ഫോൺ കെണി കേസ്; എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി! മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തും...
തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത്.
തിരുവനന്തപുരം: വിവാദമായ ഫോൺ കെണി കേസിൽ മുൻ മന്ത്രി എകെ ശശീന്ദ്രൻ കുറ്റവിമുക്തൻ. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന മാധ്യമപ്രവർത്തകയുടെ നിലപാട് അംഗീകരിക്കുന്നതായി വ്യക്തമാക്കിയാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.

ശശീന്ദ്രനെതിരായ കേസ് ഒത്തുതീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. പൊതുപ്രവർത്തകയായ തൈക്കാട് സ്വദേശി ലക്ഷ്മി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. അതേസമയം, കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് എകെ ശശീന്ദ്രൻ പ്രതികരിച്ചു.
കോടതിയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കോടതി വിധി അനുകൂലമായാൽ എകെ ശശീന്ദ്രൻ മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധി വന്നതിന് ശേഷവും ശശീന്ദ്രന് മന്ത്രിയാകുന്നതിൽ തടസമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളില്ലെന്നും, തുടർനടപടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്നും പീതാംബരൻ മാസ്റ്റർ കോട്ടയത്ത് പറഞ്ഞു.












Click it and Unblock the Notifications