'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ
കൊച്ചി: തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി ബിഗ് ബോസ് താരം അഖില്‍ മാരാരെ പ്രഖ്യാപിച്ച് ട്വന്റി 20. എന്‍ഡിഎയുടെ ഭാഗമായ ട്വന്റി 20 തൃക്കരിപ്പൂരിലും തിരുവമ്പാടിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയുമാണ് മത്സരിക്കുക.
കോണ്‍ഗ്രസ് അനുകൂലിയായിരുന്ന അഖില്‍ മാരാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ട്വന്റി 20യില്‍ ചേര്‍ന്നത്. കൊട്ടാരക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അഖില്‍ മാരാരുടെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ സിപിഎം വിട്ട് ഐഷ പോറ്റി കോണ്‍ഗ്രസില്‍ എത്തിയതോടെ ആ സാധ്യത അടഞ്ഞു. ഇതോടെയാണ് അഖില്‍ മാരാര്‍ ബിജെപി ക്യാമ്പില്‍ എത്തിയത്.
കൊട്ടാരക്കര നാട്ടിൽ നിന്ന് താൻ രക്ഷപ്പെട്ടിട്ടില്ലെന്നും തൃക്കാക്കര തന്നെ ചേർത്ത് പിടിച്ച മണ്ണ് ആണെന്നും അഖിൽ മാരാർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഒരുപാട് മനുഷ്യരുടെ വേദന കാണുമ്പോൾ ഒന്നും അവർക്ക് വേണ്ടി ചെയ്യാൻ കഴിയാതെ നിൽക്കേണ്ടി വന്ന അവസ്ഥ... ഇടപെടാൻ ശ്രമിച്ചപ്പോൾ നീ ആരാടാ എന്ന ദാർഷ്ട്യം നിറഞ്ഞ മറുപടികൾ.. നിശബ്ദരാക്കപ്പെട്ട ഒരു പറ്റം ജനതക്ക് വേണ്ടി സംസാരിച്ചപ്പോൾ ലഭിച്ച ആത്മ സംതൃപ്തി.. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉണ്ടായ നിരവധി കാരണങ്ങൾ... എന്നാൽ നാടിന്റെ നന്മയെ കരുതി ചെയ്യുന്ന കാര്യങ്ങൾക്ക് അർഹമായ പിന്തുണ നൽകാൻ ഞാൻ പ്രവർത്തിച്ച രാഷ്ട്രീയം അനുവദിച്ചില്ല.
പകരം അവർ എന്റെ പ്രവർത്തിയെ ആക്ഷേപിച്ചു.. നാടിന്റെ നന്മക്കായി ചെയ്ത കാര്യങ്ങൾക്ക് പരിഹാസവും ആക്ഷേപവും മാത്രം പകരം കിട്ടി.. ഞാൻ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുമോ എന്ന ഭയമായിരുന്നു അന്ന് പലർക്കും.. എന്തായാലും കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല.. ഒന്നും ചെയ്യാൻ കഴിയാതെ എല്ലാം നഷ്ട്ടപെട്ട് മരണം മാത്രം മുന്നിൽ കണ്ട് നിൽക്കുന്ന സമയം ഈശ്വരൻ എത്തിച്ചത് തൃക്കാക്കരയുടെ മണ്ണിലാണ്...
പിന്നീട് ഈ നാട് എന്നെ ചേർത്ത് പിടിച്ചു.. എല്ലാ സൗഭാഗ്യങ്ങളും നൽകി.. ഒന്നുമില്ലാതെ ഒന്നുമാവാതെ പോയവന് ആഗ്രഹഹിച്ചതിൽ കൂടുതൽ നൽകി.. ഇനി എന്റെ നിയോഗം ഈ മണ്ണിന് വേണ്ടി ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ജീവിക്കുക എന്നതാണ്.. തൃക്കാക്കരയിൽ നിന്നും എന്റെ ശബ്ദം ഉയർന്നു കേൾക്കും.. ഒപ്പം ഉണ്ടാവണം.. അനുഗ്രഹിക്കണം..''












Click it and Unblock the Notifications