നവവധുവിനെ കടന്നുപിടിച്ച് യുവാക്കള്‍; പരസ്യമായി വസ്ത്രം വലിച്ചുകീറി, ആലപ്പുഴയില്‍ സംഭവിച്ചത്...
ആലപ്പുഴ: ഒമ്പതു ദിവസം മുമ്പ് വിവാഹിതയായ യുവതിയെ പരസ്യമായി അപമാനിച്ച് യുവാക്കള്‍. നവദമ്പതികളെ തടഞ്ഞുനിര്‍ത്തി പരസ്യമായി യുവതിയുടെ വസ്ത്രം വലിച്ചുകീറുകയായിരുന്നുവെന്നാണ് പരാതി. മുതുകുളം ആറാട്ടുപുഴ വലിയഴീക്കലില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മലയാളിയുടെ മനസാക്ഷിയെ ചോദ്യം ചെയ്യുന്ന സംഭവമാണ് ദമ്പതികള്‍ നേരിട്ടത്. കടപ്പുറത്ത് വച്ച് യുവതിയെ അപമാനിക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തതിന് ശേഷം പിന്നാലെയെത്തി റോഡില്‍ വച്ചും കടന്നുപിടിച്ചുവത്രെ. വിവരങ്ങള്‍ ഇങ്ങനെ...

നാല് സ്ത്രീകളടങ്ങന്ന കുടുംബം
നാല് സ്ത്രീകളും ഒന്നര വയസുള്ള കുട്ടിയും രണ്ട് യുവാക്കളുമടങ്ങുന്ന കുടുംബമാണ് അപമാനിക്കപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. കടപ്പുറത്ത് എത്തിയപ്പോഴാണ് യുവതിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കടന്നുപിടിച്ചത്. ചോദ്യം ചെയ്ത ഭര്‍ത്താവിനെയും സഹോദരനെയും മര്‍ദ്ദിക്കുകയും ചെയ്തു.

തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ചു
യുവതിയുടെ ഭര്‍ത്താവും സഹോദരനും പൊഴിയില്‍ ചൂണ്ടയിട്ടിരുന്നു. അല്‍പ്പം അകലെ നില്‍ക്കുകയായിരുന്ന യുവതി ഭര്‍ത്താവിന്റെ അരികിലേക്ക് വരികയായിരുന്നു. ഈ സമയമാണ് യുവാക്കള്‍ തടഞ്ഞതും കടന്നുപിടിച്ചതും. യുവതിയുടെ കൈയ്യില്‍ ഒന്നര വയസുള്ള കുഞ്ഞുമുണ്ടായിരുന്നു.

സ്വര്‍ണമാല പൊട്ടിച്ചെടുത്തു
യുവതിയെ ആക്രമിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും സഹോദരനെയും നാല് പേരും ചേര്‍ന്ന് മര്‍ദ്ദിച്ചു. കുഞ്ഞിന്റെയും യുവാവിന്റെയും സ്വര്‍ണ മാല വലിച്ചുപൊട്ടിക്കുകയും ചെയ്തു. മാല തിരിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടു തന്നില്ലത്രെ. കമ്പി കൊണ്ട് യുവാവിനെ കുത്തിയെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ വസ്ത്രം വലിച്ചുകീറി
തുടര്‍ന്ന് കടപ്പുറത്ത് നിന്ന് തിരിച്ച കുടുംബത്തെ യുവാക്കള്‍ പിന്തുടര്‍ന്നെത്തി വീണ്ടും റോഡില്‍ തടഞ്ഞു. യുവാവിനെ ചിലര്‍ പിന്‍ഭാഗത്ത് നിന്ന് ബലമായി പിടിച്ചുവച്ചു. യുവതിയുടെ വസ്ത്രം വലിച്ചുകീറി. ഈ സമയം അക്രമിസംഘത്തില്‍ ആറ് പേരുണ്ടായിരുന്നുവത്രെ. യുവാവിനെ പിടിച്ചുവച്ചരും പിന്നീട് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു.

നാല് പേര്‍ അറസ്റ്റില്‍
സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ദമ്പതികള്‍ തൃക്കുന്നുപുഴ പോലീസില്‍ പരാതി നല്‍കി. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ട്പുഴ അഖില്‍ദേവ്, വലിയഴീക്കല്‍ അഖില്‍, തഴവ ശ്യാം, സഹോദന്‍ ശരത് എന്നിവരെയാണ് പിടികൂടിയത്. ഇവരെ ദമ്പതികള്‍ തിരിച്ചറിഞ്ഞു. രണ്ടുപേരെ പോലീസ് തിരയുന്നുണ്ട്.

ആരും ഇടപെട്ടില്ലത്രെ
തഴവ സ്വദേശികളായ ശ്യാമും ശരതും ബന്ധുവീട്ടില്‍ വന്നവരാണ്. പീഡനശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, പിടിച്ചുപറി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയെ കടന്നുപിടിക്കുമ്പോള്‍ ഒട്ടേറെ പേര്‍ കടപ്പുറത്തുണ്ടായിരുന്നുവത്രെ. ആരും ഇടപെട്ടില്ലെന്നും പരാതിക്കാന്‍ പറയുന്നു.












Click it and Unblock the Notifications