പിണറായിയ്‌ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍
കേരളത്തില്‍ ഇത്തവണ എന്‍ ഡി എ മികച്ച മുന്നേറ്റം നടത്തുമെന്ന് തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥയും ബിഗ്‌ബോസ് ജേതാവുമായ അഖില്‍ മാരാര്‍. യു ഡി എഫും എല്‍ ഡി എഫും പ്രതീക്ഷിക്കുന്നതിനെക്കാള്‍ വലിയ കുതിപ്പ് എന്‍ ഡി എ നടത്തും എന്നും രാഷ്ട്രീയത്തിലെ പല ഫോര്‍മുലകളും ഇത്തവണ തെറ്റും എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തൃക്കാക്കരയില്‍ സിറ്റിംഗ് എം എല്‍ എ ഉമാ തോമസ് ആണ് പ്രധാന എതിരാളി എന്നും എല്‍ ഡി എഫ് ചിത്രത്തിലേയില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രചരണത്തിനിടെ ഉമ തോമസിനെ രണ്ടോ മൂന്നോ തവണ കണ്ടിരുന്നു എന്നും എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത് എന്നും അഖില്‍ മാരാര്‍ പറഞ്ഞു.

അസിസ്റ്റന്റ് ഡയറക്ടറായി വന്ന കാലം മുതല്‍ താന്‍ തൃക്കാക്കരക്കാരന്‍ ആണ് എന്നും കഴിഞ്ഞ നാലര വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത് അഖില്‍ മാരാര്‍ പറഞ്ഞു. നാളിതു വരെ ലഹരി കേസിലോ സ്ത്രീ സംബന്ധമായ വിഷയത്തിന്റെ പേരിലോ തനിക്കെതിരെ പറയാന്‍ ഒന്നുമില്ലാഞ്ഞിട്ടാണ് നിലപാടില്ലാത്തയാളാണ് താന്‍ എന്ന് പറയുന്നത് എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.
'ബിഗ് ബോസില്‍ പോകില്ലെന്ന് പറഞ്ഞിട്ട് ഞാന്‍ പോയതാണ് ഇവര്‍ക്ക് ആകെ പറയാനുള്ളത്. സംഘി ആകില്ലെന്ന് ഞാന്‍ പറഞ്ഞുവെന്നാണ് മറ്റൊന്ന്. ഞാന്‍ ട്വന്റി 20യിലാണ്. എന്റെ അഭിപ്രായങ്ങളൊന്നും ഇതുവരെ മാറ്റിപ്പറഞ്ഞിട്ടില്ല,' അഖില്‍ മാരാര്‍ പറഞ്ഞു. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന എല്ലാവരെയും പിടിച്ച് അകത്തിടണം എന്നും എന്നാല്‍ ഈ കേസുകളൊന്നും ആരെയും കുടുക്കാനായി ഉപയോഗിക്കരുത് എന്നും മാരാര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കു പ്രവര്‍ത്തിക്കാന്‍ പറ്റാത്ത മേഖലയായി മലയാള സിനിമയെ മാറ്റിയ സംവിധായകന്‍മാരും നടന്‍മാരും ആരുണ്ടെങ്കിലും അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിഷാരടിയുമായി തനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല എന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ വന്നപ്പോള്‍ പിഷാരടി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരെയോ മോദിക്കെതിരെയോ പിഷാരടി എന്തെങ്കിലും രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ എന്നും അഖില്‍ മാരാര്‍ ചോദിച്ചു.












Click it and Unblock the Notifications