍മാര്‍ക്കും ആളുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് തന്നെയാണ് നിലപാട് എന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കുന്നത് അതില്‍ നിന്ന് വ്യത്യസ്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആരോപണ വിധേയര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് തന്നെയാണ് എഐവൈഎഫിന്റെ അഭിപ്രായം. മുകേഷിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എകെ ശശീന്ദ്രന്‍, രഞ്ജിത്ത്, നീലലോഹിതദാസ് നാടാര്‍ എന്നിവര്‍ക്കെതിരെ എല്ലാം സമാന ആരോപണങ്ങള്‍ വന്ന സ്ഥിതി വിശേഷമുണ്ടായിട്ടുണ്ട്.

ആ സാഹചര്യങ്ങളില്‍ എല്ലാം അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നേരിടാനാണ് എല്‍ഡിഎഫ് പറഞ്ഞിട്ടുണ്ട്. എംഎല്‍എ സ്ഥാനം എന്നത് അതില്‍ നിന്ന് വ്യത്യസ്തമാണ്. രാജി വെച്ച് കഴിഞ്ഞാല്‍ ആരോപണ വിധേയനായിട്ടുള്ള ആള്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയാല്‍ തിരിച്ചുവരാന്‍ സാധിക്കില്ല. എങ്കിലും അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാട്,' ജിസ്‌മോന്‍ പറഞ്ഞു.
ആര്‍ക്ക് പരാതിയുണ്ടെങ്കിലും അവര്‍ക്ക് പരാതി കൊടുക്കാം. പരാതി ഉയര്‍ന്നാല്‍ അന്വേഷണം ഉണ്ടാകും എന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയാകുന്ന നടപടിയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ കര്‍ശന നിലപാടായിട്ടാണ് ഞങ്ങള്‍ ഇതിനെ നോക്കി കാണുന്നത്.
പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ ഏഴംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി കണ്ടെത്തലുകളെ ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് പിന്നീട് ഉണ്ടായത്. റിപ്പോര്‍ട്ടിനെ എഐവൈഎഫ് ആദ്യം തന്നെ സ്വാഗതം ചെയ്തിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിനെതിരെ ആരോപണം വന്നപ്പോള്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തണം എന്ന ആവശ്യവും എഐവൈഎഫ് മുന്നോട്ട് വെച്ചിരുന്നു,' ജിസ്‌മോന്‍ പറഞ്ഞു. സിനിമയിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ എഐവൈഎഫും എഐടിയുസിയും ശക്തമായ നിലപാട് സ്വീകരിച്ചത്.

എഐവൈഎഫ് ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സിനിമാ ലൊക്കേഷനുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംരക്ഷിക്കണം, അവരുടെ വേതനം സംബന്ധിച്ച ചൂഷണം നിര്‍ത്തലാക്കണം എന്ന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അത്. എറണാകുളം, തണ്ണീര്‍മുക്കം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ലൊക്കേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അങ്ങനെയാണ് എഐടിയുസിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനയായ മാക്ട സിനിമാ മേഖലയില്‍ രൂപപ്പെടുന്നത്.
പില്‍ക്കാലത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനായിരുന്നു അതിന്റെ പ്രസിഡന്റ്. ആ സംഘടനയുടെ രൂപീകരണത്തോടെ സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി എന്ന വിലയിരുത്തലുകളുണ്ടായിരുന്നു എന്നും അതിന് ശേഷം തൊഴിലാളികളുടെ വേതനത്തില്‍ വലിയ വര്‍ധനവ് ഉണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമാ മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലായി.
അത് കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകും എന്നം സിനിമാ മേഖലയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരായ ഇടപെടല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ നടപ്പിലാക്കണം എന്നതാണ് എഐവൈഎഫിന്റെ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications