അജിത് പവാർ ബിജെപിക്കൊപ്പം: കേരളത്തിലെ എന്‍സിപി എങ്ങോട്ട്, നിലപാട് വ്യക്തമാക്കി നേതാക്കള്‍
കോഴിക്കോട്: മാഹാരാഷ്ട്രയിലെ പാർട്ടി പിളർപ്പില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി കേരള ഘടകം. കേരളത്തിലെ എൻസിപി ശരത് പവാറിനും എൽഡിഎഫിനും ഒപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ ജനങ്ങൾ ശരത് പവാറിനൊപ്പമാണ്. അജിത് പവാറിന്റെ നീക്കം എൻസിപിയെ ബാധിക്കില്ല. രാജ്യത്ത് ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് ശരദ് പവാർ. അധികാരത്തോട് താൽപര്യമുള്ളവർ അതിനുള്ള കുറുക്കുവഴികൾ തേടുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി സംസ്ഥാന ഘടകം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് മുതിർന്ന എന്‍സിപിഎ നേതാവും ഗതാഗത വകുപ്പ് മന്ത്രിയുമായ എകെ ശശീന്ദ്രനും പറഞ്ഞു. പാർട്ടിയെ പിളർത്ത് എന്‍ഡിഎക്കൊപ്പം ചേർന്ന അജിത് പവാറിന്റെ നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അജിത് പവാർ പാർട്ടിയോട് കാണിച്ചത് വഞ്ചനയാണ്. അധികാര മോഹമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവർത്തി ചെയ്യിച്ചത്. കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. എന്നും പാർട്ടിയിലെ ശക്തന്‍ ശരദ് പവാറാണെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
ഏറെ നാടകീയമായിട്ടായിരുന്നു പാർട്ടിയെ പിളർത്ത് എന്‍ഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതും ഷിന്‍ഡെ സർക്കാറില്‍ ഉപമുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതും. എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ 53 എംഎല്‍എംമാരാണുള്ളത്. 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്. എന്നാല്‍ 29 എംഎല്‍എമാർ മാത്രമാണ് അജിത് പവാറിനൊപ്പം ഇന്ന് രാജ് ഭവനിലെത്തി സർക്കാറിനുള്ള പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
അയോഗ്യത ഒഴിവാക്കാൻ വേണ്ടത് 36 പേരുടെ പിന്തുണയാണ് വേണ്ടത്. എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനനി മുണ്ടെ, അനിൽ പാട്ടീൽ, ദലീപ് വൽസെപതി തുടങ്ങിയവരും അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമായിരുന്നു അജിത് പവാർ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിരുന്നു.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള താല്‍പര്യം അജിത് പവാർ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപി പാളയത്തിലേക്ക് എത്തുന്നതെന്നാണ് ശ്രദ്ധേയം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി നിയമസഭാംഗങ്ങളുടെ ഒരു സംഘം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications