'പുലയർക്ക് വേണ്ടി സംസാരിച്ചവൻ ആണ് ഞാൻ, എൻഎസ്എസിന്റെ സ്വീകരണത്തിന് പോയില്ല': അഖിൽ മാരാർ
വേടന്റെ ഉയർച്ച തടയുക തന്റെ ലക്ഷ്യമല്ലെന്ന് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. വേടനെ മുൻനിർത്തിയുളള ജാതീയ ഭിന്നിപ്പ് തടയുക എന്നതാണ് ലക്ഷ്യം. നാട്ടിലൊരു ക്ഷേത്ര പ്രശ്നം വന്നപ്പോൾ എൻഎസ്എസിനെ തള്ളി താൻ പുലയർക്ക് വേണ്ടി സംസാരിച്ചവനാണ്.
ബിഗ് ബോസ് വിജയിച്ചതിന് ശേഷം എൻഎസ്എസ് കരയോഗം സ്വീകരണത്തിന് വിളിച്ചെങ്കിലും പോയില്ലെന്നും നാട്ടുകാരുടെ ആകെയുളള സ്വീകരണം ആണെങ്കിൽ വരാമെന്നാണ് പറഞ്ഞതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ പറയുന്നു. മാരാർ എന്ന വാൽ തന്നെ തിരിച്ചറിയാനുളളത് മാത്രമാണെന്നും വാൽ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഞാൻ ഞാനാണ് എന്നും അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാർ പങ്കുവെച്ച കുറിപ്പ് വായിക്കാം: അധികാരം നിലനിർത്താൻ കമ്മ്യൂണിസ്റ് പാർട്ടി ഇല്ലാതാക്കിയ ദളിത് സമൂഹം.. ജീവിതം വഴിമുട്ടി പാർട്ടി അടിമകൾ ആക്കപ്പെട്ട ദളിത് ചെറുപ്പക്കാർ... അവരുടെ ഉയർച്ചയാണ് എന്റെ ആഗ്രഹം.. വേടനെ മുൻനിർത്തി സുഡാപ്പികളും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുക്കളിൽ സൃഷ്ടിക്കുന്ന ജാതീയമായ ഭിന്നിപ്പ് തടയുക എന്നതാണ് എന്റെ ലക്ഷ്യം...വേടന്റെ ഉയർച്ച തടയുകയല്ല.. നായരായ കമ്മ്യൂണിസ്റ് പാർട്ടി നേതാവിന്റെ മകളെ പ്രേമിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്നും തഴയപ്പെട്ട കലാകാരനായ ദളിത് കൂട്ടുകാരനെ ചേർത്ത് പിടിച്ച ഒരുവൻ ആണ് ഞാൻ...

എന്റെ നാട്ടിൽ എൻഎസ്എസ്സും പുലയ സമുദായവും തമ്മിൽ ക്ഷേത്ര ഭൂമി തർക്കം വന്ന നാൾ ഒപ്പമുള്ള സുഹൃത്തുക്കളെ പോലും തള്ളിപ്പറഞ്ഞു എൻഎസ്എസിനെ തള്ളിപ്പറഞ്ഞു പുലയർക്ക് വേണ്ടി സംസാരിച്ചവൻ ആണ് ഞാൻ.. ഞാൻ താഴെ ഇട്ടിരിക്കുന്ന ഫോട്ടോ 25വർഷം മുൻപ് ഞാൻ താമസിച്ച ഒരു കോളനിയാണ്.. ആ നീല പെയിന്റ് അടിച്ച വീട്ടിലാണ് ഞാൻ താമസിച്ചത്.. ഈ ചിത്രം മാസങ്ങൾക്ക് മുൻപ് എടുത്തതാണ്.. എന്റെ ചുറ്റും നിങ്ങൾ കാണുന്ന ഈ വീടുകളിൽ താമസിച്ചിരുന്നത് എന്റെ സഹോദരങ്ങളാണ്.. അവരുടെ വീട്ടിൽ നിന്നും കഞ്ഞിയും ചോറും കഴിച്ചു വളർന്നവൻ കൂടിയാണ് ഞാൻ.. മുത്തേ എന്ന് അവർ എന്നെ വിളിച്ചിരുന്നത് അവരുടെ മകൻ ആയി കൂടി കണ്ടാണ്.. ബിഗ് ബോസ്സ് ജയിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇവിടെ പോയിരുന്നു....
ഇത് പോലെ നിലവിൽ കോട്ടത്തലയിൽ പോലും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ദളിത് കുടുംബങ്ങൾ ഉണ്ട്.. ആരാണ് ഇവരെ ഈ വിധമാക്കിയത് അതിനെയാണ് ഞാൻ ചോദ്യം ചെയ്യുന്നതും... രാഷ്ട്രീയത്തിന്റെ പേരിൽ എന്നെ എതിർക്കുന്ന ചെറുപ്പക്കാർ പോലും കമ്മ്യൂണിസ്റ് പാർട്ടിയുടെ അടിമകൾ ആയി ജീവിതം നശിച്ചു എന്ന യാഥാർഥ്യം ഉൾക്കൊണ്ടവരാണ്.. അവരിൽ പലരും ഇത് തങ്ങളുടെ വിധി ആയി കരുതി മുന്നോട്ട് പോകുന്നു..
21ആം വയസ്സിൽ ജോലി വേടിച്ചത് പ്രേമിക്കുന്ന പെണ്ണിനെ കെട്ടണം എന്ന ആഗ്രഹത്തിലായിരുന്നു.. ഞാൻ പ്രേമിച്ചത് ജാതി നോക്കിയല്ല.. പെണ്ണിനെ നോക്കിയാണ്.. അവളുടെ ജാതി ജന്മം കൊണ്ട് ധീവര (മുക്കുവാ) സമുദായം ആണ്.. എന്റെ വീട്ടിൽ അവളെ ആ പ്രായത്തിൽ വിളിച്ചു കൊണ്ട് വന്നിട്ട് ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട് ഇവളെയാണ് ഞാൻ കെട്ടാൻ പോകുന്നതെന്ന്.. അച്ഛനും അമ്മയും സന്തോഷത്തോടെ അത് അംഗീകരിക്കുകയാണ് ചെയ്തതും.. പിന്നീട് മറ്റ് അഭിപ്രായ വ്യത്യാസങ്ങളും അഭിരുചികളും ആണ് ഒരുമിച്ചു ജീവിക്കുന്നതിൽ നിന്നും പിന്മാറാൻ ഉള്ള കാരണം...
എനിക്കൊരു മകൻ ജനിച്ചാൽ മനുഷ്യൻ എന്ന് പേരിടും എന്നാണ് ഞാൻ ലക്ഷ്മിയോട് പറഞ്ഞത്.. ഈശ്വരാ മകൾ ജനിക്കണേ എന്നവൾ പ്രാർത്ഥിച്ചു ഒരമ്മ മകനെ എങ്ങനെ മനുഷ്യാ എന്ന് വിളിക്കും എന്ന് പറഞ്ഞു നിരാശപെട്ട ലക്ഷ്മിയെ എനിക്കറിയാം.. മകൾക്ക് പേരിട്ടത് പ്രകൃതി എന്നായതും എന്റെ കാഴ്ചപ്പാടിന്റെ ഫലമാണ്.. അഖിലിന്റെ ഒപ്പമുള്ള മാരാർ ജാതിയായി നിങ്ങൾക്ക് തോന്നുന്നത് നിങ്ങളുടെ ചിന്തയുടെ കുഴപ്പമാണ് എനിക്കത് എന്റെ ഐഡന്റിറ്റി യുടെ ഭാഗം മാത്രം.. ആയിരകണക്കിന് അഖിൽമാർ ഉള്ള കേരളത്തിൽ എന്റെ പേര് ഒരാൾ ശ്രദ്ധിക്കാനുള്ള വെറും വാൽ.. ആ വാൽ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഞാൻ ഞാനാണ്...
ബിഗ് ബോസ്സ് വിജയിച്ച ശേഷം എന്റെ നാട്ടിലെ എൻഎസ്എസ് കരയോഗം എനിക്കായി ഒരു സ്വീകരണം ഒരുക്കി.. എന്റെ അടുത്ത സുഹൃത്തുക്കൾ നിർബന്ധിച്ചിട്ടു പോലും ഞാനതിൽ പങ്കെടുത്തില്ല.. അവരോട് ഞാൻ പറഞ്ഞത് എനിക്ക് വോട്ട് ചെയ്തത് എല്ലാ ജാതിയിലും പെട്ടവരാണ് എൻഎസ്എസിന്റെ സ്വീകരണമായി ചെയ്യാതെ ഈ നാടിന്റെ സ്വീകരണമായി എല്ലാവരെയും കൂട്ടി ചെയ്താൽ ഞാൻ വരാം..
പിന്നീട് എൻഎസ്എസ് താലൂക്ക് യൂണിയനിൽ നിന്നും വിളിച്ചു ഞാൻ പോയില്ല.. കാരണം എനിക്കൊരു ജാതിയുടെ പ്രിവിലേജ് വേണ്ട... വാക്കിലും വരിയിലും അല്ല പ്രവർത്തി കൊണ്ട് മനുഷ്യൻ എന്ന് തെളിയിച്ചു ജീവിക്കുന്നവനാണു ഞാൻ... അന്നും ഇന്നും എതിർക്കുന്നതും അനുകൂലിക്കുന്നതും പ്രവർത്തിയെ ആണ്.. അല്ലാതെ ആണെന്നോ പെണ്ണെന്നോ ഏത് ജാതിയെന്നോ മതമെന്നോ നോക്കിയല്ല...
NB : ഉയർന്നു വരാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഉയർന്ന ചിന്ത ഉണ്ടാവണം..












Click it and Unblock the Notifications