'വീടുകൾ കയറി ഇറങ്ങി 5 കിലോ കുറഞ്ഞു, തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം'; അഖിൽ മാരാർ
തിരുവനന്തപുരം; തൃക്കാക്കരയിൽ ആത്മവിശ്വാസത്തിലെന്ന് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ഇവിടെയൊരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. വോട്ട് തേടി പോകുമ്പോൾ അത് കൃത്യമായി മനസിലാകുന്നുണ്ട്. മണ്ഡലത്തിൽ അഖിൽ മാരാർ തരംഗം ഉണ്ടെന്നും അഖിൽ അവകാശപ്പെട്ടു. ട്വൻ്റിഫോർ ന്യൂസിനോടായിരുന്നു പ്രതികരണം.
'മികച്ച പ്രതികരണമാണ് വോട്ടർമാരിൽ നിന്നും ലഭിക്കുന്നത്. പ്രചരണ സമയത്ത് മനസിലാകുന്നത് ജനത്തെ സംബന്ധിച്ച് അവർക്ക് ഒരു മാറ്റം വേണമെന്നുള്ള ചിന്ത ഉണ്ട്. അത് ബൂത്തിൽ ചെല്ലുമ്പോഴും നമുക്ക് കിട്ടുന്നുണ്ട്. ഒരു അഖിൽ മാരാർ തരംഗം തൃക്കാക്കരയിൽ ഉണ്ടാകുന്നുണ്ട് എന്നുള്ളതിന്റെ ഒരു സൈലൻ് സൂചന എല്ലായിടത്ത് നിന്നും കിട്ടുന്നുണ്ട്. അത് മാധ്യമങ്ങൾക്കൊന്നും മനസിലാകില്ല. നിങ്ങൾ ആരും കാണാത്ത മേഖലകളിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. വോട്ടേഴ്സിന്റെ മേഖലകളിലേക്ക് നമ്മൾ ഇറങ്ങി ചെല്ലുമ്പോൾ ,വോട്ടേഴ്സ് എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാം. വീടുകൾ കയറി ഇറങ്ങി ക്യാമ്പെയ്ൻ ചെയ്ത ഒരുത്തനാണ് ഞാൻ. എന്റെ 5 കിലോ വരെ കുറഞ്ഞു. എല്ലാ ദിവസവും ഒരു 300 മുതൽ 400 വരെ വീട് കയറി ഇറങ്ങാറുണ്ട്',അഖിൽ മാരാർ പറഞ്ഞു.

പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിലും അഖിൽ പ്രതികരിച്ചു. ' അവിടെ എന്താണ് നടന്നത് എന്നുള്ള യാഥാർത്ഥ്യം ഇപ്പോഴും വന്നിട്ടില്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഞാൻ ഒരു കാലത്തും വിശ്വസിക്കില്ല. ഞാൻ പ്രചരണത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോകുന്നുണ്ട്. അവിടെ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി മനുഷ്യരെ ഞാൻ കാണുന്നുണ്ട്. എന്റെ ഒരു പഴയ രീതി എന്നോട് സങ്കടം പറയുന്ന ആൾക്ക് പൈസ കൊടുക്കുന്നതാണ്. ആദ്യമായി മത്സരിക്കുമ്പോൾ ഞാൻ ഇങ്ങനെ ചെയ്യാൻ പോയപ്പോൾ കൂടെയുള്ളവർ എന്നോട് പറഞ്ഞു അങ്ങനെ ചെയ്യരുത്, തിരഞ്ഞെടുപ്പാണ് എന്നാണ്.
ഈ മനുഷ്യരുടെ അവസ്ഥ കാണുമ്പോൾ അവിടുത്തെ ജനപ്രതിനിധികളോടാണ് ദേഷ്യം വരുന്നത്. ഇവരെ ഇങ്ങനെ ആക്കി മാറ്റിയത് ആരാണ്. ശോഭാ സുരേന്ദ്രന്റെ കൂടെ പോയ ഒരാൾ പണം കൊടുത്തു എന്ന് നിങ്ങൾ പറയുന്ന വാർത്ത സത്യമാണെങ്കിൽ ആ മനുഷ്യനെ ഈ ഗതികെട്ട അവസ്ഥയിലേക്ക് എത്തിച്ചത് ആരാണ്. അത് ഇന്നലകളിൽ ഇവിടെ ഭരിച്ചവരല്ലേ? ഈ ഇടതുപക്ഷവും വലതുപക്ഷവും മനുഷ്യരെ മുഴുവൻ ഈ അവസ്ഥയിൽ ആക്കി കഴിഞ്ഞപ്പോൾ അവർ മാറ്റം ആഗ്രഹിക്കുന്നുണ്ട്.
നമ്മൾ ഒരു 50 പേര് പ്രചരണത്തിന് പോയാൽ അതിൽ ഒരാൾ ചിലപ്പോൾ ഒരു സഹായം എന്ന രീതിയിൽ ഇങ്ങനെ ഒരു കാര്യം ചെയ്താൽ നമുക്കറിയത്തില്ല. ഇവിടെ ആരെങ്കിലും ഒരാൾ എന്നെ ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെ മറ്റൊരുത്തന്റെ കയ്യിൽ നിന്ന് കാശും മേടിച്ചിട്ട് ഇങ്ങനെ ചെയ്യാം. ഇത് സ്ഥാനാർത്ഥി ചെയ്തോ ഇല്ലയോ എന്നുള്ളതാണ് ചോദ്യം. ശോഭാ സുരേന്ദ്രൻ ചെയ്തത് ഞാൻ കണ്ടില്ല, കൂടെ പോയ ഒരാൾ അങ്ങനെ ചെയ്തു എന്ന് നിങ്ങൾ പറയുന്നു, ആ പറയുന്ന കാര്യത്തിനകത്ത് എന്താണ് വസ്തുത ,എന്ത് അടിസ്ഥാനത്തിലാണെന്നുള്ളത് എന്നതിൻ്റെ സത്യം പുറത്തുവരട്ടെ', അഖിൽ പറഞ്ഞു.












Click it and Unblock the Notifications