ഒരുമാസം ചാറ്റ്ജിപിടിയുടെ പരസ്യത്തിന് ലഭിച്ചത് 2.36 ലക്ഷം രൂപ; വീണ്ടും വരുമാന കണക്കുമായി മാരാര്‍
രാഷ്ട്രീയത്തില്‍ ഇറങ്ങിയത് തനിക്ക് പണമുണ്ടാക്കാനല്ല എന്ന് ബിഗ് ബോസ് ജേതാവും സംവിധായകനുമായി അഖില്‍ മാരാര്‍. വരുമാനം നിലച്ചത് കൊണ്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഒരുമാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ അടക്കം പുറത്തുവിട്ടാണ് അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്.
മനുഷ്യര്‍ക്കൊപ്പം നിന്ന് സംസാരിക്കാനാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നും അരി പ്രശ്‌നം ആയിരുന്നെങ്കില്‍ എല്ലാവരെയും സുഖിപ്പിച്ചു ആരെയും വെറുപ്പിക്കാതെ പിഷാരടി ഒക്കെ സീറ്റ് ഒപ്പിച്ച പോലെ ഒപ്പിക്കാന്‍ നിന്നേനെ എന്നും അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കുണ്ടറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പറഞ്ഞത് നിങ്ങള്‍ കേട്ടിരുന്നോ..? '10 കോടി ആണ് എന്റെ ടാര്‍ഗറ്റ് ഏത് മണ്ടലം ആയാലും എനിക്ക് മത്സരിച്ചാല്‍ മതി...' രാഷ്ട്രീയം തിരഞ്ഞെടുക്കുന്നവരുടെ ഉദ്ദേശം ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ ഇതിലും നല്ല ഉദാഹരണം ഇല്ല.. അഖില്‍ മാരാര്‍ എന്ന എന്റെ ടാര്‍ഗറ്റ് എന്റെ നാട്ടിലെ ശബ്ദമില്ലാത്ത, നീതി നഷ്ടപ്പെട്ട മനുഷ്യരുടെ ശബ്ദം ആവുക എന്നതായിരുന്നു...
നിങ്ങളുടെ പരിഹാസവും, പുച്ഛവും, കുറ്റപ്പെടുത്തലും, ആക്രമണങ്ങളും കേട്ടിട്ടു ഞാന്‍ ചിരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നത് സത്യം ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ മനസ്സിലാക്കും എന്ന് കരുതിയാണ്.. എന്നാല്‍ ഒരു പരിധി വിട്ട് നിങ്ങള്‍ പെരുമാറുമ്പോള്‍ എനിക്ക് വേണ്ടി ഞാന്‍ തന്നെ ശബ്ധിക്കേണ്ടി ഇരിക്കുന്നു.. ഇന്നലെകളില്‍ പരസ്യപെടുത്താതെ, പാവങ്ങളുടെ അവസ്ഥ കണ്ടന്റ് ആക്കി മാറ്റാതെ ഞാനും അവരും മാത്രം അറിഞ്ഞ കാര്യങ്ങള്‍...
ആത്മഹത്യയുടെ വക്കില്‍ നിന്ന് ജീവിതം പോരാടി തിരികെ പിടിച്ചവന്‍ പലരേയും സഹായിച്ചത് നിങ്ങള്‍ അറിഞ്ഞിട്ടില്ല.. ജാതി നോക്കിയില്ല, മതം നോക്കിയില്ല.. സത്യത്തെ മാത്രം എല്ലാ കാലത്തും മുറുകെ പിടിച്ചു.. ഈ കണക്കുകള്‍ പുതിയ ഫോണില്‍ കിടന്നത് മാത്രമാണ്.... ഇതിന്റെ നൂറിരട്ടി ഞാന്‍ സഹായിച്ചിട്ടുണ്ട്... ഇനി അഖില്‍ മാരാര്‍ക്ക് ആശയമല്ല ആമാശയ പ്രശ്‌നം ആണെന്ന് ഹാശ്മി..
അതെ എന്റെ കണ്മുന്നില്‍ വേദന അനുഭവിക്കുന്ന എനിക്കറിയുന്ന മനുഷ്യരുടെ ആമാശയ പ്രശ്‌നത്തെക്കാള്‍ എനിക്ക് വലുതല്ല ഒരു പാര്‍ട്ടിയുടെ ആശയവും.. ഇനി എന്റെ വരുമാനം നിലച്ചത് കൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണോ ഞാന്‍ എന്ന് നിങ്ങള്‍ മനസ്സിലാക്കുക? 2025 ഡിസംബര്‍ മാസം ഇന്‍സ്റ്റാഗ്രാമില്‍ chat gpt യുടെ ഒരു പരസ്യത്തിന് എനിക്ക് ലഭിച്ച തുകയുടെ ബില്ല് കൂടിയുണ്ട്.. 2.36 ലക്ഷം..ഇത് ഒരു ബില്ല് മാത്രം..
ഇത് പോലെ പല പരസ്യങ്ങള്‍, പ്രോഗ്രാമുകള്‍.. തൊട്ടടുത്ത മാസം CCl.. ഒരു മത്സരം കളിക്കാന്‍ ഒരു ലക്ഷം ശമ്പളം..ആകെ 4 മത്സരം..കൂടാതെ മറ്റ് നിരവധി പൊതു പരിപാടികള്‍.. ദുബായിലും, UK യിലും ചെയ്ത ഇന്‍വെസ്റ്റ്മെന്റുകള്‍ വഴി മറ്റ് വരുമാനം..
ഷെയര്‍ മാര്‍ക്കറ്റ് വരുമാനം.. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധം..
പണം ഉണ്ടാക്കാന്‍ അധികാരത്തില്‍ എത്താന്‍ സാധ്യത ഉള്ള ഇവരുടെ കൂടെ അധികാരത്തിന്റെ ബലം കൂടി നേടി അവര്‍ നല്‍കുന്ന ഏതെങ്കിലും ബോര്‍ഡൊ, കൊര്‍റേഷന്റെയോ ഭാഗമായി തുടര്‍ന്നാല്‍ പോരെ...അത് വഴി വന്‍ കിട ബിസിനസ്‌കാര്‍ക്ക് പ്രിയപെട്ടവന്‍ ആയി തുടര്‍ന്നാല്‍ പോരെ..? എന്തിനാണ് കോണ്‍ഗ്രസ്സില്‍ സാധ്യത ഉണ്ടായിരുന്ന ഞാന്‍ അവരുടെ ജമാ അതെ ഇസ്ലാമി ബന്ധത്തെ എതിര്‍ത്തത്..?
ബിജെപി നേതാക്കളുമായി അടുപ്പം ഉണ്ടായിരുന്നിട്ടും ബിജെപിയില്‍ ചേരാതിരുന്നത്.. എനിക്ക് വര്‍ഗീയതയെ എതിര്‍ക്കാനേ അറിയൂ.. അല്ലാതെ ഒരു വിഭാഗത്തിന്റെ കൂടെ കൂടി ബിജെപി വര്‍ഗീയതയെ എതിര്‍ക്കുന്ന കേരള മതേതരന്‍ അല്ല ഞാന്‍.
നിങ്ങള്‍ക്ക് എന്നെ മനസിലാവില്ല.. മനസിലാക്കണമെങ്കില്‍ മത,രാഷ്ടീയ അന്ധത വെടിഞ്ഞു മനുഷ്യന്‍ ആവണം..
ദുരിതാശ്വാസ നിധിയില്‍ ഇന്നലെ വരെയുള്ള തട്ടിപ്പിനെ എതിര്‍ത്തത് നാളെയില്‍ അത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ആണ്.. അത് കൊണ്ടാണ് ഒരു ലക്ഷം രൂപ ഞാനും നല്‍കിയത്.. അന്ന് പിണറായിക്ക് വേണ്ടി വാദിച്ച ഹാഷ്മി 10000 രൂപ കൊടുത്തതായി തെളിയിക്കാമൊ.? അഖില്‍ മാരാര്‍ക്ക് രാഷ്ട്രീയം മനുഷ്യന്റെ ഒപ്പം നിന്ന് സംസാരിക്കാന്‍ ആയിരിന്നു.. അരി പ്രശ്‌നം ആയിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും സുഖിപ്പിച്ചു ആരെയും വെറുപ്പിക്കാതെ പിഷാരടി ഒക്കെ സീറ്റ് ഒപ്പിച്ച പോലെ ഒപ്പിക്കാന്‍ നിന്നേനെ..
ജനകീയ കോടതിയില്‍ ബിജെപി ബന്ധം ഉപേക്ഷിച്ചു വന്നിട്ടും സമൂഹത്തിന്റെ കൈയടിക്ക് വേണ്ടി ഞാന്‍ സംസാരിച്ചതായി കണ്ടോ... കുനിഞ്ഞു നിന്നാല്‍ കിട്ടുന്ന നിങ്ങളുടെ പിന്തുണ എനിക്ക് വേണ്ട.. ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ഞാന്‍ നിക്കും.. ഞാന്‍ പണം ഉണ്ടാക്കിയത് ഒരാളുടെയും കണ്ണീരില്‍ അല്ല... സ്വന്തം കണ്ണീര്‍ പുറമെ കാണിക്കാതെ ഉള്ളിലെ ചോര തീ ആക്കിയ ഊര്‍ജം കൊണ്ടാണ്..
സ്‌കൂള്‍ വിട്ട്, ക്രിക്കറ്റ് കളിച്ചു രണ്ടര കിലോ മീറ്റര്‍ ഓടി വീട്ടിലേക്ക് വരുമ്പോള്‍ പഞ്ചായത്ത് പൈപ്പില്‍ നിന്നും കുടിച്ച വെള്ളത്തിന്റെ സ്വാദ് ഒന്നും നാളിത് വരെ ഞാന്‍ കുടിച ഒരു ജ്യൂസിനും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.. ഈ രണ്ടര കിലോ മീറ്റര്‍ ഞാന്‍ ഉരുട്ടി കൊണ്ട് പോയ സൈക്കിള്‍ ടയര്‍ ന്റെ ഫീല്‍ ഒന്നും ഒരു ആഡംബര വാഹനത്തിനും നല്‍കാനും കഴിഞ്ഞിട്ടില്ല..
2023 വരെ പണം എന്റെ ചിന്തയില്‍ പോലുമില്ല..
പക്ഷെ പരിഹസിച്ചു, ആക്ഷേപിച്ച സമൂഹത്തിനു മുന്നില്‍.. ഇല്ലാതാക്കാന്‍ നോക്കിയ ശത്രുക്കള്‍ക്ക് മുന്നില്‍ ഞാന്‍ പണവും, പ്രശസ്തിയും ഒക്കെ ഉണ്ടാക്കി കാണിച്ചു കൊടുത്തു.. ഒരു വിമതന്റെ മധുര പ്രതികാരം.. രണ്ടായിരം രൂപ സിസി അടക്കാന്‍ പറ്റാതെ ബാങ്കുകാര്‍ എന്റെ ബൈക്ക് കൊണ്ട് പോയതിന്റെ വാശി ഒരു സൂപ്പര്‍ ബൈക്ക് സ്വന്തമാക്കി തീര്‍ത്തു..
രണ്ട് ലക്ഷം കാര്‍ഷിക വായ്പ തിരിച്ചടക്കാന്‍ പറ്റാതെ അമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം അറ്റാച്ച് ചെയ്തിട്ട ബാങ്കുകാര്‍ ഇന്ന് എന്നോട് OD വേണോ, ലോണ്‍ വേണോ എന്ന് ചോദിച്ചു പുറകെ നടക്കുന്നു.. എത്രത്തോളം നിങ്ങള്‍ തളര്‍ത്താന്‍ ശ്രമിച്ചാലും അത്രത്തോളം അതെനിക്ക് ഊര്‍ജമാണ്.... നിങ്ങള്‍ എനിക്ക് നേരെ എറിയുന്ന ഓരോ കമ്പും, വടിയും എനിക്ക് വിറക് കൊള്ളികള്‍ ആണ്..
അതുപയോഗിച്ച് ഞാന്‍ നിങ്ങള്‍ക്കായി ഒരു നേരിപ്പോട് ഒരുക്കുകയാണ്.. കുറിച്ചു വെച്ചോളൂ എന്റെ വാക്കുകള്‍..
NB : അഭിപ്രായം പറയുന്നവനെ ഭയക്കുന്നത് മനസിലാക്കാം.. എതിര്‍ക്കുന്നത് മനസിലാക്കാം.. ആക്ഷേപിക്കുന്നതും, ആക്രമിക്കുന്നതും മനസിലാക്കാം..
പക്ഷെ ഞാന്‍ തോറ്റു തരണം എന്ന് വാശി പിടിക്കരുത്... ജനുസ്സ് വേറെയാണ്





Click it and Unblock the Notifications