'മോഹൻലാലിന്റെ കാല് തൊട്ട് തൊഴുതു',പാദപൂജ ന്യായീകരിച്ച് അഖിൽ മാരാർ,പിന്നാലെ പോസ്റ്റ് മുക്കി
കാസർകോട് ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഭാരതീയ വിദ്യാനികേതൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിലാണ് 'പാദപൂജ' നടത്തിയത്. ചടങ്ങിൽ, വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാൽ വിദ്യാർത്ഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയുണ്ട്. പാദപൂജയ്ക്കെതിരെ ബാലാവാകശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
അതേസമയം നടപടിയെ ന്യായീകരിക്കുകയാണ് ബിജെപി ചെയ്തത്. ഗുരുപൂജ നമ്മുടെ സംസ്‌കാരമാണ്. ഗുരുവിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതാണ് നമ്മുടെ സംസ്കാരം എന്നാണ് ഗവർണർ പ്രതികരിച്ചത്. ഹിന്ദുപാരമ്പര്യങ്ങളോട് മാത്രം എന്തിനാണ് ഈ അസഹിഷ്ണുത എന്നായിരുന്നു മുൻ മന്ത്രി വി മുരളീധരന്റെ പ്രതികരണം. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിച്ച് ബിഗ് ബോസ് താരം അഖിൽ മാരാരും പോസ്റ്റ് പങ്കുവെച്ചു. മറ്റൊരാളെ കൈകൂപ്പി ബഹുമാനിക്കുന്നതും ഗുരക്കന്മാരുടെ കാല്‍ തൊട്ട് വന്ദിക്കുന്നതും ഭാരതീയ സംസ്ക്കാരം ആണ്.

ആർഎസ്എസുകാര്‍ അതേറ്റെടുത്തെു പോയി എന്ന കാരണം കൊണ്ട് അതിനെ തള്ളി പറയാന്‍ എനിക്ക് കഴിയില്ല എന്നാണ് അഖിൽ ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ പുതിയ സിനിമ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിനെ കണ്ട് കാൽ തൊട്ട് തൊഴുതുവെന്നും പോസ്റ്റിനൊപ്പം അഖിൽ കുറിച്ചു. എന്നാൽ നിമിഷ നേരം കൊണ്ട് ആ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും അഖിൽ പിൻവലിച്ചു.
അഖിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ -'കാലില്‍ തൊട്ട് തൊഴുത ശേഷം എടുത്ത ഫോട്ടോയാണ്. ബഹുമാനം ആദരവ് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കി എന്നതിന്റെ പേരില്‍ ആരും സ്വയം താഴ്ന്നു പോകുന്നില്ല. മറിച്ച് നമ്മുടെ അഹന്ത ഇല്ലാതാവാന്‍ ഈ കാഴ്ചപ്പാട് ഗുണം ചെയ്യും. മറ്റൊരാളെ കൈകൂപ്പി ബഹുമാനിക്കുന്നതും ഗുരക്കന്മാരുടെ കാല്‍ തൊട്ട് വന്ദിക്കുന്നതും ഭാരതീയ സംസ്ക്കാരം ആണ്. ആർഎസ്എസുകാര്‍ അതേറ്റെടുത്തെു പോയി എന്ന കാരണം കൊണ്ട് അതിനെ തള്ളി പറയാന്‍ എനിക്ക് കഴിയില്ല.
പക്ഷെ സംസ്ക്കാരം അടിച്ചേല്‍പ്പിക്കുന്നതിനോടോ സംസ്ക്കാരം അടിമകളെ സൃഷ്ടിക്കുന്നതിനോടോ എനിക്ക് യോജിപ്പില്ല. സംസ്കാരത്തിന്റെയും ആശയത്തിന്റെയും അടിമകള്‍ ആകാതെ ഭാരത പൗരന്റെ ആത്മാഭിമാനം ഉയര്‍ത്തി നട്ടെല്ല് നിവര്‍ത്തി തെറ്റിനെ ചോദ്യം ചെയ്ത് ജീവിക്കാൻ ആത്മധൈര്യം വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കു.
അടിയും വെട്ടും കൊണ്ട് വര്‍ഷങ്ങള്‍ ബിജെപിക്ക് വേണ്ടി കളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നലെ വന്ന കോര്‍പറേറ്റ് മുതലാളി പാര്‍ട്ടി പ്രസിഡന്റ് ആയപ്പോള്‍ പഞ്ചപുച്ഛമടക്കി അനുസരിച്ചത് ഈ ആശയത്തിന്റെ അടിമകള്‍ ആയത് കൊണ്ടാണ്... നിവര്‍ന്നു നിന്ന് ചോദ്യം ചെയ്യാന്‍ ധൈര്യമില്ലാത്തവരെ സൃഷ്ടിക്കുന്ന ധര്‍മം അല്ല നമ്മള്‍ പകരേണ്ടത്'.
അതേസമയം പാദപൂജ നടത്തിയതിനെതിരെ രൂക്ഷവിമർശനമുയർത്തി കോൺഗ്രസും രംഗത്തെത്തിയിരുന്നു. സംഭവത്തെ ന്യായീകരിച്ച ഗവർണറുടെ പ്രതികരണത്തിനെതിരെ കോൺഗ്രസ് എംപി കെസി വേണുഗോപാൽ രൂക്ഷവിമർശനം ഉയർത്തി. ' സംസ്ഥാനത്തിന്റെ ഗവർണ്ണർ ഇരുണ്ട യുഗത്തിലേക്ക് നാടിനെ നയിക്കാൻ പ്രോത്സാഹിപ്പിക്കുന്നു എന്നത് അങ്ങേയറ്റം അപമാനകരമാണ്. ശ്രീനാരായണ ഗുരുവിന്റെയും, ചട്ടമ്പി സ്വാമികളുടെയും, മഹാത്മാ അയ്യങ്കാളിയുടെയും നാടാണിത്. ഗവർണ്ണർക്ക് ഒരുപക്ഷേ അത് അറിയില്ലായിരിക്കും.
വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിക്കുന്നുന്നത് ന്യായീകരിക്കുന്നത് വഴി ഗവർണ്ണർ തന്റെ ഭരണഘടനാ പദവിയെ തന്നെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. സവർണ്ണ ഫാസിസ്റ്റ് സംസ്കാരം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണ്ണർ തന്റെ പദവിയുടെ മഹത്വം ആദ്യം മനസ്സിലാക്കണം. ബിജെപിയുടെ ജില്ലാ സെക്രട്ടറിമാരുടെ കാൽ കഴുകിക്കാൻ വിദ്യാർത്ഥികളെ വിട്ടുകൊടുക്കലാണ് സംസ്കാരം എന്ന് വാദിക്കുന്ന ഗവർണ്ണർ സംസ്ഥാനത്തിന് നാണക്കേടാണ്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications