'അഖിൽ മാരാർ ഒരു സ്ത്രീ പീഡകൻ തന്നെ, ബിഗ് ബോസ് വിജയിയായാൽ മാനക്കേട്'
ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് സംവിധായകനായ അഖിൽ മാരാർ. എന്നാൽ പലപ്പോഴും തന്റെ നിലപാടുകളുടേയും പ്രതികരണങ്ങളുടേയും പേരിൽ വിവാദങ്ങൾ ചെന്ന് ചാടിയ താരം കൂടിയാണ് അഖിൽ. കഴിഞ്ഞ ദിവസം ഒരു എപ്പിസോഡിൽ താൻ ഭാര്യയെ തല്ലിയിരുന്നതായിരുന്നു അഖിൽ മാരാർ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിമർശനത്തിനാണ് വഴിവെച്ചത്. കഴിഞ്ഞ ദിവസം ഷോയുടെ അവതാരകനായ മോഹൻലാലും അഖിലിനെ വിഷയത്തിൽ താക്കീത് ചെയ്തിരുന്നു.
ഇപ്പോഴിതാ അഖിലിനെതിരായ ഒരു ബിഗ് ബോസ് ആരാധകന്റെ കുറിപ്പും വൈറലാവുകയാണ്. അഖിൽ മാരാർ ഒരു സ്ത്രീ പീഡകൻ തന്നെയാണെന്നും യാതൊരു ന്യായീകരണവും അർഹിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. വായിക്കാം

'ഭാര്യയെ തല്ലുന്നവൻ എത്ര വലിയ ഗെയിമർ ആണെന്ന് പറഞ്ഞാലും അംഗീകരിക്കാൻ സാധിക്കില്ല. അഖിൽ മാരാർ തൊണ്ണൂറുകളിലെ ചില സിനിമകളിലെ പുരുഷ കഥാപാത്രങ്ങളെ അനുകരിക്കുകയാവും. ആണത്വം കാണിക്കാൻ വേണ്ടി പെണ്ണിനെ കരണത്തടിച്ചു നിശബ്ദയാക്കുന്നതിൽ പുളകം കൊള്ളുന്ന ഒരു പഴഞ്ചൻ തലമുറയെ അയാൾ പ്രതിനിധീകരിക്കുന്നു. അത് അയാളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റേയല്ല. എല്ലാ മലയാളികുടുംബങ്ങളിലും സംഭവിക്കുന്ന നോർമൽ ആയ ഒന്നാണ്...!
മാരാരെ പോലെ ചിന്തിക്കുന്ന കുറെ പുരുഷന്മാരും സ്ത്രീകളും നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ ഇന്നുമുണ്ട്. അത് തിരുത്തപ്പെടണം. പുരുഷന് തോന്നിയത് പോലെ തല്ലിച്ചതയ്ക്കാനുള്ള ചെണ്ടയല്ല സ്ത്രീ. അത് കൊണ്ട് തന്നെയാണ് വീക്കെൻഡ് എപ്പിസോഡിൽ ഇത് വീഡിയോ സഹിതം ചർച്ച ചെയ്യപ്പെട്ടത്. ആരാധകർ ബഹളം വച്ചിട്ട് കാര്യം ഇല്ല. അഖിൽ മാരാർ ഒരു സ്ത്രീ പീഡകൻ തന്നെയാണ്.
അയാൾ വിന്നർ ആയാൽ ഈ ഷോയ്ക്കും കേരള സമൂഹത്തിനും ഉണ്ടാകാൻ പോകുന്ന മാനക്കേട് ചെറുതല്ല. ഇത് വരെ ഈ വിഷയത്തിൽ മാപ്പ് പറയാൻ പോലും, എന്തിനു അത് തെറ്റാണെന്ന് മനസ്സിലാക്കാൻ പോലും അയാൾ തയാറായിട്ടില്ല.
മാരാരുടെ ഭാര്യയ്ക്ക് അതിൽ പ്രശ്നമില്ലല്ലോ പിന്നെ നിങ്ങൾക്കെന്താണ് പ്രശ്നം എന്ന് ചോദിക്കണ്ട. മാരാർ ഈ പ്രസ്താവന നടത്തിയത് ഒരു നാഷണൽ ഷോയിൽ ആണ്.
ഗാർഹികപീഡനം അനുഭവിച്ചിട്ടുള്ള ഒരുപാട് സ്ത്രീകളെ ഈ പരാമർശം വേദനിപ്പിക്കും. പീഡകന്മാർക്ക് ഇത് പ്രോത്സാഹനവുമാകും. തങ്ങൾ നേരിടുന്നത് ഗാർഹികപീഡനം ആണെന്ന് പോലും മനസ്സിലാകാതെ സാമൂഹികചട്ടക്കൂടുകൾ കൊണ്ട് തീർത്ത ജയിലറകളിൽ ജീവിക്കുന്ന ധാരാളം സ്ത്രീകൾ ഉള്ള നാടാണ് ഇതെന്നും മറക്കരുത്', പോസ്റ്റിൽ പറഞ്ഞു.
അതേസമയം വിഷയത്തിൽ അഖിലിനെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. അഖിലിനെ അനുകൂലിച്ച് കൊണ്ടുള്ള ആരാധകന്റെ കുറിപ്പ് വായിക്കാം
'മോഹൻലാൽ സാർ ഇന്നേദിവസം അഖിൽ മാരാരിനോട് ഒരു ഉപദേശം കൊടുത്തതുപോലെയാണ് സംസാരിച്ചത്. ചെറിയ സൗന്ദര്യ പിണക്കങ്ങളും ചെറിയ വഴക്കുകളും ഒക്കെ ഉണ്ടാകാത്ത വീട് ഉണ്ടോ ദാമ്പത്യജീ വിധത്തിൽ അങ്ങനെ ചെറിയ വഴക്കുകളും പിണക്കങ്ങളും ഒക്കെ ഉണ്ടാകും.കേരളത്തിൽ കുടുംബങ്ങളിലും ഉണ്ടാകും. ഇത് അഖിൽ മാരാര് ബിഗ് ബോസ് ഹൗസിനുള്ളിൽ. തന്റെ ഭാര്യയെ പരാമർശിച്ചുകൊണ്ട് പറഞ്ഞത് ഈ ഷോയുടെ ടൈറ്റിൽ അനുയോജ്യമായി നിൽക്കണമല്ലോ അതുകൊണ്ട്.
തന്റെ എതിർ മത്സരാർത്ഥിയോട് സംസാരിക്കുന്നതിനിടയിൽ.
സത്യസന്ധമായി തന്റെ ഭാര്യയെ താൻ അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ബാറ്റിൽ ഓഫ് ഒർജിനൽ ആകുമ്പോൾ കാര്യങ്ങൾ സത്യസന്ധമായി പറയണമല്ലോ. അത്രയുമേ ഉള്ളൂ. ഈ വിഷയത്തിന് അഖിൽ മാരാരുടെ ജീവിതപങ്കാളി തന്നെ സോഷ്യൽ മീഡിയയിലൂടെ അതിനുള്ള ഉത്തരം കൊടുത്തു കഴിഞ്ഞു
ഇനി അഖിൽമാരാരെ വിമർശിക്കാൻ വരുന്നവർ ആദ്യം പോയി അഖിൽ മാരാരുടെ ഭാര്യ കൊടുത്തിരിക്കുന്ന വിശദീകരണം പൂർണമായും കേൾക്കണം അതിനുശേഷം പ്രതികരിക്കണം. തന്റെ ഭർത്താവിന്റെ ആ ഒരു പ്രവർത്തിയിൽ ഭാര്യക്ക് ഒരു കുഴപ്പവും ഇല്ലെങ്കിൽ പിന്നെ നമ്മൾക്ക് എന്താണ്
ഇക്കാര്യത്തിൽ അഖില്‍മാരാരുടെ ഭാഗത്താണ് ശരി'.












Click it and Unblock the Notifications