ബിജെപിയിലേക്ക് പോകാനുള്ള വഴി ആണോ? കേന്ദ്ര അഭിഭാഷക പാനലില്‍ ഇടംപിടിച്ച ചാണ്ടി ഉമ്മനോട് ബാലന്‍
പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷക പാനലില്‍ കോണ്‍ഗ്രസ് എം എല്‍ എയും ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ ഇടം നേടിയതില്‍ പരിഹാസവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ചാണ്ടി ഉമ്മന്റെ അഭിഭാഷക പാനല്‍ നിയമനം ബി ജെ പിയിലേക്ക് പോകാനുള്ള വഴി ആണോ എന്ന് അറിയില്ലെന്ന് ബാലന്‍ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷക പാനലില്‍ പ്രമുഖനായിട്ടുള്ള ഒരു എം എല്‍ എ വന്നതിന്റെ ഔചിത്യം അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടത്. അത് എന്താണ് എന്നുള്ളത് എനിക്കറിയില്ല. ബി ജെ പിയിലേക്ക് പോകുന്നതിന് പലവഴികളുമുണ്ട്. ആ ഒരു വഴിയില്‍ ഈ ഒരു വഴി കൂടി ഉണ്ടോ എന്ന് എനിക്കറിയില്ല. ഇപ്പോള്‍ തന്നെ ഒരു എം പിയെ സംബന്ധിച്ച് പറയുന്നത് തുടങ്ങിയല്ലോ. വീക്ഷണം പത്രാധിപര്‍ ഇതിന്റെ ഇടയില്‍ ആണല്ലോ ബിജെപിയിലേക്ക് പോയത്,' അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസുമായും ബി ജെ പിയുമായും ഒരു ബന്ധവും സി പി എമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുമായി ബന്ധം ഉള്ളത് ആര്‍ക്കാണെന്ന് ചരിത്രം പരിശോധിക്കാമെന്ന് ബാലന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി പാനലില്‍ ചാണ്ടി ഉമ്മന്റെ പേരും ഇടം നേടിയത്. ദേശീയ പാത അതോറിറ്റിയുടെ അഭിഭാഷക പാനല്‍ കഴിഞ്ഞ ദിവസമാണ് പുതുക്കിയിറക്കിയത്.
63 അംഗ പാനലില്‍ 19-ാമനായാണ് ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ പേരുള്ളത്. എന്‍ ഡി എ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവിന്റെ പേര് എങ്ങനെ പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. കേരള റീജിയണിലെ അഭിഭാഷകര്‍ക്കിടയിലാണ് ചാണ്ടി ഉമ്മന്‍ പേരുള്ളത്. കേരളത്തില്‍ എന്‍ എച്ച് എ ഐയുടെ കേസുകളില്‍ ഹാജരാകേണ്ടത് ഈ പാനലിലുള്ള അഭിഭാഷകരാണ്.
എന്നാല്‍ മുന്‍പ് താന്‍ പാനലില്‍ ഉണ്ടായിരുന്നുവെന്നും പുതുക്കി ഇറക്കിയപ്പോള്‍ തെറ്റിയതാകാമെന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അഭിഭാഷക പാനലിലേക്ക് രണ്ട് വര്‍ഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റിക്ക് വേണ്ടി താന്‍ ഇതുവരെ ഹാജരായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രമേശ് ചെന്നിത്തലയുടെ പി എ ഹബീബ് ഖാന്റെ പേരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications