Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ തൃതീയയ്ക്ക് സ്വര്‍ണാഭരണം വാങ്ങിക്കല്ലേ..? നഷ്ടം വരിക ഇങ്ങനെ, ചെയ്യേണ്ടത് ഇത്

സ്വര്‍ണം വാങ്ങാനിരിക്കുന്നവരേയും വ്യാപാരികളേയും സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് അക്ഷയ തൃതീയ. ഈ ദിവസം സ്വര്‍ണം പോലുള്ള വിലയേറിയ വസ്തുക്കള്‍ വാങ്ങിക്കുന്നത് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും സമ്മാനിക്കും എന്നാണ് ഹൈന്ദവ വിശ്വാസം. എല്ലാ വര്‍ഷത്തേയും അക്ഷയ തൃതീയ നാളില്‍ വലിയ അളവിലാണ് സ്വര്‍ണം വിറ്റഴിക്കാറുള്ളത് എന്ന് ജ്വല്ലറി വ്യാപാരികള്‍ വരെ സാക്ഷ്യപ്പെടുത്തുന്നു.

നിലവിലെ സ്വര്‍ണ വിലയുടെ കുതിച്ചുചാട്ടം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. പത്ത് വര്‍ഷം മുന്‍പുള്ള അക്ഷയ തൃതീയ നാളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ നാലിരട്ടി അധികമാണ് ഇപ്പോഴത്തെ സ്വര്‍ണ വില. അധികം വൈകാതെ സ്വര്‍ണ വില പവന് ഒരു ലക്ഷം തൊട്ടേക്കും എന്ന തരത്തിലുള്ള പ്രവചനങ്ങളും വരുന്നുണ്ട്. വില ഉയരുന്നതിനാല്‍ ഈ അക്ഷയ തൃതീയയ്ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങണോ വേണ്ടയോ എന്നത് ശരിയായി ആലോചിക്കേണ്ട ഒന്നാണ്.

Gold Price

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8940 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം 9000 ത്തിന് മുകളില്‍ ആയിരുന്നു പവന്‍ വില. അക്ഷയ തൃതീയയ്ക്ക് എന്നല്ല പൊതുവെ എല്ലാവരും സ്വര്‍ണത്തിന്റെ ആഭരണങ്ങളാണ് വാങ്ങിക്കാറുള്ളത്. നിക്ഷേപത്തിനൊപ്പം ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം എന്നതിനാലാണ് ഇത്. എന്നാല്‍ ഇത് അത്ര ബുദ്ധിപരമായ തീരുമാനമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

നിര്‍മ്മാണ ചാര്‍ജുകള്‍, ജി എസ് ടി, വില്‍പ്പനക്കാരന്‍ വഹിക്കുന്ന മറ്റ് അധിക ചെലവുകള്‍ എന്നിവയെ ആശ്രയിച്ച് സ്വര്‍ണാഭരണങ്ങളുടെ യഥാര്‍ത്ഥ വില കൂടുതലായിരിക്കും. എന്നാല്‍ ആഭരണങ്ങള്‍ വാങ്ങുന്നത് സങ്കീര്‍ണമാക്കുന്ന ഒരേയൊരു ഘടകം വില മാത്രമല്ല. അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ കൂടി മനസില്‍ വെക്കേണ്ടതുണ്ട്.

ആഭരണം വാങ്ങുന്നത് ബുദ്ധിയല്ല!

സ്വര്‍ണത്തില്‍ നിക്ഷേപിക്കുക എന്നത് കൊണ്ട് പലരും അര്‍ത്ഥമാക്കുന്നത് ആഭരണങ്ങള്‍ വാങ്ങിക്കുക എന്നതാണ്. ആവശ്യമെങ്കില്‍ പിന്നീട് വില്‍ക്കാന്‍ കഴിയുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് വഴി നിങ്ങള്‍ക്ക് കുറച്ച് സ്വര്‍ണം ലഭിക്കുന്നു എന്നത് ശരി തന്നെ. പക്ഷേ ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമല്ല ഇത്. സ്വര്‍ണാഭരണങ്ങളില്‍ നിരവധി അധിക ചെലവുകള്‍ ഉണ്ട് എന്നത് തന്നെയാണ് അതിന് കാരണം.

ഭൗതിക സ്വര്‍ണം വാങ്ങുത എന്നതിന്റെ ഏക ലക്ഷ്യം നിക്ഷേപമാണെങ്കില്‍ സ്വര്‍ണ നാണയങ്ങള്‍ ആയിരിക്കും ആഭരണങ്ങളേക്കാള്‍ മികച്ച ഓപ്ഷന്‍. സ്വര്‍ണ നാണയങ്ങള്‍ക്ക് കുറഞ്ഞ പണിക്കൂലിയെ ആവശ്യമായി വരൂ. കൂടാതെ നിങ്ങള്‍ക്ക് 24 കാരറ്റ് മികച്ച സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങാം, അവ സൂക്ഷിക്കാന്‍ എളുപ്പമാണ്. ആഭരണത്തിന് ഡിസൈനിന് അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും.

വാങ്ങുമ്പോള്‍ പണിക്കൂലി കൊടുക്കണമെങ്കിലും വില്‍ക്കുമ്പോള്‍ ഇത് നിങ്ങള്‍ക്ക് ലഭിക്കില്ല. അതിനാല്‍ തന്നെ നിക്ഷേപമായി ആഭരണം വാങ്ങിക്കുന്നത് ഒരു മണ്ടന്‍ തീരുമാനമാണ്. ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ ഓപ്ഷനുകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകളും സ്വര്‍ണ ഇ ടി എഫുകളും തിരഞ്ഞെടുക്കാം. ഒരു നിക്ഷേപമെന്ന നിലയില്‍ അവ സ്വര്‍ണ്ണാഭരണങ്ങളേക്കാള്‍ ഫലപ്രദമാകും. എങ്കിലും എല്ലാ അപകട സാധ്യതകളും അറിഞ്ഞതിനുശേഷം മാത്രമേ നിങ്ങള്‍ അവയില്‍ നിക്ഷേപിക്കാവൂ.

വിലയിലെ വ്യത്യാസം

ഒരു സ്വര്‍ണ്ണാഭരണത്തിന് നിങ്ങള്‍ നല്‍കുന്ന വില അതില്‍ അടങ്ങിയിരിക്കുന്ന യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന്റെ വിലയേക്കാള്‍ കൂടുതലാണ്. ജി എസ് ടി, പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയാണ് ആഭരണം വാങ്ങുമ്പോള്‍ അന്തിമ ബില്ലില്‍ ഉള്‍പ്പെടുക. അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ് ജ്വല്ലറികള്‍ ആഭരണങ്ങള്‍ക്ക് ശരാശരി പണിക്കൂലി ഈടാക്കാറുള്ളത്.

സങ്കീര്‍ണ്ണമായ ഡിസൈനുകളുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലാണ്. മാത്രമല്ല സങ്കീര്‍ണ്ണമായ ഡിസൈനുകള്‍ നിര്‍മ്മിക്കുമ്പോള്‍ സ്വര്‍ണത്തോടൊപ്പം മറ്റ് വിവിധ വസ്തുക്കളും ഉപയോഗിക്കുന്നു. അവയുടെ ചാര്‍ജും നിങ്ങളുടെ ബില്ലില്‍ ഉള്‍പ്പെട്ടേക്കാം. ഹാള്‍മാര്‍ക്കിംഗ് നിരക്ക് 53.10 പൈസയും ജി എസ് ടി മൂന്ന് ശതമാനവും ആണ്. ഇത് പ്രകാരം ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ 75000 രൂപയ്ക്ക് മുകളില്‍ ചെലവാകും!

കാണുന്നതല്ല യഥാര്‍ത്ഥ വില

വാര്‍ത്തകളിലും മറ്റും നിങ്ങള്‍ കാണുന്ന സ്വര്‍ണത്തിന്റെ വില സ്വര്‍ണാഭരണങ്ങളുടെ യഥാര്‍ത്ഥ വിലയല്ല. അവ വെറും സൂചകമായ ചില്ലറ വില്‍പ്പന വിലകളാണ്. സ്വര്‍ണാഭരണങ്ങളുടെ യഥാര്‍ത്ഥ വില സൂചക വിലകളേക്കാള്‍ കൂടുതലാണ്. മാത്രമല്ല, ഇത് ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നിലേക്കും ഒരു സ്വര്‍ണക്കടയില്‍ നിന്ന് മറ്റൊന്നിലേക്കും വ്യത്യാസപ്പെടുന്നു.

എല്ലാ വിലകളും പരിശോധിക്കുക

സ്വര്‍ണം വാങ്ങിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് വ്യത്യസ്ത ജ്വല്ലറികളിലെ വിലകള്‍ താരതമ്യം ചെയ്യണം. ഗതാഗത ചെലവുകള്‍, പണിക്കൂലികള്‍, ഇന്‍ഷുറന്‍സ്, അവര്‍ വരുത്തുന്ന മറ്റ് അധിക ചെലവുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണം ഒരു ജ്വല്ലറിയില്‍ നിന്ന് മറ്റൊന്നിലേക്ക് വിലകളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിലവിലെ വിലകള്‍ മാത്രമല്ല, പുനര്‍ വില്‍പ്പന വിലകളും, ഒന്നിലധികം ജ്വല്ലറികളിലെ പണിക്കൂലികളും താരതമ്യം ചെയ്യണം.

സ്വര്‍ണത്തിന്റെ പരിശുദ്ധി

സ്വര്‍ണം പലതരം പരിശുദ്ധികളില്‍ ലഭ്യമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ഏറ്റവും മികച്ച രൂപമാണെങ്കിലും ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഇത് സാധാരണയായി ഉപയോഗിക്കാറില്ല. ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന സ്വര്‍ണം 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെ കുറഞ്ഞ പരിശുദ്ധിയുള്ളതാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കുറയുന്നതിനനുസരിച്ച് വില കുറയുന്നു.

അതിനാല്‍, ആഭരണങ്ങള്‍ വാങ്ങുമ്പോള്‍, നിങ്ങള്‍ ശരിയായ വില നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, പുനര്‍ വില്‍പ്പന വില സ്ഥിരീകരിക്കാന്‍ നിങ്ങളുടെ ജ്വല്ലറിയോട് ആവശ്യപ്പെടണം. പ്രത്യേകിച്ച് 18 കാരറ്റ് അല്ലെങ്കില്‍ 14 കാരറ്റ് പോലുള്ള കുറഞ്ഞ പരിശുദ്ധിയുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍. ഭാവിയില്‍ ഇവ വില്‍ക്കേണ്ടി വന്നാല്‍ ഇതിനെ കുറിച്ച് അറിയുന്നത് നല്ലതായിരിക്കും.

ബി ഐ എസ് ഹാള്‍മാര്‍ക്ക് ഇല്ലാതെ വാങ്ങരുത്

ബി ഐ എസ് ( ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ) ഹാള്‍മാര്‍ക്ക് ഇല്ലെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങരുത്. സ്വര്‍ണാഭരണത്തിലെ ബി ഐ എസ് സ്റ്റാമ്പ് സ്വര്‍ണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കുന്നു, കൂടാതെ സ്വര്‍ണ്ണത്തിന്റെ കാരറ്റിനെയും ആഭരണത്തിന്റെ പ്രായത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Take a Poll

നിബന്ധനകളും വ്യവസ്ഥകളും

അക്ഷയ തൃതീയ അടുക്കുമ്പോള്‍, നിരവധി ജ്വല്ലറികള്‍ ആകര്‍ഷകമായ കിഴിവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യും. എന്നിരുന്നാലും, ഈ കിഴിവുകള്‍ പ്രധാനമായും പണിക്കൂലികളില്‍ ആയിരിക്കും, യഥാര്‍ത്ഥ സ്വര്‍ണ്ണത്തിനല്ല. അതിനാല്‍, നിങ്ങള്‍ എന്തിനാണ് പണം നല്‍കുന്നതെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം വായിക്കണം. കൂടാതെ, റിട്ടേണ്‍, എക്‌സ്‌ചേഞ്ച് നയം മനസ്സിലാക്കാനും നിബന്ധനകളും വ്യവസ്ഥകളും നിങ്ങളെ സഹായിക്കും.

ഏപ്രില്‍ 30 നാണ് ഈ വര്‍ഷത്തെ അക്ഷയ തൃതീയ. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കുതിച്ചുയര്‍ന്ന സ്വര്‍ണവില അടുത്തിടെ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഇത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. അക്ഷയ തൃതീയയ്‌ക്കൊപ്പം കേരളത്തില്‍ വിവാഹ സീസണ്‍ കൂടി ആയതിനാല്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ ഈ ദിവസങ്ങളെ വളരെ പ്രതീക്ഷയോടെയാണ് ജ്വല്ലറി വ്യാപാരികളും ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+