അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി
നിയമസഭ തിരഞ്ഞെടുപ്പിൽ ട്വൻ്റി-20 നേതാവായ അഖിൽ മാരാരെ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എൻഡിഎയിൽ രണ്ട് അഭിപ്രായം. തൃപ്പൂണിത്തുറയിൽ അഖിൽ മത്സരിക്കട്ടെയെന്നാണ് പാർട്ടി നിലപാട്. എന്നാൽ സാബു എം ജേക്കബ് മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്.
ട്വൻ്റി-20 യിൽ ചേർന്നതിന് പിന്നാലെ തന്നെ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ അഖിൽ സ്ഥാനാർത്ഥിയാകുമെന്ന് സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നു. കൊട്ടാക്കര സ്വദേശിയാണ് അഖിൽ മാരാർ. അവിടെ നിന്ന് മത്സരിക്കണമെന്ന ആഗ്രഹത്തോടെ കോണ്‍ഗ്രസിൽ ചില ചരടുവലികൾ അഖിൽ നടത്തിയിരുന്നു. അത് നടക്കാതെ വന്നതോടെയാണ് അദ്ദേഹം ട്വൻ്റി-20ക്കൊപ്പം ചേർന്നത്. ട്വൻ്റി-20 സ്ഥാനാർത്ഥിയായി അഖിൽ കൊട്ടാരക്കരയിൽ മത്സരിക്കുമോയെന്നതായിരുന്നു ഉറ്റുനോക്കപ്പെട്ടത്.

എന്നാൽ അഖിൽ തൃപ്പൂണിത്തുറയിൽ മത്സരിക്കട്ടെയെന്നാണ് പാർട്ടി നിലപാട്. അതേസമയം സാബു എം ജേക്കബ്ബ് മത്സരിക്കുകയാണെങ്കിൽ മാത്രമേ തൃപ്പൂണിത്തുറ സീറ്റ് ട്വന്‍റി20ക്ക് നൽകേണ്ടതുള്ളൂ എന്നാണ് ബിജെപിയ്ക്കുള്ളിലെ നിലപാട്. മുൻസിപ്പാലിറ്റി ഭരണം അടക്കം പിടിച്ച സാഹചര്യത്തിൽ ജയസാധ്യത പരിഗണിച്ചു വേണം സ്ഥാനാർത്ഥിയെ നിർത്താൻ എന്നും ബി ജെ പി നേതാക്കൾ പറയുന്നു. അതേസമയം മത്സരിക്കാനുള്ള താത്പര്യം സാബു എം ജേക്കബ് ഇതുവരെ അറിയിച്ചിട്ടില്ല. അതിനിടെ കൊടുങ്ങല്ലൂർ സീറ്റിനായുള്ള ശ്രമങ്ങൾ ബിഡിജെഎസും നടത്തുന്നുണ്ട്. എന്നാൽ ബി ഗോപാലകൃഷ്ണൻ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്നാണ് ബിജെപി നിലപാട്.
ഇത്തവണ 100 ഓളം സീറ്റുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം കോർപറേഷൻ പിടിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി ഇറങ്ങുന്നത്. ശക്തരായ മത്സരാർത്ഥികളെ ഇറക്കിയാൽ വലിയ വിജയം നേടാമെന്നാണ് പാർട്ടി കരുതുന്നത്. സ്ഥാനാർത്ഥികളായി പൊതുസ്വതന്ത്രരെ തേടുകയാണ് നേതൃത്വം. കലാകായിക മേഖലകളിൽ നിന്നുള്ളവരെ ബി ജെ പി നേതൃത്വം ഇതിനോടകം സമീപിച്ചിട്ടുണ്ട്. മത്സരിക്കാൻ ആവശ്യപ്പെട്ട് തന്നെ സുരേഷ് ഗോപി ബന്ധപ്പെട്ടതായി ഇന്ന് ഐ എം വിജയൻ വ്യക്തമാക്കിയിരുന്നു
നിലവിൽ ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, ആർ ശ്രീലേഖ, മേജർ രവി, എംടി രമേശ് തുടങ്ങിയ നേതാക്കളുടെ സ്ഥാന്ർത്ഥിത്വം നേതൃത്വം അന്തിമമാക്കിയിട്ടുണ്ട്. ശോഭയെ പാലക്കാട് മത്സരിപ്പിക്കാനാണ് പാർട്ടി നീക്കെ. കെ സുരേന്ദ്രൻ മഞ്ചേരിയിലും ആർ ശ്രീലേഖ വട്ടിയൂർക്കാവിലും സ്ഥാനാർത്ഥികളായേക്കും.












Click it and Unblock the Notifications