മന്ത്രിപദത്തില്‍ തുടര്‍ച്ചയായി 2364 ദിവസം; എകെ ശശീന്ദ്രന് റെക്കോഡ്
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രി പദവിയിലിരുന്നതിന്റെ റെക്കോര്‍ഡ് ഇനി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ഇന്നേ ദിവസം വരെ ശശീന്ദ്രന്‍ തുടര്‍ച്ചയായി 2364 ദിവസമായി (6 വര്‍ഷം 5 മാസം 22 ദിവസം) മന്ത്രിയാണ്. രണ്ടാം അച്യുതമേനോന്‍ മന്ത്രിസഭയിലെ ബേബി ജോണ്‍, കെ.അവുക്കാദര്‍കുട്ടി നഹ, എന്‍.കെ.ബാലകൃഷ്ണന്‍ എന്നിവരും മന്ത്രിപദവിയില്‍ ഇത്രയും ദിവസമിരുന്നവരാണ്.
മൂവരും 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെ 2364 ദിവസം മന്ത്രിമാരായിരുന്നു. നാളെയോടെ ഈ റെക്കോഡ് ശശീന്ദ്രന്റെ പേരില്‍ മാത്രമാകും. അതേസമയം മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. മുഖ്യമന്ത്രിയുടെ കണക്ക് കൂടി വരുമ്പോള്‍ ശശീന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്ക് മാറും. പിണറായി വിജയന്റെ രണ്ട് സര്‍ക്കാരുകളിലായി തുടര്‍ച്ചയായി മന്ത്രിയാണ് എകെ ശശീന്ദ്രന്‍.

2018 ഫെബ്രുവരി ഒന്ന് മുതല്‍ തുടര്‍ച്ചയായി മന്ത്രി പദവിയിലാണ് ശശീന്ദ്രന്‍. 2021 മേയ് 20 ന് ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ ഉണ്ടായി എന്ന് മാത്രം. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ (2016 മേയ് 25) ശശീന്ദ്രന്‍ മന്ത്രിയായിരുന്നു. എന്നാല്‍ ഹണി ട്രാപ്പ് വിവാദത്തെ തുടര്‍ന്ന് 2017 മാര്‍ച്ച് 27 ന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചു. പിന്നീട് വീണ്ടും മന്ത്രിയായി. ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ തന്നെ തിരിച്ചെത്തിയ ഏഴ് പേരില്‍ ഒരാളുമാണ് അദ്ദേഹം.
പിണറായി വിജയന്റെ രണ്ട് മന്ത്രിസഭയിലായി 2018 നവംബര്‍ 27 മുതല്‍ ഇന്ന് വരെ തുടര്‍ച്ചയായി 2065 ദിവസം മന്ത്രിയായ കെ കെ കൃഷ്ണന്‍കുട്ടിക്കാണ് ഈ പട്ടികയില്‍ അടുത്ത സ്ഥാനം. അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ കരുണാകരന്‍, വക്കം പുരുഷോത്തമന്‍, വെള്ള ഈച്ചരന്‍, ഡോ. കെ ജി അടിയോടി, എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ് എന്നിവര്‍ 2008 ദിവസം തുടര്‍ച്ചയായി മന്ത്രിമാരായിരുന്നു.
ഇവരാണ് മൂന്നാം സ്ഥാനത്ത്. ടി കെ ദിവാകരന്‍ 1933 ദിവസവും (1970 ഒക്ടോബര്‍ 4 1976 ജനുവരി 19നു മരണം വരെ) മന്ത്രി പദവിയിലിരുന്നു. അതേസമയം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നവരില്‍ പിണറായി വിജയന്‍ (2016 മേയ് 25 മുതല്‍ ഇന്നുവരെ 2981 ദിവസം) ആണ് ഒന്നാമത്. സി. അച്യുതമേനോന്‍ ആണ് രണ്ടാം സ്ഥാനത്ത്. 12 മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉള്‍പ്പെടെ 228 പേരാണ് കേരളത്തില്‍ ഇതുവരെ മന്ത്രിയായത്.
സംസ്ഥാനത്ത് കൂടുതല്‍ കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നവരില്‍ ഒന്നാമത് ഇകെ നായനാരാണ്, മൂന്ന് തവണയായി 4009 ദിവസം. കെ. കരുണാകരന്‍ (4 തവണ, 3246 ദിവസം), പിണറായി വിജയന്‍ (2 തവണ; ഇന്ന്‌വരെ 2981 ദിവസം), സി അച്യുതമേനോന്‍ (2 തവണ, 2640 ദിവസം) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. കൂടുതല്‍ കാലം മന്ത്രിസ്ഥാനത്തിരുന്നവരില്‍ കെ എം മാണിയാണ് ഒന്നാമത്.
മാണി 12 മന്ത്രിസഭകളിലായി 8759 ദിവസം മന്ത്രിയായിരുന്നു. പിജെ ജോസഫ് (6 മന്ത്രിസഭ, 6105 ദിവസം), ബേബി ജോണ്‍ (7 മന്ത്രിസഭ, 6061 ദിവസം), കെ ആര്‍ ഗൗരിയമ്മ (6 മന്ത്രിസഭ; 5824 ദിവസം) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.












Click it and Unblock the Notifications