'നെല്ല് കുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രസവിച്ചു'; സിനിമ രംഗം പങ്കിട്ട് ന്യായീകരിച്ച് അഖിൽ മാരാർ,വീണ്ടും എയറിൽ
പ്രസവത്തെ കുറിച്ചുളള പ്രസ്താവനയുടെ പേരിൽ കടുത്ത വിമർശനമാണ് അടുത്തിടെ ബിഗ് ബോസ് താരം അഖിൽ മാരാർ നേരിട്ടത്. പണ്ട് കാലത്ത് പ്രസവം സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന കാര്യമാണെന്നും ഇന്ന് അത് കോംപ്ലിക്കേറ്റഡാക്കിയെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞത്.
'ഒരു കാലത്ത് സ്ത്രീകള്‍ക്ക് പ്രസവം എന്നത് വളരെ കൂളായിരുന്നു. തമാശയ്ക്ക് ചിലര്‍ പറുന്നത് കേള്‍ക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് ദേ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ച് അവിടെ വെച്ചിട്ടുണ്ട് എന്ന്. ഇത്ര നിസ്സാരമായി, സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്ത് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറേ ആശുപത്രികള്‍ രക്ഷകര്‍ത്താക്കളെ പ്രഷറിലാക്കി, അതോടെ ആധി കയറി, ഗര്‍ഭിണിയായാല്‍ തന്നെ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസ്സിലേക്ക് ഇട്ട് കൊടുത്ത്, 9 മാസം പേടിപ്പിച്ച്, പ്രസവിക്കാനും പറ്റാതെ സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡാക്കി വെക്കും',എന്നായിരുന്നു അഖിലിൻ്റെ വാക്കുകൾ.

ഡോക്ടർമാർ അടക്കമുള്ളവർ ഈ പ്രസ്തവനയ്ക്കെതിരെ രംഗത്തെത്തി. എന്നാൽ താൻ പറഞ്ഞതിൽ എന്താണ് തെറ്റെന്ന ചോദ്യമായിരുന്നു അഖിൽ ഉയർത്തിയത്. ഇപ്പോഴിതാ അതിനെ ന്യായീകരിച്ചുകൊണ്ട് വീണ്ടും പുതിയ വീഡിയോയുമായി വന്നിരിക്കുകയാണ് അഖിൽ. പഴയൊരു സിനിമ രംഗമാണ് അഖിൽ പങ്കുവെച്ചത്. അരി ഇടിച്ചുകൊണ്ടിരിക്കുമ്പോഴാണ് താൻ പ്രസവിച്ചത് എന്നൊരു സ്ത്രീ പറയുന്നതാണ് രംഗം.
വീഡിയോക്കൊപ്പം അഖിൽ കുറിച്ചത് ഇങ്ങനെ- 'ഒരുപാട് പേര് എന്നെ മെൻഷൻ ചെയ്യുന്നു ഞാൻ ഈ സിനിമ കണ്ട് പറഞ്ഞത് ആണെന്ന് ..അത് ശെരിയാണ് എനിക്ക് അമ്മൂമ്മ ഇല്ലല്ലോ അപ്പൂപ്പൻ ഇല്ലല്ലോ.. എന്റെ മുത്തശ്ശി 10 പേരെ പ്രസവിച്ച സ്ത്രീ ആയിരുന്നു. നാട് മനസിലാക്കിയവനെ സോഷ്യൽ മീഡിയയ്ക്ക് മനസിലാകില്ല. നിങ്ങൾക്ക് ഈ നാടിനെ കുറിച്ചോ ഇവിടെ ജീവിച്ച മനുഷ്യരെ കുറിച്ചോ അറിയാതെ പോയത് എന്റെ കുഴപ്പമല്ല... സിനിമ എഴുതുന്നത് സാമൂഹിക സാഹചര്യങ്ങളിൽ നിന്നാണ്.. അന്ന് ഈ ഡയലോഗ് പറഞ്ഞപ്പോൾ ആർക്കും ഒന്നും തോന്നാത്തത് അതൊരു സത്യമായത് കൊണ്ടാണ്.. എന്നാൽ ഇന്ന് ഈ ഡയലോഗ് പ്രചരിച്ചാൽ ഇല്ലാതാകുന്നത് കോടികൾ മുടക്കി ഗർഭിണികളെ വലയിട്ട് പിടിക്കാൻ നടക്കുന്ന ആരോഗ്യ രംഗത്തെ മാഫിയകൾ ആണ്', അഖിൽ പറഞ്ഞു.
എന്നാൽ വീഡിയോക്ക് താഴേയും നിരവധി പേർ അഖിലിനെതിരെ വിമർശനം ഉയർത്തുന്നുണ്ട്. സിനിമാക്കഥയിൽ ആവേശത്തോടെ പറയാം എന്നല്ലാതെ ഒരു അമ്മയും തന്റെ പ്രസവം എൻജോയ് ചെയ്തു കാണില്ലെന്ന് ചിലർ കുറിച്ചു. ചില കൻ്റുകൾ ഇങ്ങനെ
'പൊന്നു മാരാർ ഇതൊന്നും അവർ എൻജോയ് ചെയ്ത് ചെയ്യുന്നതല്ല. ആ കാലഘട്ടവും പാവപ്പെട്ട മനുഷ്യരുടെ ഗതികേടും ആയിരുന്നു അത് ഗർഭിണിയായാൽ ഒരുപാട് കാലം റസ്റ്റ് എടുക്കാനോ ആവശ്യമായ ഭക്ഷണം കഴിക്കാനോ ഒന്നും അവർക്ക് സാധിച്ചിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ പ്രസവിക്കുന്ന ദിവസം വരെ പണിക്ക് പോയാൽ മാത്രമേ ജീവിക്കാൻ കഴിയൂ എന്ന അവസ്ഥ. പത്തുപേരെ പ്രസവിച്ചാൽ അഞ്ചെണ്ണം മാത്രം ജീവനോടെ കിട്ടുമായിരുന്നു. ശിശു മരണനിരക്കും പ്രസവ സമയത്ത് ഉണ്ടാവുന്ന ബ്ലീഡിങ് മറ്റും കാരണം അമ്മമാരുടെ മരണവും എല്ലാം ആ കാലഘട്ടത്തിൽ ഒരുപാട് കൂടുതലായിരുന്നു. സിനിമാക്കഥയിൽ ആവേശത്തോടെ പറയാം എന്നല്ലാതെ ഒരു അമ്മയും തന്റെ പ്രസവം എൻജോയ് ചെയ്തു കാണില്ല. കഠിനമായ വേദനയിലൂടെ മാത്രമേ അവർ കുഞ്ഞിന്റെ മുഖം കണ്ടിട്ടുണ്ടാവു',ഒരാൾ കുറിച്ചു.
'ലോകത്തെ എല്ലാം മുൻകൂട്ടി കാണാൻ കഴിയുന്ന ഒരേ ഒരാൾ
മാരാർ, നോബൽ പ്രൈസ് ബിഗ്ഗ് ബോസ്സ് ന് താഴെ എന്ന് തെളിയിച്ച ധീരൻ
മാരാരിസം', എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം
'അണ്ണാ ഇന്ത്യക്ക് സ്വാത്രന്ത്യം കിട്ടുന്ന സമയത്ത് കേരളത്തിന്റെ life expectancy 25 വയസ് ആയിരിന്നു.. അന്നത്തെ കാലത്ത് പ്രസവ മരണങ്ങളും ശിശു മരണനിരക്കും വളരെ സ്വാഭാവികം ആയിരിന്നു.. ഇതിന് ഒരു മാറ്റം കൊണ്ട് വന്നത് മെഡിക്കൽ സയൻസ് ആണ്.. ഓരോ മണ്ടത്തരങ്ങൾ വിളമ്പിയിട്ട് ഇങ്ങനെ മരുന്ന് മാഫിയ പ്രസവ മാഫിയ എന്നൊക്കെ ഗീർവാണം അടിക്കാൻ കുറച്ചു തൊലി കട്ടി പോരല്ലോ' എന്നാണ് മറ്റൊരു കമൻ്റ്.












Click it and Unblock the Notifications